29 March Friday
ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസിയുടെ ക്യാഷ്‌ 
 പേയ്‌മെന്റ്‌ ആപ്പാണ്‌ ബ്ലോക്ക്‌

ബ്ലോക്ക്‌ കണക്ക്‌ 
പെരുപ്പിച്ച്‌ പണം തട്ടി ; വീണ്ടും ഹിൻഡൻബർഗ്‌ വെളിപ്പെടുത്തൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

 

ന്യൂഡൽഹി
ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി സ്ഥാപിച്ച  ക്യാഷ്‌ പേയ്‌മെന്റ്‌ ആപ്പായ ബ്ലോക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ്‌ റിസർച്ച്‌. അദാനി ഗ്രൂപ്പിനെതിരായ വിവാദ വെളിപ്പെടുത്തലിന്‌ പിന്നാലെയാണ്‌ അമേരിക്ക ആസ്ഥാനമായ കമ്പനിക്കെതിരായ വെളിപ്പെടുത്തൽ.
കണക്ക്‌ പെരുപ്പിച്ച്‌ കാട്ടി ഉപഭോക്താക്കളെയും അമേരിക്കൻ സർക്കാരിനെയും കമ്പനി വഞ്ചിച്ചെന്നും അനധികൃത മാർഗത്തിലൂടെ വൻ തുക സമ്പാദിച്ചെന്നുമാണ്‌ ആരോപണം. ഡോർസി സ്വന്തം ആസ്‌തിയായി  കുറഞ്ഞത്‌ 500 കോടി ഡോളർ  കൂട്ടിച്ചേർത്തെന്ന്‌ വ്യാഴാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 40,000 കോടി ഡോളറാണ്‌ ബ്ലോക്കിന്റെ വിപണിമൂല്യം. റിപ്പോർട്ടിന്‌ പിന്നാലെ വിപണിമൂല്യം 18 ശതമാനം കൂപ്പുകുത്തി.

ബാങ്കിങ് ഇടപാടുകൾ നടത്താത്തവരെയും കുറഞ്ഞതോതിൽ നടത്തുന്നവരെയും സാമ്പത്തികമായി ശാക്തീകരിക്കാൻ ‘അത്ഭുത’  സാങ്കേതിക വിദ്യയെന്ന നിലയിലാണ്‌ ബ്ലോക്ക്‌ ആപ്പ്‌  പ്രചാരം നേടിയത്‌.  ഡോർസിയുടെ പേരിലും ശതകോടീശ്വരൻ ഇലോൺ മസ്‌ക്‌, മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തുടങ്ങിയവരുടെ പേരിലുമടക്കം വൻ തോതിൽ വ്യാജ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടും നടന്നതായും റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പ്‌ ഉറപ്പാക്കാൻ ട്രംപിന്റെ പേരിൽ അപേക്ഷിച്ച കാഷ്‌ കാർഡ്‌ വരെ ഹിൻഡൻബർഗിന്‌ ലഭിച്ചു. അമേരിക്കൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിലും തട്ടിപ്പുനടന്നു. കോവിഡ്‌ ആഞ്ഞടിച്ച 18 മാസത്തിൽ  ബ്ലോക്കിന്റെ ഓഹരി മൂല്യം 639 മടങ്ങ്‌ വർധിച്ചിരുന്നു. ഹിൻഡൻബർഗിന്റെ രണ്ടുവർഷം നീണ്ട അന്വേഷണത്തിനിടെ മുൻ ജീവനക്കാരുമായും  അഭിമുഖം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top