20 April Saturday

ഹിന്ദുവികാരം ഉണർത്താൻ കോൺഗ്രസും: ഗംഗായാത്രയുമായി പ്രിയങ്ക

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019

പ്രയാഗ‌് രാജ‌് > മോഡിയോടും ഭരണകക്ഷിയായ ബിജെപിയോടും ചോദ്യങ്ങൾ ഉന്നയിച്ച‌് കോൺഗ്രസ‌് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗായാത്രയ‌്ക്ക‌് തുടക്കം. ഉത്തർപ്രദേശിലെ ഹിന്ദുസമൂഹ കേന്ദ്രങ്ങളെല്ലാം സ‌്പർശിച്ചാണ‌് പ്രയാഗ‌് രാജിൽനിന്ന‌് വാരണാസിയിലേക്ക‌് പ്രിയങ്ക ഗാന്ധി യാത്ര നയിക്കുന്നത‌്. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മോഡി ഗംഗാശുചീകരണം ഉൾപ്പെടെ ഉയർത്തി ഹിന്ദു പ്രീണന നയങ്ങളിലൂടെയാണ‌് യുപിയിലെ ഹിന്ദുസമൂഹത്തിന്റെ  വോട്ടുകൾ ഏകീകരിച്ചത‌്. അതേ പാതയിലൂടെ ഗംഗ എന്ന വൈകാരികബിംബത്തെ വോട്ടാക്കി മാറ്റാനാകുമോ എന്ന ശ്രമമാണ‌് കോൺഗ്രസും നടത്തുന്നത‌്.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് സജീവമായ പ്രചാരണത്തിലേക്ക‌് നീങ്ങുന്ന ഘട്ടത്തിൽ മോഡിയുടെ മണ്ഡലമായ വാരാണസിയിൽ സമാപിക്കുന്ന മൂന്നുദിവസത്തെ യാത്രയിൽ ബോട്ടിലും കാൽനടയായും ബസിലുമൊക്കെയായി ഗംഗാപരിസരത്തെ തൊട്ടറിഞ്ഞാണ‌് പ്രിയങ്കയുടെ യാത്ര. ജനങ്ങളുമായി സംവദിച്ച‌് തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏവരുടെയും പിന്തുണ അഭ്യർഥിച്ചാണ‌് പ്രിയങ്ക യാത്ര ആരംഭിച്ചത‌്. പിന്നോക്കവിഭാഗക്കാരും പട്ടികജാതിക്കാരുമെല്ലാം ഉൾപ്പെടുന്ന ഗംഗാവാസികളുമായി പലയിടത്തും സംവാദം നടത്തും.

ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ‌് പ്രയാഗ‌് രാജിൽ നിന്ന‌് യാത്ര പുറപ്പെട്ടത‌്. ഗംഗാമാതാവ‌് വിശുദ്ധയാണ‌് എന്ന പ്രഖ്യാപനം നടത്തിയാണ‌് പ്രിയങ്ക തുടക്കംകുറിച്ചത‌്.  നിരവധി പേർ ആശംസ നേരാനായി എത്തിയിരുന്നു. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെയും പ്രിയങ്ക കാണും. മോഡി പ്രഖ്യാപിച്ച ഗംഗാശുചീകരണ പദ്ധതിയുടെ വീഴ‌്ചകളും യാത്രയിൽ എടുത്തുപറയും.

വാരാണസിയിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ‌്ത്രിയുടെ ജന്മഗൃഹവും അവർ സന്ദർശിക്കും. ഞായറാഴ‌്ച ലഖ‌്നൗവിൽ പാർടി പ്രവർത്തകരുടെ യോഗത്തിലും അവർ സംബന്ധിച്ചു. ഇന്ദിരാഗാന്ധി ജനിച്ച പ്രയാഗ‌് രാജിലെ സ്വരാജ‌് ഭവനിലും പ്രിയങ്ക എത്തി. ആ മുറിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. കോൺഗ്രസ‌് ജനറൽ സെക്രട്ടറിയായ ശേഷം രണ്ടാമത്തെ തവണയാണ‌് ഇവിടം സന്ദർശിക്കുന്നത‌്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top