26 April Friday

ഇന്ത്യയിൽ ഏറ്റവും മോശമായ 
‘ഏകാധിപത്യം’ , അടിയന്തരാവസ്ഥയ്ക്ക് 
സമം ; ഗോതെൻബർഗ്‌ സർവകലാശാല വി– ഡെം റിപ്പോർട്ട്‌

പ്രത്യേക ലേഖകൻUpdated: Wednesday Mar 8, 2023


ന്യൂഡൽഹി
ഏറ്റവും മോശമായ ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാറിയെന്ന്‌ സ്വീഡനിലെ ഗോതെൻബർഗ്‌ സർവകലാശാല വി–- ഡെം (വെറൈറ്റീസ്‌ ഓഫ്‌ ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്‌. ഏകാധിപത്യപ്രവണതയുടെ ഭാഗമായി മാധ്യമങ്ങൾക്കും പൗരസമൂഹത്തിനും നേരെയുള്ള കടന്നാക്രമണം വർധിച്ചു. അക്കാദമിക്‌, സാംസ്‌കാരിക സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും അപകടത്തിലായി. വ്യാജവാർത്തകളുടെ പ്രചാരണം, ധ്രുവീകരണം, ഏകാധിപത്യവൽക്കരണം എന്നിവ പരസ്‌പരബന്ധിതമാണെന്ന്‌ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. 

അഫ്‌ഗാനിസ്ഥാൻ, ഇന്ത്യ, മ്യാന്മർ, ബ്രസീൽ എന്നീ രാജ്യങ്ങളെ ഇതിന്‌ ഉദാഹരണമായി പറയുന്നു. 2023ലെ റിപ്പോർട്ടിൽ ജനാധിപത്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക്‌ 97–-ാം സ്ഥാനമാണ്‌. 50 ശതമാനത്തിൽ താഴെയാണ്‌ പോയിന്റ്‌. തെരഞ്ഞെടുപ്പ്‌ ജനാധിപത്യ സൂചികയിൽ 108–-ാം സ്ഥാനത്തും സമത്വസൂചികയിൽ 123–-ാം സ്ഥാനത്തുമാണ്‌ ഇന്ത്യ. വോട്ടെടുപ്പിലൂടെ ഏകാധിപത്യം വന്ന രാജ്യമാണ്‌ ഇന്ത്യയെന്ന്‌ 2021ലെ റിപ്പോർട്ടിൽ വി–- ഡെം ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നു. അക്കൊല്ലംതന്നെ, ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികമാണെന്ന്‌ വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ ഫ്രീഡം ഹൗസ്‌ റിപ്പോർട്ടിൽ പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് 
സമം
സ്വീഡൻ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ഡെമോക്രസി ആൻഡ്‌ ഇലക്ടറൽ അസിസ്റ്റൻസ്‌ ഇന്ത്യയെ ജനാധിപത്യം തകർച്ചയിലേക്ക്‌ നീങ്ങിയ പ്രധാന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി. ഇവരുടെ ആഗോള ജനാധിപത്യ റിപ്പോർട്ടിൽ ഇന്ത്യക്ക്‌ നൽകിയത്‌ ഏതാണ്ട് അടിയന്തരാവസ്ഥക്കാലത്തേതിനു തുല്യമായ സ്‌കോറാണ്‌. സർക്കാരിന്റെ ജനകീയസ്വഭാവം 1975ൽ 0.59 ആയിരുന്നത്‌ 1995ൽ 0.69 ആയി ഉയർന്നു. 2020ൽ ഇത്‌ ഇടിഞ്ഞ്‌ 0.61 ആയി. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ശ്രീലങ്കയ്‌ക്കും ഇന്തോനേഷ്യക്കും ഒപ്പം ഏറ്റവും കുറഞ്ഞ സ്‌കോറാണ്‌ ഇന്ത്യക്ക്‌ നൽകിയിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top