20 April Saturday

പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവ പിന്‍വലിക്കണം: പിബി

സ്വന്തം ലേഖകന്‍Updated: Monday Oct 11, 2021

ന്യൂഡല്‍ഹി > കത്തിക്കയറുന്ന ഇന്ധനവിലയും സര്‍വ മേഖലകളിലെയും വിലക്കയറ്റവും നിയന്ത്രിക്കാന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ആവശ്യപ്പെട്ടു. 2020ല്‍ മാത്രം 3.61 ലക്ഷം കോടി രൂപയാണ് ഈ തീരുവകള്‍ വഴി കേന്ദ്രസര്‍ക്കാരിനു ലഭിച്ചതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 10 മാസത്തനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിനു 20 രൂപയിലേറെ വര്‍ധിച്ചു. ബഹുഭൂരിപക്ഷം  ജനങ്ങളുടെയും ജീവനോപാധികളെ തകര്‍ക്കുകയാണ് ഈ വിലക്കയറ്റം.     

ഇന്ധനവിലക്കയറ്റം  കാരണം ചരക്ക് കടത്തുകൂലി വര്‍ധിപ്പിക്കുകയും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയും ചെയ്യുന്നു.  ഇക്കൊല്ലം ഒന്‍പതുമാസത്തിനിടെ എല്‍പിജി സിലിന്‍ഡര്‍ വിലയില്‍ 205 രൂപയുടെ വര്‍ധന ഉണ്ടായി. കോവിഡ് മഹാമാരിയില്‍ ഉഴലുന്ന ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണിത്.   

എയര്‍ ഇന്ത്യയെ മോദിസര്‍ക്കാര്‍ ടാറ്റയ്ക്ക് സൗജന്യസമ്മാനമായി നല്‍കുകയാണ്. സര്‍ക്കാരിനു കച്ചവടത്തില്‍നിന്ന് 2,700 കോടി രൂപ മാത്രമാണ് ലഭിക്കുക. എയര്‍ഇന്ത്യയുടെ 46,262 കോടി രൂപയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ആസ്തികള്‍ മുഴുവന്‍ ടാറ്റയ്ക്ക് സ്വന്തമാകും. ദേശീയ ആസ്തിയുടെ  കൊള്ളയ്ക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്താന്‍ പിബി ആഹ്വാനം ചെയ്തു.   

രാജ്യത്ത് വാക്സിനേഷന്‍ പൂര്‍ണമായി ലഭിച്ചത് 18.9 ശതമനാം പേര്‍ക്ക് മാത്രമാണ്. ഒറ്റ ഡോസ് ലഭിച്ചത് 48.7 ശതമാനത്തിനും. ഇക്കൊല്ലം അവസാനത്തോടെ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കുമെന്ന് സുപ്രീംകോടതിക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കെ ഇതാണ് സ്ഥിതി. മോദിയുടെ ജന്മദിനത്തില്‍ വാക്സിന്‍ നല്‍കാന്‍ കാട്ടിയ വലിയ താല്‍പര്യം മറ്റ് ദിവസങ്ങളില്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്?  വീണ്ടുമൊരു കോവിഡ് തരംഗം രാജ്യത്തിനു താങ്ങാനാവില്ല. വാക്സിനേഷന്റെ വേഗം  കൂട്ടാന്‍ വേണ്ട നടപടികള്‍ കേന്ദ്രം സ്വീകരിക്കണം--യെച്ചൂരി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top