28 March Thursday

ജമ്മു കാശ്മീർ രാഷ്ട്രീയ കാര്യസമിതിയിൽനിന്ന് ഗുലാംനബി ആസാദ് രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ന്യൂഡൽഹി> ജമ്മുകശ്മീര്‍ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ഗുലാംനബി ആസാദ് രാജിവെച്ചു. നിയമനം കഴിഞ്ഞയുടയാണ് രാജി. പ്രധാനപദവികളില്‍ നിന്നെല്ലാം മാറ്റി രാഷ്ട്രീയകാര്യ സമിതിയുടെ ചെയര്‍മാനായി മാത്രമാണ് ഗുലാംനബിയെ നിയമിച്ചിരുന്നത്. ആ പദവി കൂടിയാണ് രാജിവെച്ചത്. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന.

കോൺഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബിയെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു.

മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു. തനിക്ക് പുതിയ ലഭിച്ച പുതിയ ഉത്തരവാദിത്തത്തിന് നന്ദി പറഞ്ഞ ഗുലാം നബി ആസാദ്, ആരോഗ്യ കാരണങ്ങള്‍ കാരണം സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഗുലാം നബി ആസാദിന്റെ അടുത്ത അനുയായി ഗുലാം ആഹമ്മദ് മിറിനെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകം മേധാവി സ്ഥാനത്തു നിന്ന് തരംതാഴ്ത്തിയതിന് തൊട്ടുപിന്നാലെയാണ് ആസാദിന്റെ രാജി. മിര്‍ കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞിരുന്നു. മിറിന് പകരം വികാര്‍ റസൂല്‍ വാനിയെയാണ് പാര്‍ട്ടി നിയമിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top