29 March Friday
ട്രെയിൻ ഗതാഗതം 4 മണിക്കൂർ നിലച്ചു

ട്രെയിൻ തടയൽ താക്കീതായി ; മോഡിക്കുള്ള മുന്നറിയിപ്പെന്ന്‌ 
കിസാൻസഭ

എം പ്രശാന്ത്‌Updated: Friday Feb 19, 2021


ന്യൂഡൽഹി
വൻകിട കോർപറേറ്റുകൾക്കായുള്ള കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നും മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട്‌ കർഷകസംഘടനകൾ രാജ്യവ്യാപകമായി ട്രെയിനുകൾ തടഞ്ഞു. സമരത്തെ തുടർന്ന്‌ വ്യാഴാഴ്‌ച പകൽ 12മുതൽ നാലുവരെ രാജ്യത്ത്‌ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ട്രെയിൻ തടയാനെത്തി. ബിജെപി ഭരണസംസ്ഥാനങ്ങൾ വലിയതോതിൽ പൊലീസിനെയും മറ്റും വിന്യസിച്ച്‌ കർഷകരെ തടയാൻ ശ്രമിച്ചെങ്കിലും സമരത്തെ ദുർബലപ്പെടുത്താനായില്ല.

റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിനും രാജ്യവ്യാപകവഴിതടയൽ സമരത്തിനുംശേഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയായിരുന്നു ട്രെയിൻ തടയൽ. പഞ്ചാബിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തെറിഞ്ഞതിന്റെ ആവേശവും കർഷകർക്കിടയിൽ പ്രകടമായി. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ യുപി തദ്ദേശതെരഞ്ഞെടുപ്പിലും അഞ്ച്‌ സംസ്ഥാനത്ത്‌ ഉടൻ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക്‌ തിരിച്ചടിയേകുമെന്ന്‌ കർഷകസംഘടനകൾ പ്രഖ്യാപിച്ചു.

ബിജെപി ഭരണസംസ്ഥാനങ്ങളായ യുപി, ഹരിയാന, മധ്യപ്രദേശ്‌, കർണാടക, ഗുജറാത്ത്‌, ഹിമാചൽ, ഉത്തരാഖണ്ഡ്‌, എൻഡിഎ ഭരിക്കുന്ന ബിഹാർ എന്നിവിടങ്ങളിൽ ട്രെയിൻ തടയൽ സമരത്തോടുള്ള ജനങ്ങളുടെ  പ്രതികരണത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ ഞെട്ടി‌. യുപിയിലും ഹരിയാനയിലും മധ്യപ്രദേശിലും മറ്റും പതിനായിരങ്ങൾ പങ്കെടത്തു. യുപിയിൽ സമാജ്‌വാദി പാർടി എംഎൽഎമാർ നിയമസഭാ മന്ദിരത്തിന്‌ മുന്നിൽ പ്രതിഷേധിച്ചു. യുപിയിലും മധ്യപ്രദേശിലും മറ്റും ബലമായി നീക്കാൻ പൊലീസ്‌ ശ്രമിച്ചെങ്കിലും കർഷകർ സംഘടിതമായി പ്രതിരോധിച്ചു.

പഞ്ചാബിലും ഹരിയാനയിലും മറ്റും നേരത്തെ തന്നെ പല ട്രെയിനുകളും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറിന്റെ ജന്മനാടായ മധ്യപ്രദേശിലെ ഗ്വാളിയോറിൽ കിസാൻസഭ ജോ. സെക്രട്ടറി ബാദൽ സരോജ്‌, ജില്ലാ സെക്രട്ടറി അഖിലേഷ്‌ യാദവ്‌ എന്നിവരടക്കം അഞ്ഞൂറോളം പ്രവർത്തകരെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു നീക്കി. ഇവിടെ ആയിരങ്ങൾ പങ്കെടുത്തു. കർണാടക, ബിഹാർ, തെലങ്കാന എന്നിവിടങ്ങളിലും കർഷകർ ട്രെയിൻ തടഞ്ഞ്‌ അറസ്‌റ്റുവരിച്ചു.

