28 January Saturday

ഹിമാചൽ പ്രദേശ് 
ബിജെപിക്കുള്ള 
മുന്നറിയിപ്പ്‌ ; ‘മോദി പ്രഭാവ’വും പണാധിപത്യവും കടപുഴകി

സ്വന്തം ലേഖകൻUpdated: Thursday Dec 8, 2022


ന്യൂഡൽഹി
പ്രതിപക്ഷമാകെ ജനകീയ വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പിനെ സമീപിച്ചാൽ ‘മോദി പ്രഭാവ’വും ബിജെപിയുടെ പണാധിപത്യവും അധികാരഹുങ്കുമെല്ലാം കടപുഴകുമെന്ന്‌ ഹിമാചൽ ഫലം തെളിയിക്കുന്നു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയും യുപി അടക്കം അഞ്ചു സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങളും നൽകുന്നതും ഇതേ സന്ദേശം.

ഹിമാചലിൽ അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുന്ന പ്രവണതയ്‌ക്ക്‌ അറുതിവരുത്താനായിരുന്നു ബിജെപി ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്‌ പ്രചാരണം നയിച്ചത്‌. പ്രധാന പാതകളിലും പട്ടണങ്ങളിലുമെല്ലാം മോദിയുടെ കൂറ്റൻ ചിത്രങ്ങളോടുകൂടിയ പരസ്യബോർഡുകൾ നിരന്നു. ഒപ്പം ഏകീകൃത സിവിൽകോഡ്‌, കശ്‌മീർ വിഷയം, അയോധ്യയിലെ അമ്പലംപണി തുടങ്ങിയ വർഗീയവിഷയങ്ങളുമുയർത്തി.

എന്നാൽ, താഴെത്തട്ടിൽ ജനവികാരം വ്യത്യസ്‌തമായിരുന്നു. ആപ്പിൾ കർഷകരുടെ പ്രതിസന്ധി, പഴയ പെൻഷൻ പദ്ധതിയെന്ന ജീവനക്കാരുടെ ആവശ്യം, അഗ്നിവീർ പദ്ധതിയോടുള്ള യുവാക്കളുടെ എതിർപ്പ്‌, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസമേഖലകളിലെ പശ്ചാത്തലസൗകര്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ അലംഭാവം, ജലവിതരണ പദ്ധതിയും മറ്റും സ്വകാര്യവൽക്കരിക്കൽ തുടങ്ങിയ വിഷയങ്ങൾ കടുത്ത സർക്കാർവിരുദ്ധ വികാരം സൃഷ്ടിച്ചു.

പ്രചാരണത്തിൽ ബിജെപിക്കൊപ്പം എത്താനായില്ലെങ്കിലും മുഖ്യപ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിന്‌ ജനവികാരം അനുകൂല ഘടകമായി. ന്യൂനപക്ഷങ്ങൾ തീരെ കുറഞ്ഞ സംസ്ഥാനമായതിനാൽത്തന്നെ വർഗീയ ധ്രുവീകരണമെന്ന ബിജെപിയുടെ പതിവ്‌ തന്ത്രം ഏശിയതുമില്ല. 21 മണ്ഡലത്തിലെ വിമതസാന്നിധ്യവും മുതിർന്ന നേതാവ്‌ പ്രേംകുമാർ ധൂമലിനോട്‌ നേതൃത്വം കാട്ടിയ അവഗണനയുമെല്ലാം ബിജെപിയുടെ സ്ഥിതി കൂടുതൽ മോശമാക്കി.

ബിജെപിയിൽ പോര്‌
ഹിമാചൽപ്രദേശിൽ ബിജെപി പരാജയപ്പെട്ടതിനെ തുടർന്ന്‌ ദേശീയ പ്രസിഡന്റ്‌ ജെ പി നദ്ദയ്‌ക്കും കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂറിനുമെതിരെ സമൂഹമാധ്യമങ്ങൾ വഴി  ബിജെപി പ്രവർത്തകരുടെ ആക്രമണം. ഇരുവരും സ്ഥാനാർഥികളെ പങ്കിട്ടെടുത്തെന്നും സംസ്ഥാനഭരണം നഷ്ടപ്പെടുത്തിയെന്നും പ്രവർത്തകർ ആരോപിച്ചു.

ഹിമാചൽ മുഖ്യമന്ത്രി രാജിവച്ചു
ഹിമാചലിൽ ബിജെപി തോൽവി ഉറപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ ഗവർണർക്ക്‌ രാജി സമർപ്പിച്ചു. തോൽവി അംഗീകരിക്കുന്നതായി ഠാക്കൂർ പ്രതികരിച്ചു.  തോൽവി പരിശോധിക്കും. ചില വിഷയങ്ങൾ തിരിച്ചടിയായി–- താക്കൂർ പറഞ്ഞു.  സിറാജിൽ മണ്ഡലത്തിൽനിന്ന്‌ താക്കൂർ ജയിച്ചിരുന്നു. ഗുജറാത്തിൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതലക്കാരനായ രഘു ശർമ രാജിവച്ചു.  തോൽവി പരിശോധിക്കാൻ വൈകാതെ യോഗം ചേരുമെന്ന്‌ പിസിസി പ്രസിഡന്റ്‌ ജഗദീഷ്‌ താക്കൂർ അറിയിച്ചു. എഎപിയും എഐഎംഐഎമ്മും കോൺഗ്രസ്‌ വോട്ട്‌ പിളർത്തിയിട്ടുണ്ട്‌. ഇതെല്ലാം വിശദമായി വിലയിരുത്തും–- ജഗദീഷ്‌ താക്കൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top