25 April Thursday

ജിഎസ്‌ടി ചുമത്തൽ: ക്ഷീരകർഷകർ പാർലമെന്റ്‌ മാർച്ച്‌ നടത്തി

സ്വന്തം ലേഖകൻUpdated: Thursday Jul 28, 2022

ന്യൂഡൽഹി> ക്ഷീരോൽപ്പന്നങ്ങൾക്കും ഉപകരണങ്ങൾക്കും  ജിഎസ്‌ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ അഖിലേന്ത്യ ഡയറി ഫാർമേഴ്‌സ് ഫെഡറേഷൻ പാർലമെന്റ്‌ മാർച്ച്‌ നടത്തി. ജന്തർ മന്ദിറിൽ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി അശോക്‌ ധാവ്‌ലെ ഉദ്‌ഘാടനം ചെയ്‌തു.

കോർപറേറ്റുകൾക്ക്‌ വേണ്ടി  സഹകരണ സംഘങ്ങളെയും ചെറുകിട ഉൽപ്പാദനത്തെയും കഴുത്തറുത്ത് കൊല്ലാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. പാലുൽപ്പന്നങ്ങൾക്കും ക്ഷീര യന്ത്രങ്ങൾക്കും ജിഎസ്ടി ചുമത്തിയതിനെതിരെ ക്ഷീര കർഷക ഫെഡറേഷനും കിസാൻ സഭയും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, കേരളം സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സമരത്തിനെത്തി. സംസ്ഥാനങ്ങളിൽ  പ്രാദേശിക പാൽ ബൂത്തുകൾ, സഹകരണ സ്ഥാപനങ്ങൾ, ജില്ലാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. 

പാലുൽപ്പന്നങ്ങൾക്ക്‌  അഞ്ചു ശതമാനവും ഡയറി ഉപകരണങ്ങൾക്ക്‌ പന്ത്രണ്ട്‌ മുതൽ പതിനെട്ട്‌ ശതമാനവുമാണ്‌ ജിഎസ്‌ടി .  ന്യായമായ വില കിട്ടാതിരിക്കുകയും ഉൽപ്പാദന ചെലവ്‌ കുത്തനെ ഉയരുകയും ചെയ്‌തതോടെ 2014 മുതൽ 55 ലക്ഷം കർഷകർ മേഖല വിട്ടന്നാണ്‌ കണക്ക്‌. ഉൽപ്പാദനം ഗണ്യമായി  വർധിച്ചിട്ടും കർഷകർക്ക്‌ ഗുണം ലഭിക്കുന്നില്ല.   ഇടത്തരം കർഷകർക്കും സഹകരണ സ്ഥാപനങ്ങൾക്കും  ജിഎസ്‌ടി കനത്ത തിരിച്ചടിയായി . 

ജിഎസ്‌ടി പിൻവലിക്കുക, ന്യാമമായ വില ലഭ്യമാക്കുക,അതിനായി കമീഷനെ നിയമിക്കുക, ഉൽപ്പാദന ചെലവ്‌   കുറയ്‌ക്കാൻ തൊഴിലുറപ്പ്‌ പദ്ധതി ഭേദഗതി ചെയ്‌ത്‌ കേരള മാതൃകയിൽ  കുറഞ്ഞത്‌ രണ്ട്‌ പശുക്കളോ എരുമകളോ ഉള്ളവർക്ക്‌ 200 ദിവസത്തെ വേതനം സബ്‌സിഡി നൽകുക,  സബ്‌സിഡി നിരക്കിൽ പച്ചപ്പുല്ല്‌ നൽകുക എന്നി ആവശ്യങ്ങളുന്നയിച്ച്‌ കേന്ദ്രമന്ത്രി പർഷോത്തം രൂപാലയ്‌ക്ക്‌ നിവേദനവും നൽകും. യോഗത്തിൽ വി എസ്‌ പദ്‌മകുമാർ അധ്യക്ഷനായി. കിസാൻ സഭ കേന്ദ്ര ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ ,എംപിമാരായ എ എം ആരിഫ്‌ , എ എ റഹീം, വി ശിവദാസൻ, ഇന്ദർജിത് സിംഗ്, ഡോ സന്ദീപ്,ദിനേശ് ശിവച് , വത്നൻ പാനോളി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top