16 April Tuesday

ഉറച്ച് കര്‍ഷകര്‍, വ്യാഴാഴ്ച വീണ്ടും ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

ഫോട്ടോ : കെ എം വാസുദേവന്‍

ന്യൂഡല്‍ഹി>  മൂന്ന് കാര്‍ഷിക നിയമങ്ങളും വൈദ്യുതിബില്ലും പിന്‍വലിക്കാതെ  പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന  നിലപാടില്‍ ഉറച്ച് കര്‍ഷക സംയുക്തസമരസമിതി. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് നേട്ടമാണെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ശ്രമിച്ചതോടെ ചര്‍ച്ചയില്‍ തീരുമാനമായില്ല. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടക്കും.
 
 കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍, വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്ത് വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ച മൂന്നരമണിക്കൂര്‍ നീണ്ടു. മൂന്ന് കാര്‍ഷികനിയമങ്ങളും വൈദ്യുതി ബില്ലും പിന്‍വലിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്കുശേഷം അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു.

കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ള മരണവാറന്റാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മന്ത്രിമാര്‍ പ്രതികരിച്ചതോടെ അവ മരവിപ്പിക്കണമെന്ന് സംഘടനനേതാക്കള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടുവെങ്കിലും സമരസമിതി ഇക്കാര്യം അംഗീകരിച്ചില്ല. സമരസമിതിയുമായി മൊത്തത്തില്‍ ചര്‍ച്ച നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

 നിയമങ്ങളോടുള്ള എതിര്‍പ്പുകള്‍ ബുധനാഴ്ച സംഘടനകള്‍ എഴുതിനല്‍കാനും വ്യാഴാഴ്ച അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്താമെന്നും ഒടുവില്‍ ധാരണയായി. അതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. തെറ്റിദ്ധാരണജനകമായ പ്രസ്താവനകളില്‍നിന്ന്  പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്മാറണമെന്ന് അഖിലേന്ത്യ കിസാന്‍സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top