20 April Saturday

ബിജെപിക്കെതിരെ മുഖ്യമുന്നണി; ഫത്തേഹാബാദിൽ മഹാറാലി

എം പ്രശാന്ത്‌Updated: Monday Sep 26, 2022

മഹാറാലിയിൽ പ്രതിപക്ഷപാർടി നേതാക്കളായ സുഖ്‌ബീർ സിങ്‌ ബാദൽ, സീതാറാം യെച്ചൂരി, ശരദ് പവാർ, ഓംപ്രകാശ്‌ ചൗട്ടാല, നിതീഷ് കുമാർ, തേജസ്വി യാദവ് തുടങ്ങിയവർ ഫോട്ടോ: കെ എം വാസുദേവൻ

ഫത്തേഹാബാദ്‌ (ഹരിയാന)> കേന്ദ്രത്തിലെ ബിജെപിയുടെ ദുർഭരണം 2024ഓടെ അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിൽ മുഖ്യമുന്നണി രൂപീകരിക്കണമെന്ന്‌ ആഹ്വാനം ചെയ്‌ത്‌ ഫത്തേഹാബാദിൽ മഹാറാലി. മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ 109–-ാം ജന്മവാർഷികം മുൻനിർത്തി ഐഎൻഎൽഡി സംഘടിപ്പിച്ച റാലി പ്രതിപക്ഷ നേതാക്കളുടെ ഐക്യപ്രഖ്യാപനവേദിയായി.

ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്‌, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷന്‍ ശരദ്‌ പവാർ, അകാലിദൾ നേതാവും പഞ്ചാബ്‌ മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിങ്‌ ബാദൽ, ഐഎൻഎൽഡി നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഓംപ്രകാശ്‌ ചൗട്ടാല  തുടങ്ങിയവർ അണിനിരന്നു.

ഫത്തേഹാബാദിൽ തുടക്കം കുറിക്കുന്നത്‌ മൂന്നാം മുന്നണിക്കല്ല ബിജെപിക്കെതിരായ മുഖ്യമുന്നണിക്കാണെന്ന്‌ നിതീഷ്‌ കുമാർ പ്രഖ്യാപിച്ചു. കോൺഗ്രസ്‌ അടക്കം മുന്നണിയുടെ ഭാഗമാകണം. ജനാധിപത്യത്തെ ചവിട്ടിമെതിച്ചുള്ള ബിജെപിയുടെ ദുർഭരണം അവസാനിപ്പിക്കുക മാത്രമാണ്‌ ലക്ഷ്യം–- നിതീഷ്‌ നയം വ്യക്തമാക്കി. ബിജെപിയുടെ അക്കൗണ്ട് പൂട്ടിയ കേരളത്തിന്റെ മാതൃക എല്ലാ സംസ്ഥാനങ്ങളിലും ആവർത്തിക്കണമെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു. വർഗീയശക്തികളെ ദുർബലപ്പെടുത്താനുള്ള ഏത്‌ പോരാട്ടത്തിലും ചെങ്കൊടി ഒപ്പമുണ്ടാകും–- യെച്ചൂരി പറഞ്ഞു.  2024ൽ ബിജെപിയെ പുറത്താക്കുമെന്ന് തേജസ്വി യാദവ്‌ പറഞ്ഞു. ബിജെപിക്കെതിരായി കൂടുതൽ പാർടികൾ കൈകോർക്കണമെന്ന് ശരദ് പവാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top