20 April Saturday

ജ്ഞാൻവാപി സർവേ റിപ്പോര്‍ട്ടുകള്‍ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


ന്യൂഡൽഹി
വാരാണസി ജ്ഞാൻവാപി മസ്ജിദിലെ സർവേ വിവരങ്ങൾ ഉൾക്കൊള്ളുന്ന രണ്ടു റിപ്പോർട്ട്‌ ജില്ലാകോടതിയിൽ സമർപ്പിച്ചു. പുറത്താക്കപ്പെട്ട സർവേ കമീഷണർ അജയ്‌ മിശ്ര നടത്തിയ ആദ്യ രണ്ടു ദിവസത്തെ സർവേയുടെയും അതിനുശേഷം നിയമിതനായ വിശാൽസിങ്ങിന്റെ നേതൃത്വത്തിൽ മൂന്നുദിവസം ശേഖരിച്ച വിവരങ്ങളുമാണ് മുദ്രവച്ച കവറിൽ സമർപ്പിച്ചത്‌. ദൃശ്യങ്ങളും ചിത്രങ്ങളുമടങ്ങിയ പെൻഡ്രൈവും ജഡ്‌ജി രവികുമാർ ദിവാകർക്ക്‌ കെെമാറി.പള്ളിയിലെ കുളത്തിൽ താഴികക്കുടംപോലുള്ള ഭാഗം കണ്ടെന്ന്‌ മാധ്യമങ്ങളോട് പ്രതികരിച്ച അജയ്‌ മിശ്ര സമർപ്പിച്ച റിപ്പോർട്ടിൽ ഈ വിവരമില്ല. എന്നാല്‍ വിശാൽ സിങ്ങിന്റെ റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്.

ഇതാണ്‌ ശിവലിംഗമാണെന്ന്‌ സംഘപരിവാർ പ്രചരിപ്പിച്ചത്‌. എന്നാൽ, കുളത്തിലെ ഫൗണ്ടനാണ് ഇത്തരത്തിൽ തെറ്റിദ്ധരിച്ചതെന്നുള്ള പള്ളിക്കമ്മിറ്റിയുടെ വാദത്തിന്‌ ശക്തിപകരുന്നതാണ്‌ റിപ്പോർട്ട്. അതേസമയം, സംഘപരിവാര്‍ സംഘടനകളുടെ അതേ വാദമുയര്‍ത്തുന്ന ചില പരാമര്‍ശങ്ങള്‍ ഇരു റിപ്പോര്‍ട്ടിലുമുണ്ട്. പുതിയ സർവേ നടത്തണമെന്ന് സംഘപരിവാര്‍ പിന്തുണയുള്ള ഹർജിക്കാര്‍ ആവശ്യപ്പെട്ടു.

ഇടപെട്ട് സുപ്രീംകോടതി
ജ്ഞാൻവാപി മസ്‌ജിദുമായി ബന്ധപ്പെട്ട ഹർജിയിൽ ഒരു ദിവസത്തേക്ക് വാദം കേൾക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ വാരാണസി ജില്ലാ കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.അതിനാല്‍ വ്യാഴാഴ്‌ച ജില്ലാകോടതി കേസ്‌ പരിഗണിച്ചില്ല. ഇനി 23ന് പരിഗണിക്കും.
നിലവിൽ നിസ്‌കാരം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്‌ വിരുദ്ധമായി ഒരു നിർദേശവും ഉണ്ടാകാൻ പാടില്ലെന്ന കർശന നിർദേശവും ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ നല്‍കിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top