20 April Saturday

രണ്ടാം കർഷക പ്രക്ഷോഭത്തിന്‌ ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ന്യൂഡൽഹി> മോദി സർക്കാരിനെതിരെ രണ്ടാം കർഷകപ്രക്ഷോഭത്തിന്‌ നാന്ദി കുറിച്ച്‌ തിങ്കളാഴ്‌ച ഡൽഹിയിൽ കർഷക മഹാപഞ്ചായത്ത്‌. രാംലീല മൈതാനം ലക്ഷ്യമാക്കി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന്‌ കർഷകർ പ്രവഹിക്കുന്നു. സുശക്തമായ തുടർ പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിൽ അരങ്ങേറിയ ഐതിഹാസിക കർഷകപ്രക്ഷോഭം കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ചാണ്‌ പര്യവസാനിച്ചത്‌. അതിനുശേഷം വീണ്ടും ഡൽഹി കർഷക പോരാട്ടം. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരിരക്ഷ, താങ്ങുവില നിർണയിക്കുന്നതിൽ കേന്ദ്രം ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട്‌ കർഷകനേതാക്കളെ ഉൾപ്പെടുത്തി പുതിയ  കമ്മിറ്റിയുണ്ടാക്കുക, കാർഷിക വായ്‌പകള്‍ എഴുതിത്തള്ളുക, കര്‍ഷകവിരുദ്ധ വൈദ്യുതി ബിൽ പിൻവലിക്കുക, ലഖിംപുർഖേരി കർഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയെ ക്യാബിനറ്റിൽനിന്ന്‌ പുറത്താക്കി അറസ്റ്റ്‌ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ്‌ മഹാപഞ്ചായത്ത്‌.

വിവിധ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ നടക്കും.  കോർപറേറ്റുകളുടെ ലാഭത്തിനുമാത്രം സഹായിക്കുന്നതുമാണ്‌ മോദി സർക്കാരിന്റെ വികസന നയമെന്ന്‌ നേതാക്കൾ ചൂണ്ടിക്കാട്ടി. സംയുക്ത കിസാൻ മോർച്ച നേതാക്കളായ ഹന്നൻ മൊള്ള, ദർശൻ പാൽ, ഭൂട്ടാസിങ്, സാമൂഹ്യപ്രവർത്തക മേധാ പട്‌കർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top