25 April Thursday

തുടരും പോരാടും: 29 മുതൽ പാർലമെന്റ്‌ മാർച്ച്‌

പ്രത്യേക ലേഖകൻUpdated: Sunday Nov 21, 2021

ന്യൂഡൽഹി > എല്ലാ ആവശ്യവും നേടിയെടുക്കുംവരെ പ്രക്ഷോഭം പൂർണതോതിൽ തുടരുമെന്ന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പ്രസ്‌താവനയിൽ പറഞ്ഞു.  22ന്‌ ലഖ്‌നൗവിൽ ചേരുന്ന കിസാൻ മഹാപഞ്ചായത്ത്‌ വൻവിജയമാക്കാനും കർഷകരോട്‌ ആഹ്വാനം ചെയ്‌തു. 26ന്‌ എല്ലാ സമരകേന്ദ്രത്തിലും വിപുലമായ പ്രക്ഷോഭ വാർഷികാചരണം. 29 മുതൽ  പാർലമെന്റ്‌ മാർച്ച്‌. ടോൾ പ്ലാസകളിലെ സമരം തുടരും.

വിളകൾക്ക്‌ ന്യായമായ താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുന്ന നിയമമെന്നതാണ്‌ ഏറ്റവും പ്രധാന ആവശ്യം.  വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കണം. ഡൽഹി വായു മലിനീകരണത്തിന്റെ പേരിൽ കർഷകർക്ക്‌ കടുത്ത ശിക്ഷ വ്യവസ്ഥചെയ്യുന്ന വകുപ്പുകൾ പിൻവലിക്കണം. കാർഷികനിയമങ്ങൾ പിൻവലിക്കുമെന്ന്‌ അറിയിച്ച പ്രധാനമന്ത്രി, രക്തസാക്ഷികളായ എഴുനൂറ്റമ്പതിൽപ്പരം കർഷകരെക്കുറിച്ച്‌ മിണ്ടുന്നില്ല. രക്തസാക്ഷി കുടുംബാംഗങ്ങൾക്ക്‌ നഷ്ടപരിഹാരവും ജോലിയും നൽകണം. ഹരിയാന, ഉത്തർപ്രദേശ്‌, ഡൽഹി, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌, ചണ്ഡീഗഢ്‌ എന്നിവിടങ്ങളിൽ കർഷകർക്കെതിരെയെടുത്ത കള്ളക്കേസുകൾ പിൻവലിക്കണം.

യുപി  ലഖിംപുർ ഖേരി  കർഷക കൂട്ടക്കൊലയുടെ സൂത്രധാരനായ അജയ്‌ മിശ്ര കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായി തുടരുന്നു. ലഖ്‌നൗവിൽ ഡിജിപിമാരുടെ  സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. കരിമ്പ്‌ വിളവെടുപ്പിനോടനുബന്ധിച്ച്‌  ലഖിംപുർ ഖേരിയിൽ 24ന്‌ നടക്കുന്ന സർക്കാർ പരിപാടിയിൽ മുഖ്യാതിഥിയാണ്‌. ഈ ചടങ്ങ്‌ റദ്ദാക്കണം. മിശ്രയെ മന്ത്രിസഭയിൽനിന്ന്‌ പുറത്താക്കി അറസ്‌റ്റ്‌ ചെയ്യണം.

ഡൽഹി സമരകേന്ദ്രങ്ങളിലും സംസ്ഥാനതലസ്ഥാനങ്ങളിലും 26ന്‌ ട്രാക്ടർ, കാളവണ്ടി റാലികൾ സംഘടിപ്പിക്കും. 28ന്‌ മുംബൈ ആസാദ്‌ മൈതാനത്ത്‌ തൊഴിലാളി, കർഷക മഹാപഞ്ചായത്ത്‌. നൂറിൽപ്പരം സംഘടനയുടെ പങ്കാളിത്തമുണ്ടാകും. 29 മുതലുള്ള പാർലമെന്റ്‌ മാർച്ചിൽ എല്ലാ ദിവസവും  ട്രാക്ടർ ട്രോളികളിൽ  500 കർഷകർ വീതം സമാധാനപരമായി  പങ്കെടുക്കും–- എസ്‌കെഎം പറഞ്ഞു.
 
വിജയാഹ്ലാദത്തിനിടെ  കർഷകൻ മരിച്ചു

കാർഷികനിയമങ്ങൾ പിൻവലിച്ച ആഹ്ലാദത്തിനിടെ ട്രിക്രി സമരകേന്ദ്രത്തിൽ കർഷകൻ കുഴഞ്ഞുവീണ്‌ മരിച്ചു. പഞ്ചാബിലെ മുക്‌ത്‌സർ ജില്ലയിൽനിന്നുള്ള ബികെയു പ്രവർത്തകൻ ജസ്‌വീന്ദർ സിങ്ങാണ്‌ മരിച്ചത്‌. 2020 നവംബർ 26ന്‌ ടിക്രിയിൽ എത്തിയശേഷം അദ്ദേഹം നാട്ടിലേക്ക്‌ തിരികെ പോയില്ല. ഇതുപോലുള്ള പോരാളികളുടെ  ത്യാഗം നിസ്‌തുലമാണെന്ന്‌ എസ്‌കെഎം അനുസ്‌മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top