13 August Saturday
ലോകം കണ്ടു കര്‍ഷകരെ

കേന്ദ്രത്തെ അമ്പരപ്പിച്ച സമരരീതി ; ഐക്യത്തിന്റെ ജയം

പ്രത്യേക ലേഖകൻUpdated: Friday Nov 19, 2021

ന്യൂഡൽഹി > കേന്ദ്രസർക്കാരിന്റെ അഹന്തയ്‌ക്കുമേൽ ജനകീയ ഐക്യം നേടിയ വിജയം. എന്ത്‌ ത്യാഗം സഹിച്ചും നിശ്ചയദാർഢ്യത്തോടെ സമരം തുടർന്ന കർഷകർക്ക്‌ തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും അളവറ്റ പിന്തുണ നൽകി. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിൽ ഇത്ര ദീർഘവും ജനകീയവുമായ പ്രക്ഷോഭം ഉണ്ടായിട്ടില്ല.

കേന്ദ്രസർക്കാരിനെ അമ്പരപ്പിച്ച സമരരീതിയാണ്‌ കർഷകർ സ്വീകരിച്ചത്‌. ‘ഡൽഹി ചലോ’ മാർച്ച്  കഴിഞ്ഞ നവംബർ 26ന്‌ സിൻഘു അതിർത്തിയിൽ പൊലീസ്‌ തടഞ്ഞതോടെ പതിനായിരക്കണക്കിനു കർഷകർ അവിടെ അനിശ്ചിതകാല സമരം തുടങ്ങി. കിലോമീറ്ററുകൾ നീളത്തിൽ കൂടാരങ്ങൾ സ്ഥാപിച്ചു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമൊരുക്കി. ദിവസങ്ങൾക്കകം ടിക്രിയിലും സമരകേന്ദ്രം തുറന്നു. 20 കിലോമീറ്റർ നീളത്തിലാണ്‌ ടിക്രി സമരകേന്ദ്രം.തൊഴിലാളികളും വ്യാപാരികളും കർഷകർക്ക്‌ സഹായഹസ്‌തവുമായെത്തി. ഭക്ഷണം പാകം ചെയ്യാൻ ഗ്രാമങ്ങളിൽനിന്ന്‌ ആട്ടയും എണ്ണയും അരിയും കടലയും പാലും നെയ്യും ഒഴുകിയെത്തി. അന്നദാന കേന്ദ്രങ്ങൾ തുറന്നു. മുദ്രാവാക്യങ്ങളും പാട്ടും നൃത്തവും കായിക മത്സരങ്ങളും ഒക്കെയായി സമരകേന്ദ്രങ്ങൾ സജീവമായി. കൊടും തണുപ്പും പൊള്ളുന്ന ചൂടും നേരിടാൻ സന്നാഹങ്ങളൊരുക്കി. ദേശീയപാതയോരങ്ങളിൽ ലഭ്യമായ ഇടങ്ങളിൽ കൃഷി തുടങ്ങി.

ഒന്നാം മോദിസർക്കാരിന്റെ തുടക്കത്തിൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസ്‌ പിൻവലിപ്പിക്കാൻ കർഷകസംഘടനകളുടെ നേതൃത്വത്തിലുള്ള ഭൂമി അധികാർ ആന്ദോളൻ പ്രസ്ഥാനത്തിനു കഴിഞ്ഞു. 2015–-2018 കാലത്ത്‌ ന്യായമായ മിനിമം താങ്ങുവിലയും കടക്കെണിയിൽനിന്ന്‌ ആശ്വാസവും ആവശ്യപ്പെട്ട്‌ കർഷകർ സമരത്തിലായിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്‌, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ അഖിലേന്ത്യ കിസാൻസഭയുടെയും  കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ അതിശക്തമായ പ്രക്ഷോഭങ്ങൾ നടന്നു. ലോങ്‌മാർച്ചുകൾ, പാർലമെന്റ്‌ മാർച്ച്‌, കർഷകപാർലമെന്റ്‌ എന്നിവ രാജ്യശ്രദ്ധയാകർഷിച്ചു2018ലെ മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതോടെ കേന്ദ്രസർക്കാർ കർഷകരോഷത്തിന്റെ ചൂടറിഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കർഷകർക്ക്‌ മോഹനവാഗ്‌ദാനങ്ങൾ നൽകി. വീണ്ടും അധികാരത്തിൽവന്ന മോദിസർക്കാർ കൊണ്ടുവന്ന കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരെയാണ്‌ കർഷകർ നെഞ്ചുറപ്പോടെ രംഗത്തിറങ്ങിയത്‌. 359 ദിവസമായി തുടരുന്ന പ്രക്ഷാേഭം ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ പ്രതിരോധം സാധ്യമല്ലെന്ന മിഥ്യ തകർത്തു.

ലോകം കണ്ടു കര്‍ഷകരെ
കർഷക പോരാട്ടത്തിന്‌ അന്താരാഷ്ട്രതലത്തിൽ ലഭിച്ചത്‌ വലിയ പിന്തുണ. കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങളിൽ ഭൂരിഭാഗവും കരിതേയ്‌ക്കാൻ ശ്രമിച്ചപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ മഹാപ്രക്ഷോഭത്തിന്റെ ചൂടും ചൂരും ലോകത്തെ അറിയിച്ചു.

പോപ്പ്‌ഗായിക റിഹാന, പരിസ്ഥിതിപ്രവർത്തക ഗ്രെറ്റാ ത്യൂൺബെർഗ്‌, അമേരിക്കൻ വൈസ്‌പ്രസിഡന്റ്‌ കമല ഹാരിസിന്റെ സഹോദരീപുത്രി മീനാഹാരിസ്‌ എന്നിങ്ങനെ പിന്തുണച്ചവരുടെ പട്ടിക നീണ്ടു.   പ്രക്ഷോഭത്തിൽ ഏർപ്പെട്ട കർഷകരുടെ സുരക്ഷയെക്കുറിച്ച്‌ മാർച്ച്‌ എട്ടിന്‌  ബ്രിട്ടീഷ്‌ പാർലമെന്റിൽ എംപിമാർ  പ്രത്യേക ചർച്ച നടത്തി. ഇതേത്തുടർന്ന്‌ വിദേശമന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. ന്യായമായ അവകാശങ്ങൾക്കായുള്ള കർഷകരുടെ സമാധാനപൂർവമായ പോരാട്ടത്തിന്‌ പിന്തുണ എന്നുമുണ്ടാകുമെന്ന്‌ ക്യാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top