26 April Friday
വിദേശനാണ്യ

കടം പെരുകി ; ഇടിഞ്ഞ്‌ 
വിദേശനാണ്യ ശേഖരം ; കരുതൽശേഖരം മൂന്നേകാൽ മാസത്തേക്കുമാത്രം

എം പ്രശാന്ത്‌Updated: Thursday Jul 7, 2022


ന്യൂഡൽഹി
ഇന്ത്യയുടെ വിദേശകടം കുതിച്ചുയർന്നതിനൊപ്പം വിദേശനാണ്യ കരുതൽശേഖരത്തിൽ വൻ ഇടിവ്‌. സെപ്‌തംബർ മൂന്നിന്‌ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽശേഖരം 64,250 കോടി ഡോളറായിരുന്നത്‌ ജൂൺ അവസാനത്തോടെ 59,050 കോടി ഡോളറിലേക്ക്‌ ഇടിഞ്ഞു. ഒമ്പതുമാസത്തിനിടെ 5200 കോടി ഡോളറിന്റെ (4.08 ലക്ഷം കോടി രൂപ) ഇടിവ്. വ്യാപാരകമ്മി വർധനയും വിദേശകടത്തിലെ കുതിപ്പും ഓഹരിവിപണിയിൽനിന്ന്‌ പുറത്തേക്കുള്ള പണമൊഴുക്കുമാണ്‌  വൻ ഇടിവിന്‌ വഴിവച്ചത്‌. കഷ്ടിച്ച്‌ മൂന്നേകാൽ മാസത്തെ ഇറക്കുമതിക്കുള്ള വിദേശനാണ്യശേഖരം മാത്രമാണുള്ളത്‌.

ജൂണിലെ ഇന്ത്യയുടെ വ്യാപാരകമ്മി (കയറ്റുമതി–- ഇറക്കുമതി അന്തരം) രണ്ടുലക്ഷം കോടി രൂപയിലേക്ക്‌ എത്തി. മെയ്‌ മാസത്തിൽ 1.87 ലക്ഷം കോടിയായിരുന്നു ഇത്‌. കഴിഞ്ഞ വർഷം ജിഡിപിയുടെ 1.2 ശതമാനമായിരുന്നു വ്യാപാരകമ്മി. നടപ്പുവർഷം മൂന്നിരട്ടിയോളം വർധിച്ച്‌ 3.1 ശതമാനത്തിലേക്ക്‌ ഉയരുമെന്നാണ്‌ വിലയിരുത്തൽ.

വിദേശകടം 
കുതിച്ചു
 2017–-18ൽ 529.7 ശതകോടി ഡോളറായിരുന്നു (36.28 ലക്ഷം കോടി രൂപ) ആകെ വിദേശകടം. 2021–-22ൽ അത്‌ 620.7 ശതകോടി ഡോളറിലേക്ക്‌ (48.44 ലക്ഷം കോടി രൂപ) ഉയർന്നു. നാലുവർഷംകൊണ്ട്‌ വിദേശകടത്തിൽ 12.16 ലക്ഷം കോടി രൂപയുടെ വർധന. ഇതിൽ 20.88 ലക്ഷം കോടി രൂപ ഒരു വർഷംവരെ കാലയളവുള്ള ഹ്രസ്വകാല വായ്‌പയാണ്‌. അടുത്ത ആറ്‌–- ഒമ്പത്‌ മാസ കാലയളവിൽ ഹ്രസ്വകാല വായ്‌പ ഡോളറിൽ തിരിച്ചടയ്‌ക്കണം.

ഡോളറിനെതിരായി മൂല്യത്തിൽ കൂപ്പുകുത്തുന്ന രൂപയ്‌ക്കുമേൽ ഇത്‌ കൂടുതൽ സമ്മർദം സൃഷ്ടിക്കും. ചൊവ്വാഴ്‌ച ഡോളറിനെതിരായി 79.38ലേക്ക്‌ രൂപ ഇടിഞ്ഞു. ഡിസംബറിനുശേഷം ആറുശതമാനത്തിന്‌ അടുത്താണ്‌ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായത്‌. രൂപയെ പിടിച്ചുനിർത്തുന്നതിനായി ഫെബ്രുവരിമുതൽ ഇതുവരെയായി 4100 കോടി ഡോളർ ആർബിഐ വിറ്റഴിച്ചു. എന്നാൽ, ഓഹരിവിപണിയിൽനിന്ന്‌ വിദേശനിക്ഷേപകരുടെ പിൻവാങ്ങലും വിദേശകടത്തിന്റെ ഡോളറിലുള്ള തിരിച്ചടവ്‌ ബാധ്യതയുമെല്ലാം ആർബിഐ ഇടപെടലുകളെ നിഷ്‌ഫലമാക്കി.  ഒമ്പതുമാസത്തിനിടെ ഓഹരിവിപണിയിൽ 2.50 ലക്ഷം കോടി രൂപയുടെ പിൻവലിക്കലാണ്‌ വിദേശനിക്ഷേപകർ നടത്തിയത്‌. കടബാധ്യതാ ഇനത്തിൽ 31,200 കോടി രൂപയും പുറത്തേക്കൊഴുകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top