25 April Thursday

ശിവലിംഗം കണ്ടെന്ന്‌ സംഘപരിവാർ ; ജ്ഞാൻവ്യാപി മസ്‌ജിദ്‌ അടച്ചുപൂട്ടി ; മറ്റൊരു ബാബ്റി പള്ളിയാക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


ന്യൂഡൽഹി
ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ച്‌ ഉത്തർപ്രദേശിലെ വാരാണസി ജ്ഞാൻവ്യാപി മസ്‌ജിദിന്റെ പേരിലും സംഘപരിവാർ കലാപ ശ്രമം.  ഇതേതുടർന്ന്‌ മസ്‌ജിദും പരിസരവും സീൽവച്ച്‌ സിആർപിഎഫ്‌ സുരക്ഷയൊരുക്കാൻ വാരാണസി ജില്ലാ കോടതി ഉത്തരവിട്ടു. മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത്‌ തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നതുമായി ബന്ധപ്പെട്ട്‌ സർവ്വെ തുടരവെയാണ്‌ കോടതിയോ കമിഷനോ തീർപ്പുകൽപ്പിക്കാതെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ചില ഹിന്ദു സംഘടനകൾ രംഗത്തുവന്നത്‌. പള്ളിവളപ്പിലെ കുളത്തിൽ ശിവലിംഗം കണ്ടെത്തിയതെന്ന്‌ ഹർജിക്കാരുടെ അഭിഭാഷകൻ മദൻമോഹൻ യാദവാണ്‌ അവകാശപ്പെട്ടത്‌. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ്‌ ലാക്കാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ജ്ഞാൻവ്യാപി മസ്‌ജിദിനെ മറ്റൊരു ബാബ്റിപള്ളിയാക്കാനുള്ള ശ്രമമാണിതെന്ന്‌  ആരോപണമുയർന്നു. എത്ര മറച്ചുവച്ചാലും സത്യം പുറത്തുവരുമെന്നും നിലവിലെ സംഭവവികാസം സ്വാഗതംചെയ്യുന്നുവെന്നുമുള്ള യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രസ്‌താവന സംഘപരിവാറിന്റെ ലക്ഷ്യം വെളിപ്പെടുത്തുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ജ്ഞാൻവ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത്‌ തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കാനും ആവശ്യപ്പെട്ട്‌ അഞ്ച്‌ ഹിന്ദു സ്‌ത്രീകളാണ്‌ ഹർജി നൽകിയത്‌. തുടർന്ന്‌ കോടതി നിയമിച്ച അഭിഭാഷക കമീഷണറുടെ നേതൃത്വത്തിൽ രണ്ട്‌ ദിവസമായി വീഡിയോ സർവേ നടക്കുകയാണ്‌.

സർവേയുടെ  മൂന്നാം ദിവസമായ തിങ്കളാഴ്‌ച രാവിലെയാണ്‌ ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടത്‌. കമീഷനിലെ ഒരംഗവും ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്‌ച കമീഷണർ റിപ്പോർട്ട്‌ കോടതിയിൽ നൽകും. 

മസ്‌ജിദിനുള്ളിലെ കുളം വറ്റിച്ചപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ്‌ അവകാശവാദം. എന്നാൽ, ഇത്‌ ഉറവയാണെന്നും ശിവലിംഗമല്ലെന്നും മസ്‌ജിദ്‌ കമ്മറ്റി പറഞ്ഞു. നിലവിൽ വർഷത്തിലൊരിക്കൽ ഇവിടെ ഹിന്ദുവിഭാഗം ആരാധന നടത്താറുണ്ട്‌. സർവേക്കെതിരായ ഹർജി അലഹബാദ്‌ ഹൈക്കോടതി തള്ളിയിരുന്നു. സാമുദായിക സൗഹാർദം തകർക്കാനുള്ള നീക്കമാണിതെന്നും സർവേ തടയണമെന്നും ആവശ്യപ്പെട്ട്‌ പള്ളിക്കമ്മിറ്റി നൽകിയ ഹർജി ചൊവ്വാഴ്‌ച സുപ്രീംകോടതിയിൽ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ പരിഗണിക്കും. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരാധനാലയങ്ങൾ ഏതുസ്ഥിതിയിലാണോ അതു തുടരണമെന്ന  1991ലെ ആരാധനാലയ ഉടമസ്ഥാവകാശ നിയമത്തിനു വിരുദ്ധമാണ് സർവേയെന്നാണ്‌ മസ്‌ജിദ്‌ കമ്മറ്റിയുടെ വാദം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top