ഉജ്ജയിന്‍
ബലാത്സംഗത്തിന് ഇരയായി ചോരവാര്‍ന്ന അർധനഗ്‌നയായ 12 വയസ്സുകാരി വീടുവീടാന്തരം കയറി കേണപേക്ഷിച്ചിട്ടും സഹായിക്കാതെ നാട്ടുകാർ. മധ്യപ്രദേശിലെ ചരിത്രനഗരമായ ഉജ്ജയിനിയിലാണ് രാജ്യത്തിന് നാണക്കേടായ സംഭവം. ബദ്‌നഗർ റോഡിലൂടെ നിലവിളിച്ചു നീങ്ങുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ആട്ടിപ്പായിക്കുന്ന ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തെരുവിലൂടെ അലഞ്ഞ പെൺകുട്ടി ഒരു ആശ്രമത്തിലെത്തുകയായിരുന്നു. ജില്ലാആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ബലാത്സംഗം സ്ഥിരീകരിച്ചു. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ ഇൻഡോറിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം.
കുറ്റവാളികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചെന്നും ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ്മ പറഞ്ഞു. കുട്ടി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിനിയാണെന്ന് കരുതുന്നു. എങ്ങനെ ഉജ്ജയിനിയിലെത്തിയെന്ന് കൃത്യമായി പറയാൻ കുട്ടിക്കായിട്ടില്ല.
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2021ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലാണ്. ഇതിൽ 50 ശതമാനവും പ്രായപൂർത്തിയാകാത്തവര്‍ക്കെതിരെയുള്ളതാണ്. പ്രതിദിനം 18 ബലാത്സംഗകേസാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..