ഇനി കൊൽക്കത്തയിലേക്ക്‌: ടിക്കായത്ത്‌
കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ ഡൽഹി കേന്ദ്രീകരിച്ചുള്ള കർഷകസമരം തുടരുമെന്ന്‌ ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌. രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതി മാറ്റലാണ്‌ ലക്ഷ്യം. ഭരണകക്ഷി നിലപാട്‌ തിരുത്തുംവരെ സമരം ശക്തമായി തുടരും. ബംഗാളിലെ കർഷകരും പ്രതിസന്ധിയിലാണ്. ട്രാക്ടറുകളുമായി കൊൽക്കത്തയിലേക്ക്‌ നീങ്ങും–- ടിക്കായത്ത്‌ പറഞ്ഞു.

ട്രെയിൻ ഗതാഗതം  4 മണിക്കൂർ നിലച്ചു
കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട്‌ കർഷകസംഘടനകൾ ആഹ്വാനംചെയ്‌ത രാജ്യവ്യാപക ട്രെയിൻതടയൽ പൂർണം. ത്രിപുരയും അസമും ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം ട്രെയിനുകൾ തടഞ്ഞു. രാജ്യത്ത്‌ നാലുമണിക്കൂർ ട്രെയിൻ ഗതാഗതം നിലച്ചു.

ബംഗാളിലെ 77, ജാർഖണ്ഡിലെ 65, തെലങ്കാനയിലെ 55, ഒഡിഷയിലെ 30, ആന്ധ്രയിലെ 23, രാജസ്ഥാനിലെ 21,  മധ്യപ്രദേശിലെ 11,  കർണാടകയിലെ ഒമ്പത്‌ സ്‌റ്റേഷനുകളിലും കിസാൻസഭ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. മറ്റ്‌ കർഷകസംഘടനാ പ്രവർത്തകരും വിവിധ സ്‌റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞു. സ്‌ത്രീകളും കുട്ടികളുമടക്കം റെയിൽ പാളങ്ങളിലും പ്ലാറ്റ്ഫോമുകളിലും കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. 

ബിഹാറിലെ ബെട്ടിയ, കർണാടകയിലെ ബംഗാർപ്പെട്ട്‌ എന്നിവിടങ്ങളിലുൾപ്പെടെ കിസാൻസഭ പ്രവർത്തകർ ട്രെയിൻ തടഞ്ഞ്‌ അറസ്‌റ്റുവരിച്ചു. പഞ്ചാബിൽ ഡൽഹി–- ലുധിയാന–- അമൃത്‌സർ റെയിൽപ്പാത കർഷകർ പൂർണമായും ഉപരോധിച്ചു. ജലന്ദർ–- ജമ്മു, ലുധിയാന–- ഫിറോസ്‌പ്പുർ റൂട്ടിലും ഹരിയാനയിൽ റോത്തക്ക്‌, അംബാല, കുരുക്ഷേത്ര, പാനിപ്പത്ത്‌, സൊനെപ്പത്ത്‌, ഹിസാർ, ഫത്തേഹാബാദ്‌ എന്നിവിടങ്ങളിലും കർഷകർ പാളങ്ങളിലിരുന്ന്‌ ട്രെയിനുകൾ ഉപരോധിച്ചു. പല ട്രെയിനുകളും ഉപരോധം പൂർണമാകുംവരെ വിവിധ സ്‌റ്റേഷനുകളിൽ നിർത്തിയിട്ടു. ട്രെയിൻ തടയൽ കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്ന്‌ റെയിൽവേ അവകാശപ്പെട്ടു.

മോഡിക്കുള്ള മുന്നറിയിപ്പെന്ന്‌ 
കിസാൻസഭ
കർഷകസംഘടനകൾ ആഹ്വാനംചെയ്‌ത ട്രെയിൻ തടയൽ സമരം വൻവിജയമായത്‌ മോഡി സർക്കാരിനുള്ള മുന്നറിയിപ്പാണെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ദാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്‌താവനയിൽ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന കർഷകരുടെ ദൃഢനിശ്‌ചയമാണ്‌ ട്രെയിൻ തടയലിൽ പ്രകടമായത്‌. തൊഴിലാളികളും മറ്റു ബഹുജനങ്ങളും പിന്തുണയ്‌ക്കുന്ന  ഉജ്വല സമരത്തിന്‌ മുന്നിൽ മോഡി സർക്കാരിന്‌ മുട്ടുമടക്കേണ്ടിവരും. സമരത്തിൽ പങ്കെടുത്ത കർഷകരെ അഭിനന്ദിച്ച നേതാക്കൾ സമരത്തെ പിന്തുണച്ച മറ്റ്‌ വിഭാഗം ആളുകൾക്ക്‌ അഭിവാദ്യങ്ങളും അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top