29 March Friday
അവസാനമാകുന്നത്‌ 10 മാസത്തെ കാത്തിരിപ്പിന്‌

നൈജീരിയയിൽ തടവിലായവർക്ക്‌ മോചനം; കപ്പൽ പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

വി വിജിത്, മിൽട്ടൺ ഡിക്കോത്ത, സനു ജോസഫ്‌ എന്നിവർ കപ്പലിൽ


കൊച്ചി
നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽജീവനക്കാർക്ക്‌ പത്തുമാസത്തിനുശേഷം മോചനം. നൈജീരിയൻ നാവികസേന ശനിയാഴ്‌ച കപ്പലിൽനിന്ന്‌ പിൻവാങ്ങി. ജീവനക്കാരുടെ പാസ്‌പോർട്ടും മൊബൈൽ ഫോണുകളും തിരികെനൽകി. കപ്പൽ ഞായർ പുലർച്ചെ ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ ടൗൺ തുറമുഖത്തേക്ക്‌ പുറപ്പെട്ടു. ജീവനക്കാർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വീടുകളിലെത്തും. 

കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസർ കടവന്ത്രയിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി സനു ജോസഫ്‌, കൊല്ലം സ്വദേശി വി വിജിത് എന്നിവരാണ്‌ കപ്പലിലുള്ള മലയാളികൾ. 26 ജീവനക്കാരിൽ മലയാളികളുൾപ്പെടെ 16 ഇന്ത്യക്കാരുണ്ട്‌. തടവിലായി പത്തുമാസത്തിനുശേഷമാണ്‌ മോചനം സാധ്യമായത്‌. കപ്പൽ പുറപ്പെട്ടതായി മൂന്നുപേരും സംസാരിക്കുന്ന വീഡിയോ ബന്ധുക്കൾക്ക്‌ ലഭിച്ചു.

കേപ്പ്‌ ടൗണിലെത്താൻ 10 ദിവസമെടുക്കും. തടവിലായവരുടെ മെഡിക്കൽ പരിശോധന ഇവിടെ നടത്തും. ഇതിനുശേഷം ജീവനക്കാർ വിമാനത്തിൽ സ്വന്തം നാടുകളിലേക്ക്‌ മടങ്ങും. മൂന്നുദിവസത്തിനകം കേപ്പ്‌ ടൗണിൽനിന്ന്‌ എല്ലാവർക്കും വീടുകളിൽ എത്താനാകുമെന്നാണ്‌ കപ്പൽക്കമ്പനി അധികൃതർ അറിയിച്ചതെന്ന്‌ മിൽട്ടന്റെയും സനുവിന്റെയും ബന്ധുക്കൾ പറഞ്ഞു.

ജീവനക്കാരെ മോചിപ്പിക്കുന്നതിനുള്ള പിഴത്തുക കപ്പൽക്കമ്പനി നൈജീരിയൻ കോടതിയിൽ അടച്ചതിനെ തുടർന്നാണ്‌ നടപടികൾ വേഗത്തിലായത്‌. നൈജീരിയൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ മോചനം സാധ്യമായി. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്‌സും ചേർന്ന്‌ നടത്തിയ ഇടപെടലുകൾ നടപടികൾ വേഗത്തിലാക്കി.

എംടി ഹീറോയിക് ഐഡുൻ എന്ന നെതർലൻഡ്‌സ്‌ കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 2022 ആഗസ്‌ത്‌ ഒമ്പതിന്‌ ഇക്വിറ്റോറിയൽ ഗിനിയിലെ സേന തടഞ്ഞത്. ഗിനി സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല. ഈ സമയം കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയ രംഗത്തുവരികയും കപ്പലിനെയും നാവികരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top