25 April Thursday

വിലക്കയറ്റം പിടിവിട്ടു: പെട്രോൾ, ഡീസൽ വില കുറച്ചു

സാജൻ എവുജിൻUpdated: Sunday May 22, 2022

ന്യൂഡൽഹി
ജനരോഷം അണപൊട്ടുകയും വിലക്കയറ്റം സീമകൾ ലംഘിക്കുകയും ചെയ്‌തതോടെ കേന്ദ്രഎക്‌സൈസ്‌ തീരുവ പെട്രോളിന് എട്ട്‌ രൂപയും ഡീസലിന് ആറു രൂപയും വീതം ലിറ്ററിന്‌ കുറച്ചു. രാജ്യത്ത്‌ പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌.
ശ്രീലങ്കയിലെ അനുഭവങ്ങളും കേന്ദ്രസർക്കാരിനു താക്കീതായി. പെട്രോൾ ലിറ്ററിന്‌ 9.50 രൂപയും ഡീസൽ ലിറ്ററിന്‌ ഏഴ്‌ രൂപയും വില കുറയുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. സംസ്ഥാനങ്ങളിലെ മൂല്യവർധിത നികുതിയിലുണ്ടാകുന്ന കുറവുകൂടി പരിഗണിച്ചാണ്‌ ധനമന്ത്രിയുടെ ഈ വിശദീകരണം. ഉജ്വല യോജന ഗുണഭോക്താക്കൾക്ക്‌ വർഷം 12 എൽപിജി സിലിണ്ടർ 200 രൂപ വീതം സബ്‌സിഡിയോടെ നൽകും. സർക്കാരിന് പ്രതിവർഷം ലക്ഷം കോടി രൂപയുടെ വരുമാനക്കുറവ്‌ ഉണ്ടാകുമെന്നും മന്ത്രി ട്വീറ്റ്‌ ചെയ്‌തു.

കേന്ദ്രം 30 രൂപ കൂട്ടി *8 രൂപ കുറച്ചു


മോദിസർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം, ഡീസൽ തീരുവ ലിറ്റററിന്‌ 3.56 രൂപയായിരുന്നത്‌ 31.80 രൂപയായും പെട്രോൾ തീരുവ 9.48 രൂപയായിരുന്നത്‌ 32.90 രൂപയായും വർധിപ്പിച്ചു. ലക്ഷക്കണക്കിനുകോടി രൂപ ഇതുവഴി ജനങ്ങളിൽനിന്ന്‌ പിഴിഞ്ഞെടുത്തു. നിലവിൽ, യഥാക്രമം എട്ടും ആറും രൂപ വീതമാണ്‌ ലിറ്ററിന്‌ കുറച്ചത്‌. കഴിഞ്ഞ നവംബറിൽ അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനുമുമ്പ്‌ കേന്ദ്രം പെട്രോളിന്‌ അഞ്ച്‌ രൂപയും ഡീസലിനു 10 രൂപയും വീതം വില കുറച്ചു. തെരഞ്ഞെടുപ്പ്‌ ഫലംവന്നശേഷം വില അനുദിനം വർധിപ്പിച്ചു. റഷ്യ–-ഉക്രയ്‌ൻ യുദ്ധത്തെ തുടർന്ന്‌ എണ്ണവില ഉയരുന്നുവെന്ന പേരിലാണ്‌ വില കൂട്ടിയത്‌.

13 മാസമായി *പണപ്പെരുപ്പം രണ്ടക്കത്തില്‍

ഒരു വർഷത്തിനകം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനമാണ്‌ രാജ്യത്ത്‌ വർധിച്ചത്‌. ഇതേത്തുടർന്ന്‌ സർവമേഖലയിലും വില കുതിച്ചു. ചില്ലറവിപണിയിലും മൊത്തവ്യാപാരവിപണിയിലും പണപ്പെരുപ്പം കത്തിപ്പടർന്നു. മൊത്തവിപണിയിൽ 1992നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 15.1 ശതമാനം പണപ്പെരുപ്പമാണ്‌ കഴിഞ്ഞമാസം അനുഭവപ്പെട്ടത്‌. 13 മാസമായി പണപ്പെരുപ്പം രണ്ടക്ക നിരക്കിലാണ്‌. ഇന്ധന–-ഊർജ മേഖലയിൽ പണപ്പെരുപ്പം 38.66 ശതമാനമായി. പച്ചക്കറി, ഗോതമ്പ്‌, പഴം, പാചകഎണ്ണ എന്നിവയുടെ വിലകൾ വർധിച്ചതിനെ തുടർന്ന്‌ ഭക്ഷ്യമേഖലയിൽ പണപ്പെരുപ്പം 8.35 ശതമാനമായി. ചില്ലറവിപണിയിൽ പണപ്പെരുപ്പം 7.8 ശതമാനമായി. കാർഷിക, ഗ്രാമീണ മേഖലകളിലെ വിലക്കയറ്റം ഏപ്രിലിൽ യഥാക്രമം 6.44, 6.67 ശതമാനം വീതമായി.

വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷപാർടികൾ മെയ്‌ 25 മുതൽ പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്‌.  ഇക്കൊല്ലം അവസാനം ഗുജറാത്ത്‌, ഹിമാചൽപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് കേന്ദ്രനടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top