26 April Friday

ഗ്രേറ്റർ നോയിഡയിൽ ധർണ 47 ദിവസം പിന്നിട്ടു; പ്രക്ഷോഭം സർക്കാരിന്റെ കർഷക വഞ്ചനയ്‌ക്കെതിരെ

സാജൻ എവുജിൻUpdated: Saturday Jun 10, 2023

ഗ്രേറ്റർ നോയിഡ
‘കർഷകരിൽനിന്ന്‌ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഭൂമി ഏറ്റെടുക്കുന്നത്‌ ചതുരശ്ര മീറ്ററിന്‌ 4125 രൂപയ്‌ക്ക്‌. ഒന്നോ രണ്ടോ മാസത്തിനുശേഷം സ്വകാര്യവ്യവസായികൾക്ക്‌ ഭൂമി മറിച്ചുവിൽക്കുന്നത്‌ ചതുരശ്ര മീറ്ററിന്‌ 72,000 വരെ രൂപയ്‌ക്ക്‌. 45 ഗ്രാമത്തിലെ കർഷകർ ഇതേ രീതിയിൽ കബളിപ്പിക്കപ്പെടുന്നു’– -അഖിലേന്ത്യ കിസാൻസഭ പ്രവർത്തകൻ പുഷ്‌പേന്ദ്ര ത്യാഗി പറഞ്ഞു. വികസനത്തിന്റെ പേരിൽ കീർത്തി നേടിയ നോയിഡ, ഗ്രേറ്റർ നോയിഡ മേഖലകളിൽ മണ്ണിന്റെ മക്കളായ കർഷകർ നേരിടുന്ന കൊടിയ ചൂഷണത്തിലേക്കാണ്‌ അദ്ദേഹം വിരൽചൂണ്ടുന്നത്‌. ഇപ്പോൾ സ്വകാര്യമേഖലയെ നേരിട്ട്‌ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ചിരിക്കുന്നു. ആക്ഷേപങ്ങൾ കേൾക്കാൻ അതോറിറ്റി തയ്യാറല്ല. അതോറിറ്റി ഓഫീസിൽ പ്രവേശിക്കുന്നതിന്‌ കോവിഡ്‌ കാലത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്‌.

ഇരുപതു വർഷമായി ഇവിടെ ഭൂമി ഏറ്റെടുക്കുന്നു. വിട്ടുകൊടുക്കുന്ന ഭൂമിയിൽ വൻ സൗധങ്ങളും വ്യവസായശാലകളും വാണിജ്യമാളുകളും ഉയരുമ്പോൾ കർഷകരുടെ കുടുംബങ്ങൾ സർവമേഖലകളിലും പുറന്തള്ളപ്പെടുകയാണ്‌. ഇവരുടെ സ്ഥലത്തിന്‌ ന്യായവില ലഭിക്കാത്തത്‌ മാത്രമല്ല പ്രശ്‌നം. വാണിജ്യ–- വ്യവസായ സ്ഥാപനങ്ങളിൽ നാട്ടുകാർക്ക്‌ വാഗ്‌ദാനം ചെയ്‌ത തൊഴിൽ നിഷേധിക്കുന്നു. പുതുതായി വികസിപ്പിക്കുന്ന പാർപ്പിടകേന്ദ്രങ്ങളിൽ കർഷകരെ പുനരധിവസിപ്പിക്കുന്നില്ല.

കർഷകകുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക്‌ സ്വകാര്യസ്‌കൂളുകളിൽ പ്രവേശനം നൽകുന്നില്ലെന്ന്‌ നാട്ടുകാരനായ മൊഹിത്‌ ഭാട്ടി പറഞ്ഞു. സർക്കാർ സ്‌കൂളുകളുടെ സ്ഥിതി പരിതാപകരമാണ്‌. അധ്യാപകരോ അടിസ്ഥാനസൗകര്യമോ ഇല്ല–- മൊഹിത്‌ ഭാട്ടി വിശദീകരിച്ചു.
ഈ വിഷയങ്ങൾക്ക്‌ പരിഹാരം ആവശ്യപ്പെട്ടാണ്‌ കിസാൻസഭയുടെ നേതൃത്വത്തിൽ 47 ദിവസമായി സമരം നടക്കുന്നത്‌. രണ്ടു മാസത്തെ തയ്യാറെടുപ്പിനുശേഷമാണ്‌ സമരം ആരംഭിച്ചതെന്ന്‌ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. അതോറിറ്റി ഓഫീസിനു മുന്നിൽ രാപകൽ ഭേദമില്ലാതെ ധർണയിരിക്കുകയാണ്‌ കർഷകർ. ഓരോ കർഷക കുടുംബത്തിൽനിന്നും ഊഴമിട്ട്‌ എത്തുന്നവർ സമരത്തിൽ പങ്കുചേരുന്നു. തുടക്കത്തിൽ മാറിനിന്നെങ്കിലും ഇപ്പോൾ വിവിധ രാഷ്‌ട്രീയ പാർടികളുടെ പ്രാദേശിക നേതാക്കൾ സമരത്തിന്‌ പിന്തുണ നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top