01 October Sunday
വോട്ടുനില 27.3 ശതമാനത്തിലേക്ക്‌ ഇടിഞ്ഞുതാണു , ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലങ്ങളും കൈവിട്ടു

ന്യൂനപക്ഷവും ‘കൈ’വിട്ടു ; കോൺഗ്രസിനെ തൂത്തുവാരി ബിജെപിയുടെ തേർവാഴ്‌ച

എം പ്രശാന്ത്‌Updated: Thursday Dec 8, 2022


ന്യൂഡൽഹി
കോൺഗ്രസിനെ തൂത്തുവാരി ഗുജറാത്തിൽ ബിജെപിയുടെ തേർവാഴ്‌ച. ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലങ്ങളും കോൺഗ്രസിനെ തീർത്തും കൈവിട്ടു. ന്യൂനപക്ഷ സാന്നിധ്യം കൂടുതലായുള്ള 17ൽ 12 ഇടത്തും ജയിച്ചത് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ 11 ഉം കോൺഗ്രസിനൊപ്പമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ 41.1ൽനിന്ന്‌ കോൺഗ്രസിന്റെ വോട്ടുനില 27.3 ശതമാനത്തിലേക്ക്‌ ഇടിഞ്ഞു. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്‌ സംസ്ഥാനത്ത്‌ 17 സീറ്റിലേക്കു ചുരുങ്ങി. ബിജെപിക്ക്‌ വെല്ലുവിളിയാകുമെന്ന്‌ അവകാശപ്പെട്ട ആംആദ്‌മി പാർടി നേടിയത് അഞ്ചു സീറ്റ്.

വെല്ലുവിളികളില്ലാതെ ഏകപക്ഷീയമായി കുതിച്ച ബിജെപി 156 സീറ്റോടെ റെക്കോഡ്‌ വിജയം നേടി. 1985ൽ 149 സീറ്റോടെ കോൺഗ്രസ്‌ നേടിയ വിജയത്തെയാണ്‌ ബിജെപി മറികടന്നത്‌. 2002ലെ വംശഹത്യക്ക്‌ പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ 127 സീറ്റ്‌ നേടിയതായിരുന്നു ബിജെപിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 2002നു ശേഷമുള്ള തെരഞ്ഞെടുപ്പുകളിലാകട്ടെ ബിജെപിക്ക്‌ സീറ്റ്‌ കുറഞ്ഞു. 2007ൽ 117, 2012ൽ 115, 2017ൽ 99 എന്നിങ്ങനെയായി സീറ്റുനില. എന്നാൽ, ഇക്കുറി കോൺഗ്രസ്‌ ആയുധം വച്ച്‌ കീഴടങ്ങിയപ്പോള്‍ ബിജെപി അധികമായി പിടിച്ചത് 57 സീറ്റ്. ബിജെപി 52.5 ശതമാനം വോട്ടുനേടിയപ്പോൾ എഎപി 12.9 ശതമാനം പിടിച്ചു. പ്രതിപക്ഷ വോട്ടുകൾ കോൺഗ്രസിലും എഎപിയിലുമായി ഭിന്നിച്ചതും ബിജെപിക്ക്‌ ജയം എളുപ്പമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ കച്ച്‌–-സൗരാഷ്ട്രയിലും വടക്കൻ ഗുജറാത്തിലുമടക്കം കോൺഗ്രസ്‌ തകർന്നടിഞ്ഞു. നഗരങ്ങളിൽ തരംഗം പ്രതീക്ഷിച്ച എഎപിക്ക്‌, അർധനഗര–- ഗ്രാമീണ മണ്ഡലങ്ങളിലാണ്‌ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാനായത്‌. പൊതുവിൽ ഗ്രാമങ്ങളിൽ കരുത്ത്‌ കാട്ടാറുള്ള കോൺഗ്രസിന്‌ ഇതും തിരിച്ചടിയായി.

