27 April Saturday

രോഹിൻഗ്യന്‍ മുസ്ലിങ്ങൾക്ക്‌ ഫ്ലാറ്റ്‌ ; കേന്ദ്രമന്ത്രിയെ തള്ളി 
ആഭ്യന്തരമന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ന്യൂഡൽഹി
ആഭ്യന്തരയുദ്ധത്തിൽനിന്നടക്കം രക്ഷതേടി ഇന്ത്യയിലെത്തിയ രോഹിൻഗ്യൻ മുസ്ലിങ്ങൾക്ക്‌ ഫ്ലാറ്റ്‌ നൽകുമെന്ന കേന്ദ്രമന്ത്രി ഹർദീപ് സിങ്‌ പുരിയുടെ പ്രഖ്യാപനം തള്ളി ആഭ്യന്തരമന്ത്രാലയം. മന്ത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്തടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്ത്‌ വന്നതോടെയാണ്‌ ആഭ്യന്തരമന്ത്രാലയം പുരിയെ തള്ളിയത്‌. അനധികൃത വിദേശികളെ തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിക്കുമെന്നും നിലവിലെ സ്ഥലം തടങ്കൽകേന്ദ്രമായി പ്രഖ്യാപിക്കാൻ ഡൽഹി സർക്കാരിനോട് നിർദേശിച്ചതായും മന്ത്രാലയം അറിയിച്ചു. ഇവരെ നാട്‌ കടത്താൻ നടപടി സ്വീകരിക്കുകയാണ്‌. അതേമസയം, കശ്‌മീരി പണ്ഡിറ്റുകൾക്കും പാകിസ്ഥാനിൽനിന്ന്‌ വന്ന ഹിന്ദുക്കൾക്കും ഫ്ലാറ്റ്‌ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. 

ബുധൻ രാവിലെയാണ്‌ കേന്ദ്ര ഭവനനിർമാണമന്ത്രി 1100 രോഹിൻഗ്യകൾക്ക്‌ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ബക്കർവാല ഏരിയയിൽ ഫ്ലാറ്റ്‌ നൽകുമെന്ന്‌ അറിയിച്ചത്‌. അടിസ്ഥാന സൗകര്യങ്ങൾക്കു പുറമെ യുഎൻ തിരിച്ചറിയൽ കാർഡും സുരക്ഷയും ഏർപ്പെടുത്തുമെന്നും ഇത്‌ നിർണായക വഴിത്തിരിവാണെന്നുമായിരുന്നു ട്വീറ്റ്‌. ഈ മാസം പത്തിന്‌ അഭയാർഥികളായി രോഹിൻഗ്യൻ മുസ്ലിങ്ങളെ അംഗീകരിക്കില്ലെന്ന്‌ അമിത്‌ ഷാ പാർലമെന്റിനെ അറിയിച്ചിരുന്നു.

മനുഷ്യത്വവിരുദ്ധം: 
സിപിഐ എം
രോഹിൻഗ്യൻ അഭയാർഥികൾക്ക്‌ നേർക്കുള്ള കേന്ദ്രനിലപാടിനെ സിപിഐ എം വിമർശിച്ചു. മനുഷ്യത്വത്തിനും യുഎൻ മനുഷ്യാവകാശ നിയമങ്ങൾക്കും വിരുദ്ധമായ നിലപാടാണ് ഇത്‌.  കേന്ദ്രമന്ത്രിയുടെ നിലപാടിന്‌ കടകവിരുദ്ധമായി അമിത്‌ ഷാ പ്രസ്‌താവന ഇറക്കിയതിനെ സിപിഐ എം പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top