ന്യൂഡൽഹി
ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു. ജി20 അധ്യക്ഷ പദവി ഇന്ത്യ, ബ്രസീലിന് കൈമാറി. ഉച്ചകോടിയുടെ സമാപന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ആചാരപരമായ ചുറ്റിക രൂപത്തിലുള്ള ലഘുദണ്ഡ് (ഗാവൽ) ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയാണ് ഏറ്റുവാങ്ങി. ഡിസംബർ ഒന്നിന് പദവി ഔദ്യോഗികമായി ബ്രസീൽ ഏറ്റെടുക്കും.
ഊഴമനുസരിച്ച് അടുത്ത ഉച്ചകോടി ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിൽ 2024 നവംബറിലാണ് നടക്കുക. തങ്ങൾ ആതിഥ്യം വഹിക്കുന്ന ഉച്ചകോടിയിൽ ഉക്രയ്‌ൻ വിഷയമാകില്ലെന്ന് വ്യക്തമാക്കിയ ലുല ദാരിദ്ര്യത്തിനെതിരെയുള്ള അന്താരാഷ്‌ട്ര സഖ്യവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ അജൻഡയാകുമെന്നും പ്രഖ്യാപിച്ചു. ‘നീതിയുക്തമായ ലോക നിർമിതി, സുസ്ഥിരമായ ഭൂമി’ എന്നതാകും റിയോ സമ്മേളനത്തിന്റെ സന്ദേശം. ആഗോള ദാരിദ്ര്യത്തിന് 2030ൽ അന്ത്യം കുറിക്കാൻ രാഷ്‌ട്രങ്ങളുടെ പ്രവർത്തനം ഇരട്ടിയാക്കണമെന്നും ലുല ആഹ്വാനം ചെയ്‌തു. അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് വകവയ്‌ക്കാതെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ലുല വ്യക്തമാക്കി.
നവംബറിൽ വിർച്വൽ സമ്മേളനം
ചേരാമെന്ന് ഇന്ത്യ
ഒരു ഭാവിയെന്ന സന്ദേശമുയർത്തിയ മൂന്നാം സെഷനോടെ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്ക് തിരശ്ശീല വീണു. ഞായർ രാവിലെ നേതാക്കൾ രാജ്‌ഘട്ടിലെ മഹാത്മാഗാന്ധിയുടെ ശവകുടീരത്തിലെത്തി ആദരമർപ്പിച്ചു. ജി--20 അധ്യക്ഷപദവി നവംബർവരെ ഇന്ത്യക്കുണ്ടെന്ന് സമാപന പ്രസംഗത്തിൽ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബറിൽ വിർച്വൽ സമ്മേളനം ചേരാമെന്ന നിർദേശവും മുന്നോട്ടുവച്ചു. അവസാന ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി. മോദിയുടെ പാരീസ് സന്ദർശനത്തിനു ശേഷമുള്ള നയതന്ത്രനീക്കങ്ങളുടെ പുരോഗതി വിലയിരുത്തിയ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി. ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും മോദി ചർച്ച നടത്തി.
ഫുക്കുഷിമ ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്‌ടീവ് ജലം തുറന്നുവിട്ട സംഭവത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ വിശദീകരണം നൽകി. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയും കിഷിദ കണ്ടു. ലി ക്വിയാങ്ങുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്‌ചയിൽ ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയിൽനിന്ന് പിന്മാറുന്ന കാര്യം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. ശനിയാഴ്‌ച അമേരിക്കൻ സമ്മർദത്തിൽ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ– -മധ്യേഷ്യ– യൂറോപ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകുന്നതിനാലാണ് 2019ൽ ഒപ്പിട്ട കരാറിൽനിന്നുള്ള പിന്മാറ്റം.
ബൈഡൻ മാധ്യമങ്ങളെ കണ്ടത് വിയറ്റ്‌നാമിൽ
മാധ്യമ സ്വാതന്ത്ര്യമില്ലാതെ
‘മോദിയുടെ ഉച്ചകോടി’
മാധ്യമസ്വാതന്ത്ര്യത്തെ നോക്കുകുത്തിയാക്കി ഡൽഹിയിൽ ജി -20 ഉച്ചകോടി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിക്ക് മുമ്പോ ശേഷമോ മാധ്യമങ്ങളെ കാണാൻ തയ്യാറാകാത്ത മോദി മറ്റു രാഷ്‌ട്രനേതാക്കൾ മാധ്യമങ്ങളെ കാണുന്നത് വിലക്കിയെന്ന ആക്ഷേപമുയർന്നു.
മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയ്‌ക്കുശേഷം മാധ്യമങ്ങളെ കാണാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വെളിപ്പെടുത്തിയതും രാജ്യത്തിന് നാണക്കേടായി. ഇന്ത്യയിൽ വാർത്താസമ്മേളനം നടത്താൻ കഴിയാത്തതിനാൽ ഉച്ചകോടി അവസാനിച്ചശേഷം വിയറ്റ്‌നാമിൽ എത്തിയാണ് ബൈഡൻ മാധ്യമങ്ങളെ കണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..