28 March Thursday

ജിഎസ്‌ടി നഷ്ടപരിഹാര തീരുവ 2026 വരെ തുടരും

പ്രത്യേക ലേഖകൻUpdated: Sunday Jun 26, 2022


ന്യൂഡൽഹി
ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ ഈടാക്കുന്നത്‌ 2026 മാർച്ച്‌ 26വരെ തുടരാൻ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകാൻ എടുത്ത വായ്‌പാ തിരിച്ചടവിനാണ്‌ സെസ്‌ തുടർന്നും ഈടാക്കുന്നതെന്ന്‌ കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരവിതരണം തുടരില്ല. ജിഎസ്‌ടി കൗൺസിൽ യോഗം ചൊവ്വാഴ്‌ച ചണ്ഡീഗഡിൽ ചേരാനിരിക്കെയാണ്‌ കേന്ദ്രം തിരക്കിട്ട്‌ അസാധാരണ ഗസറ്റ്‌ വിജ്ഞാപനം ഇറക്കിയത്‌.2017ൽ ജിഎസ്‌ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക്‌ നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ്‌ കേന്ദ്രം പ്രത്യേക സെസ്‌ വഴി ഫണ്ട്‌ സമാഹരിച്ചത്‌. അഞ്ച്‌ വർഷത്തേക്ക്‌ ഏർപ്പെടുത്തിയ സംവിധാനം 30ന്‌ അവസാനിക്കും. 2020–-21, 2021–-22 വർഷത്തിൽ നഷ്ടപരിഹാരഫണ്ടിൽ വരുമാനക്കുറവ്‌ ഉണ്ടായതിനാൽ കേന്ദ്രം യഥാക്രമം 1.1 ലക്ഷം കോടിയും 1.59 ലക്ഷം കോടിയും രൂപ പ്രത്യേക വായ്‌പ എടുത്താണ്‌ സംസ്ഥാനങ്ങൾക്ക്‌ വിതരണംചെയ്‌തത്‌. വായ്‌പ 2026 മാർച്ച്‌ 31നകം തിരിച്ചടയ്‌ക്കണം.

ആഡംബര വാഹനങ്ങൾ, ശീതളപാനീയങ്ങൾ, സിഗററ്റ്‌, പുകയില, കായിക വിനോദത്തിനുള്ള ചങ്ങാടങ്ങൾ എന്നിവയ്‌ക്കാണ്‌ ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ ചുമത്തുന്നത്‌.
ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത്‌ തുടരണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാതിരിക്കുമ്പോഴാണ്‌ സെസ്‌ പിരിവ്‌ നീട്ടുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top