29 March Friday
ഹൈക്കോടതി റദ്ദാക്കിയത് കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവ്

മോദി ഡി​ഗ്രിരേഖ 
കാണിക്കേണ്ട ; ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവ് ; വിവരം തേടിയ കെജ്‌രിവാളിന്‌ 
കാല്‍ലക്ഷം രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


ന്യൂഡൽഹി
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസരേഖകൾ വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവ്‌ റദ്ദാക്കി ഗുജറാത്ത്‌ ഹൈക്കോടതി. നരേന്ദ്ര മോദിയുടെ ബിരുദ രേഖകളുടെ പകര്‍പ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ കൈമാറാനായിരുന്നു കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവ്‌. ഇതിനെതിരെ ഗുജറാത്ത്‌ സർവകലാശാല നൽകിയ അപ്പീൽ ജസ്റ്റിസ്‌ ബിരേൻ വൈഷ്‌ണവിന്റെ ബെഞ്ച്‌ അനുവദിച്ചു. അതോടൊപ്പം, ബിരുദരേഖ ആവശ്യപ്പെട്ട അരവിന്ദ്‌ കെജ്‌രിവാളിന്‌ 25,000 രൂപ പിഴയും ചുമത്തി. പിഴത്തുക നാലാഴ്‌ചയ്‌ക്കുള്ളിൽ ഗുജറാത്ത്‌ ലീഗൽ സർവീസസ്‌ സൊസൈറ്റിയിൽ അടയ്‌ക്കണം.

കേന്ദ്ര വിവരാവകാശ കമീഷണറായിരുന്ന ഡോ. ശ്രീധർ ആചാര്യലു സ്വമേധയാ  പ്രധാനമന്ത്രിയുടെ ബിരുദരേഖകൾ കൈമാറാൻ  ഉത്തരവിടുകയായിരുന്നു.  കെജ്‌രിവാളിന്റെ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട കേസ്‌ വിവരാവകാശ കമീഷന്‌ മുന്നിലുണ്ടായിരുന്നു.  ഈ സമയത്ത്‌ വിവരാവകമീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ അരവിന്ദ്‌ കെജ്‌രിവാൾ കമീഷന്‌ കത്തയച്ചു. തന്റെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ തയ്യാറാണ്‌. എന്നാൽ, പ്രധാനമന്ത്രിയുടെ ബിരുദരേഖകൾ തനിക്ക്‌ നൽകാൻ നിർദേശം നൽകാൻ ധൈര്യമുണ്ടോയെന്നും കെജ്‌രിവാൾ കത്തിൽ ചോദിച്ചു. ഈ കത്ത്‌ വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയായി പരിഗണിച്ചാണ്‌ പ്രധാനമന്ത്രിയുടെ ബിരുദരേഖകൾ കൈമാറാൻ കേന്ദ്ര വിവരാവകാശകമീഷണർ നിർദേശം പുറപ്പെടുവിച്ചത്‌–- എന്ന് സർവകലാശാല വാദിച്ചു.

ബിരുദരേഖകൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കൈവശം വച്ചിട്ടുള്ള സൂക്ഷിപ്പുകാരന്റെ റോൾ മാത്രമാണ്‌ സർവകലാശാലക്കുള്ളത്‌. ഈ സാഹചര്യത്തിൽ, വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിൽ വിവരങ്ങൾ കൈമാറാൻ പറ്റില്ലെന്ന വാദവും ഗുജറാത്ത്‌ സർവകലാശാല ഉന്നയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയാണ്‌  സർവകലാശാലക്ക്‌ വേണ്ടി ഹാജരായത്‌.

അതറിയാന്‍ രാജ്യത്തിന്
 അവകാശമില്ലേ : കെജ്‌രിവാള്‍
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോ​ഗ്യതയെ കുറിച്ച് അറിയാന്‍ രാജ്യത്തിന് അവകാശമില്ലേയെന്ന് കെജ്‌രിവാള്‍ കോടതിവിധി വന്നശേഷം ട്വിറ്ററില്‍ പ്രതികരിച്ചു. "ബിരുദസര്‍ട്ടിഫിക്കറ്റ് പരസ്യമക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് അദ്ദേഹം. എന്തിനാണത്? സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് പിഴയിട്ടിരിക്കുന്നു. എന്താണിവിടെ സംഭവിക്കുന്നത്? നിരക്ഷരനോ മതിയായ വിദ്യാഭ്യാസം ലഭിക്കാത്തയാളോ പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് അപകടമാണ്'– കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top