അലംഭാവത്തിന്‌ 
നൽകിയ വില
ഗുജറാത്ത്‌ തെരഞ്ഞെടുപ്പിനെ തികഞ്ഞ അലംഭാവത്തോടെ സമീപിച്ചതിന്റെ തിക്തഫലമാണ്‌ കോൺഗ്രസ്‌ നേരിടുന്നത്. കോൺഗ്രസിന്‌ സമീപകാലംവരെ ശക്തമായ സംഘടനാസംവിധാനമുണ്ടായിരുന്ന സംസ്ഥാനത്താണ്‌ ദാരുണമായ തകർച്ച. കൈപ്പത്തി ചിഹ്‌നത്തിൽ ജയിച്ചവർ ഒന്നൊന്നായി ബിജെപി പാളയത്തിൽ ചേക്കേറുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ്‌ നേതൃത്വം ഒന്നും ചെയ്‌തില്ല.

ഭാരത്‌ ജോഡോ യാത്ര വിജയിപ്പിക്കുന്നതിലായിരുന്നു നേതൃത്വത്തിന്റെ ശ്രദ്ധ. ആർഎസ്‌എസിന്റെ വർഗീയതയെ ചെറുക്കാനെന്ന പേരിൽ സംഘടിപ്പിച്ച യാത്ര സംഘപരിവാർ പരീക്ഷണശാലയായ ഗുജറാത്തിലേക്ക്‌ കടന്നില്ല. ഗുജറാത്തിൽ രാഹുൽ പ്രചാരണത്തിന്‌ എത്തിയത്‌ ഒരു ദിവസംമാത്രം.  മോദി മുപ്പതിലേറെ റാലികളിൽ പങ്കെടുത്തു. അമിത്‌ ഷാ രണ്ടുമാസം സംസ്ഥാനം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു. ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തി. പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും ചുരുക്കം ദിവസങ്ങളിലാണ്‌ എത്തിയത്‌. രമേശ്‌ ചെന്നിത്തല അടക്കമുള്ളവരാണ്‌ താരപ്രചാരകരായി രംഗത്തെത്തിയത്‌. സംസ്ഥാനത്ത്‌ തുടക്കക്കാരായിട്ടും എഎപിക്കായി അരവിന്ദ് കെജ്‌രിവാൾ അടക്കം മുതിർന്ന നേതാക്കൾ പ്രചാരണത്തിൽ സജീവമായി.

മോർബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്‌മ, കാലിവളർത്തലുകാരും കർഷകരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, കോവിഡും മറ്റും തകർത്തെറിഞ്ഞ ചെറുകിട വ്യവസായമേഖലയുടെ ദുരവസ്ഥ, സ്‌കൂളുകളും ആശുപത്രികളും അടക്കമുള്ള പശ്‌ചാത്തലസൗകര്യ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളാണ്‌ കോൺഗ്രസ്‌ കാണാതെ പോയത്‌.

കോൺഗ്രസിന്‌ ഗുജറാത്തിൽ 
38 ലക്ഷം വോട്ട്‌ പോയി
ഗുജറാത്തിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ കോൺഗ്രസിന്‌ നഷ്ടമായത്‌ 38 ലക്ഷത്തോളം വോട്ട്‌. 2017ലെ തെരഞ്ഞെടുപ്പിൽ 1.24 കോടി വോട്ട്‌ കോൺഗ്രസ്‌ നേടിയിരുന്നു. ഇത്‌ 86.84 ലക്ഷമായി. എഎപി 41.12 ലക്ഷം വോട്ട്‌ നേടി. എന്നാൽ, സീറ്റുകൾ കൂടിയിട്ടും ബിജെപി വോട്ടുകളുടെ എണ്ണത്തിൽ 19.8 ലക്ഷത്തിന്റെ വർധന മാത്രമാണുണ്ടായത്‌. 60 ലക്ഷം പുതിയ വോട്ടർമാരുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top