26 April Friday

കേന്ദ്രം കീഴടങ്ങുന്നു: കർഷക സമരം പൂർണ വിജയത്തിലേക്ക്‌

പ്രത്യേക ലേഖകൻUpdated: Sunday Dec 5, 2021

ന്യൂഡൽഹി
കർഷകദ്രോഹ നിയമങ്ങൾ  പിൻവലിച്ചതിനു പിന്നാലെ കർഷകരുടെ ഇതര ആവശ്യങ്ങളും അംഗീകരിക്കാമെന്ന്‌  കേന്ദ്രസർക്കാർ.  വെള്ളിയാഴ്‌ച രാത്രി ആഭ്യന്തരമന്ത്രി അമിത്‌ ഷാ ബികെയു നേതാവ്‌ യുദ്ധ്‌വീർസിങ്‌ വഴി കിസാൻ മോർച്ചയെ സമീപിച്ചാണ്‌ സന്നദ്ധത പ്രകടിപ്പിച്ചത്‌.  കിസാൻമോർച്ച രൂപീകരിക്കുന്ന ഉപസമിതിയുമായി ചർച്ച നടത്താമെന്ന്‌ അമിത്‌ ഷാ അറിയിച്ചതായി യുദ്ധ്‌വീർ സിങ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.  ഇതോടെ കർഷകപ്രക്ഷോഭത്തിന്‌ മുന്നിൽ  സർക്കാർ പൂർണമായും കീഴടങ്ങി.  

കേന്ദ്രസർക്കാരുമായി  തുടർചർച്ചകൾക്ക്‌ അഖിലേന്ത്യ കിസാൻസഭ അധ്യക്ഷൻ ഡോ. അശോക്‌ ധാവ്‌ളെ, ബൽബീർ സിങ്‌ റജേവൽ, ഗുർണാം സിങ്‌ ചദൂനി, ശിവ്‌കുമാർ കാക്ക, യുദ്ധ്‌വീർ സിങ്‌ എന്നിവരടങ്ങിയ അഞ്ചംഗ സമിതി രൂപീകരിച്ചെന്ന്‌ കിസാൻ മോർച്ച വക്താക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിൻഘുവിൽ  ചേർന്ന കിസാൻ മോർച്ച യോഗത്തിലാണ്‌ ഉപസമിതി രൂപീകരിച്ചത്‌.

അമിത്‌ ഷായുടെ നിർദേശപ്രകാരം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും കിസാൻമോർച്ച പ്രതിനിധികളും നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ 212 കേസ്‌ പിൻവലിക്കാൻ തീരുമാനമായി.  മറ്റ്‌ സംസ്ഥാനങ്ങളിൽ ഇതുസംബന്ധിച്ച്‌ ഉടൻ തീരുമാനമാകും. അഞ്ചംഗ ഉപസമിതി സംസ്ഥാനതല സമിതികളുമായും ആശയവിനിമയം നടത്തും.

ഇക്കാര്യത്തിലെ  പുരോഗതി വിലയിരുത്തി,  കിസാൻമോർച്ച ചൊവ്വാഴ്‌ച വീണ്ടും യോഗം ചേർന്ന്‌ ഡൽഹി അതിർത്തികളിലെ സമരകാര്യത്തിൽ തീരുമാനമെടുക്കും. മൂന്ന്‌ കാർഷികനിയമം പിൻവലിക്കുകയെന്ന പ്രധാന ആവശ്യം നേരത്തേ നേടിയിരുന്നു. പാർലമെന്റ്‌ പാസാക്കിയ പിൻവലിക്കൽ ബിൽ രാഷ്ട്രപതിയും അംഗീകരിച്ചു. സംസ്ഥാനങ്ങളിൽ കർഷകർക്കും സമരത്തിന്‌ പിന്തുണ നൽകിയവർക്കുമെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, സമരത്തിനിടെ ജീവൻ നഷ്ടമായ 708 കർഷകരുടെ കുടുംബങ്ങൾക്ക്‌  മതിയായ നഷ്ടപരിഹാരം നൽകുക, ഇവർക്ക്‌ സ്‌മാരകം നിർമിക്കാൻ ഭൂമി അനുവദിക്കുക, ലഖിംപുർ ഖേരി കൂട്ടക്കൊലയ്‌ക്ക്‌ ഉത്തരവാദിയായ അജയ്‌ മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ പുറത്താക്കുക, മിനിമം താങ്ങുവില നിയമപരമാക്കുക, വൈദ്യുതിമേഖല സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ്‌ ശേഷിക്കുന്നതെന്ന്‌ കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top