28 May Sunday
ഉയർന്ന വില കോൺഗ്രസ്‌ 
സംസ്ഥാനങ്ങളിൽ

ഇന്ധനവിലയിലെ കേന്ദ്രതീരുവ : കൂട്ടിയതിന്റെ അഞ്ചിലൊന്നു പോലും കുറച്ചില്ല

എം പ്രശാന്ത്‌Updated: Monday May 23, 2022


ന്യൂഡൽഹി/കൊച്ചി
ഇന്ധന നികുതിയിൽ കേന്ദ്രം വരുത്തിയ നാമമാത്ര കുറവ് വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. നികുതി ഭാഗികമായി കുറച്ചിട്ടും ഇപ്പോഴും പെട്രോളിന്റെ കേന്ദ്ര തീരുവ 19.9 രൂപയും ഡീസൽ തീരുവ 15.8 രൂപയുമാണ്‌. 2014ൽ മോദി അധികാരത്തിൽ എത്തിയപ്പോഴുള്ള തിരുവയേക്കാൾ ഇത്‌ പെട്രോളിന്‌ 10.42 രൂപയും ഡീസലിന്‌ 12.23 രൂപയും അധികമാണ്‌. 2014ൽ പെട്രോളിന്‌ 9.48 രൂപയും ഡീസലിന്‌ 3.57 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി.

പല ഘട്ടങ്ങളിലായി ഇത്‌ വർധിപ്പിച്ച്‌ പെട്രോൾ തീരുവ 32.9 രൂപയിലും ഡീസൽ തീരുവ 31.8 രൂപയിലും എത്തിച്ചു.
ഇതോടെ അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം രൂക്ഷമായി. ചരിത്രത്തിൽ ആദ്യമായി പെട്രോൾ, ഡീസൽ വില രാജ്യത്ത്‌100 കടന്നു. പാചകവാതകവില 1000 രൂപയിലേറെയായി. യുപി തെരഞ്ഞെടുപ്പിനു മുമ്പായി നവംബറിൽ പെട്രോളിന്‌ അഞ്ചു രൂപയും ഡീസലിന്‌ 10 രൂപയും തീരുവ കുറച്ചു. ഇതോടെ പെട്രോൾ കേന്ദ്ര തീരുവ 27.9 രൂപയും ഡീസൽ തീരുവ 21.8 രൂപയുമായി. വിലക്കയറ്റം കണക്കിലെടുത്ത്‌ മോദി സർക്കാർ വർധിപ്പിച്ച അധിക തീരുവകൂടി കുറയ്‌ക്കണമെന്നാണ്‌ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നത്‌.

കേന്ദ്രം സമാഹരിക്കുന്ന പെട്രോൾ–- ഡീസൽ തീരുവയിൽ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നത്‌ അടിസ്ഥാന എക്‌സൈസ്‌ തീരുവ മാത്രമാണ്‌. പെട്രോളിന്‌ 1.4 രൂപയും ഡീസലിന്‌ 1.8 രൂപയും മാത്രമാണ്‌ അടിസ്ഥാന എക്‌സൈസ്‌ തീരുവ. ഇതിന്റെ 41 ശതമാനം മാത്രമാണ്‌ എല്ലാ സംസ്ഥാനത്തിനുമായി വീതിച്ചുനൽകുന്നത്‌. പെട്രോളിന്റെ കേന്ദ്ര തീരുവയിൽ 18.5 രൂപ വിവിധ സെസും അഡീഷണൽ എക്‌സൈസ്‌ തീരുവയുമാണ്‌. ഡീസലിൽ 14 രൂപ സെസുകളും അഡീഷണൽ എക്‌സൈസ്‌ തീരുവയുമാണ്‌. ഈ തുക മുഴുവനും കേന്ദ്രത്തിനാണ്‌. ചുരുക്കത്തിൽ പെട്രോളിന്റെ കേന്ദ്ര തീരുവയിൽ 96 ശതമാനവും ഡീസലിന്റെ തീരുവയിൽ 94 ശതമാനവും കേന്ദ്ര ഖജനാവിലേക്കാണ്‌ പോകുന്നത്‌.

ഇതിനിടെയും കേരളം ഇന്ധന നികുതി കുറച്ചു. ഒന്നാം പിണറായി സർക്കാർ പെട്രോളിനുള്ള നികുതി 31.08 ശതമാനത്തിൽനിന്ന്‌ 30.08 ശതമാനമാക്കി കുറച്ചു. ഇതിലൂടെ സംസ്ഥാനത്തിനു കിട്ടേണ്ട 509 കോടി രൂപ വേണ്ടെന്നുവച്ചു. പിന്നീട് ഇന്ധന നികുതി കൂട്ടിയിട്ടുമില്ല.

യർന്ന വില കോൺഗ്രസ്‌ 
സംസ്ഥാനങ്ങളിൽ
രാജ്യത്ത്‌ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ധനവില കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിൽ. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോൾ വില ലിറ്ററിന്‌ 113.65 രൂപയാണ്‌. ബിക്കാനീറിൽ 110.72 രൂപയും ജയ്‌പുരിൽ 108.48 രൂപയുമാണ്‌. ഛത്തീസ്‌ഗഢിൽ ശരാശരി ഡീസൽ വില ലിറ്ററിന്‌ 95.44 രൂപയാണ്‌. തെലങ്കാനയിൽ 97.82 രൂപയും മഹാരാഷ്ട്രയിൽ 95.59 രൂപയുമാണ്‌ ഡീസൽ വില.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ഇപ്പോഴും പെട്രോൾ വില 110 രൂപയ്‌ക്കു മുകളിലാണ്‌.റേവയിൽ 111 ഉം, മണ്ഡ്‌സോറിൽ 110.21 രൂപയും തലസ്ഥാനമായ ഭോപാലിൽ 108.46 രൂപയുമാണ്‌ പെട്രോൾ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top