24 April Wednesday

പാക്ക് ചെയ്‌ത ഭക്ഷണസാധനങ്ങൾക്ക്‌ വില കൂടും ; ജിഎസ്‌ടി കൊള്ളയ്‌ക്ക്‌ കേന്ദ്രം

ജി രാജേഷ്‌ കുമാർUpdated: Thursday Jun 23, 2022


തിരുവനന്തപുരം
ബ്രഡ്‌ അടക്കമുള്ള പാക്ക് ചെയ്‌ത ഭക്ഷണസാധനങ്ങൾക്ക്‌ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താൻ കേന്ദ്ര നിർദേശം.  കോഴി, മീൻ , കാലി തീറ്റകൾക്ക്‌ അഞ്ചു ശതമാനവും ലഹരിരഹിത തെങ്ങിൻനീര, പനംനീര എന്നിവയ്‌ക്ക്‌ 12 ശതമാനവും നികുതി നിർദേശമുണ്ട്‌. 28നും 29നും ചണ്ഡീഗഢിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം ഈ നിർദേശങ്ങൾ പരിഗണിക്കും.   ധാന്യങ്ങൾ, പയറുവർഗങ്ങൾ, കടലകൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നികുതി പരിധിയിൽ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്‌.

ലീഗൽ മെട്രോളജി ആക്ട്‌ പരിധിയിൽവരുന്ന ബ്രാൻഡഡ്‌ പാക്ക്‌ഡ്‌ ഭക്ഷണസാധനങ്ങൾക്കാണ്‌ അഞ്ച്‌ ശതമാനം നികുതി ചുമത്തുക.  സർക്കാർ പ്രവൃത്തികൾക്കുള്ള ജിഎസ്‌ടി കഴിഞ്ഞ ഏപ്രിൽമുതൽ 12ൽനിന്ന്‌ 18‌ ശതമാനമാക്കി ഉയർത്തിയ തീരുമാനവും അംഗീകാരത്തിന്‌  വരും. സംസ്ഥാന സർക്കാരിന്റെ പദ്ധതി അടങ്കലുകളെ ഇത്‌ കാര്യമായി ബാധിക്കും.  എൽഇഡി ലൈറ്റുകളുടെയും, അച്ചടി, എഴുത്ത്‌, ചിത്രരചനാ എന്നിവയ്‌ക്ക്‌ ആവശ്യമായ മഷിയുടെയും നികുതി 12ൽനിന്ന്‌ 18 ശതമാനമായി ഉയർത്താനും നിർദേശമുണ്ട്‌.  ഹോട്ടൽ ഉടമകൾക്ക്‌ 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുണ്ടെങ്കിൽ ആ തുകയ്‌ക്ക്‌ 12 ശതമാനം നികുതി നൽകണം. നിലവിൽ ആയിരം രൂപവരെ വാടക നിരക്കിലുള്ള മുറികൾക്ക്‌  നികുതിവേണ്ട. ആശുപത്രികളിലെ 5000 രൂപയ്‌ക്ക്‌ മുകളിലുള്ള മുറിവാടകയ്‌ക്കും‌ നികുതി ചുമത്തുന്നതും പരിശോധിക്കും.

ജിഎസ്ടി വർധന 
കേരളം എതിർക്കും
കാർഷിക ഉൽപ്പന്നങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെയും ജിഎസ്‌ടി നിരക്ക്‌ വർധന കേരളം എതിർക്കും. നിരക്ക്‌ വർധനയെക്കുറിച്ച്‌ പഠിക്കാൻ ജിഎസ്‌ടി കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതിയിൽ‌ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ നിലപാട്‌ വ്യക്തമാക്കിയിരുന്നു‌.

കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അധ്യക്ഷനായ സമിതി കഴിഞ്ഞ ആഴ്‌ച ഓൺലൈനിൽ യോഗം ചേർന്നപ്പോഴാണ്‌ ധനമന്ത്രി സംസ്ഥാനത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. സംസ്ഥാനങ്ങൾക്കുള്ള നികുതി വരുമാനനഷ്ടം നികത്താൻ ആഡംബര വസ്‌തുക്കളുടെ ഉയർന്ന നികുതി നിരക്ക്‌ പുനഃസ്ഥാപിക്കണമെന്ന നിർദേശവും കേരളം മുന്നോട്ടുവച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top