25 April Thursday
സർക്കാർ നിർദേശം സമരസമിതി അംഗീകരിച്ചാൽ മാത്രമേ അടുത്ത ചർച്ചയുള്ളുവെന്ന്‌‌ മന്ത്രിമാർ

കേന്ദ്രം പിടിവാശിയില്‍ ; വഴിമുട്ടി ചർച്ച ; ട്രാക്ടർ റാലിയടക്കം സമരവുമായി മുന്നോട്ടുപോകുമെന്ന്‌ കർഷകർ

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


ന്യൂഡൽഹി
കർഷകസമരസമിതി നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തിവരുന്ന ചർച്ച കേന്ദ്രസർക്കാരിന്റെ പിടിവാശിയിൽ വഴിമുട്ടി. കാർഷികനിയമങ്ങൾ തൽക്കാലം മരവിപ്പിക്കാമെന്ന സർക്കാർ നിർദേശം സമരസമിതി അംഗീകരിച്ചാൽ മാത്രമേ അടുത്തവട്ടം ചർച്ചയുള്ളു എന്ന നിലപാട്‌ മന്ത്രിമാർ എടുത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. വിജ്ഞാൻ ഭവൻ ഹാളിൽ വെള്ളിയാഴ്‌ച നടന്ന 11–-ാം  വട്ട യോഗം കലുഷമായി.ചര്‍ച്ച നീണ്ടത് 20 മിനിറ്റു‌മാത്രം.

നിയമങ്ങൾ 18 മാസമോ രണ്ട്‌ വർഷമോ മരവിപ്പിക്കാമെന്ന  നിർദേശം തള്ളി സംയുക്തസമരസമിതി വ്യാഴാഴ്‌ച വാർത്താക്കുറിപ്പ്‌ ഇറക്കിയതിൽ കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ അതൃപ്‌തി പ്രകടിപ്പിച്ചു. മൂന്നു നിയമവും പിൻവലിക്കുക എന്നതിൽ കുറഞ്ഞ ആവശ്യമില്ലെന്ന്‌ പലതവണ വ്യക്തമാക്കിയതാണെന്ന്‌ നേതാക്കൾ പ്രതികരിച്ചു. കർഷകനേതാക്കൾക്കുനേരെ പലവിധ ഭീഷണി ഉയരുന്നതിൽ മന്ത്രിമാരെ പ്രതിഷേധം അറിയിച്ചു.

ഉച്ചഭക്ഷണത്തിന്‌ പിരിഞ്ഞശേഷം ഒരു മണിക്കൂർ വൈകിയാണ്‌ തോമറും പൊതുവിതരണമന്ത്രി പിയൂഷ്‌ ഗോയലും എത്തിയത്‌. മിനിറ്റുകൾക്കുള്ളിൽ യോഗം പിരിഞ്ഞു. 26ന്റെ ട്രാക്ടർ റാലി അടക്കമുള്ള സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന്‌ യോഗത്തിനുശേഷം നേതാക്കൾ മാധ്യമങ്ങളോട്‌ പറഞ്ഞു.

അഭിപ്രായശേഖരണം‌ തുടങ്ങിയെന്ന്‌ വിദഗ്‌ധസമിതി
കാർഷികനിയമങ്ങളെക്കുറിച്ച്‌ അഭിപ്രായം ശേഖരിച്ച്‌ തുടങ്ങിയെന്ന്‌ സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ മൂന്ന്‌ അംഗങ്ങൾ അറിയിച്ചു. നിയമങ്ങളുടെ നടത്തിപ്പ്‌ ഫലപ്രദമാക്കാനുള്ള നിർദേശങ്ങൾ ലഭിച്ചുവെന്ന്‌ അശോക്‌ ഗുലാത്തി, പ്രമോദ്‌ ജോഷി, അനിൽ ഗൻവത്‌ എന്നിവർ പറഞ്ഞു.

എട്ട്‌ സംസ്ഥാനത്തെ 10 കർഷകസംഘടനയാണ്‌ അഭിപ്രായം അറിയിച്ചതെന്ന്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. വീഡിയോ കോൺഫറൻസിങ്‌ സംവിധാനത്തിലാണ്‌ യോഗം നടത്തിയത്‌.

സർക്കാർ നിർദേശം നിയമവിരുദ്ധം
നിയമങ്ങൾ മരവിപ്പിക്കാൻ സർക്കാരിന്‌ കഴിയില്ലെന്ന്‌ നിയമോപദേശം ലഭിച്ചതായി അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും അറിയിച്ചു. പാർലമെന്റ്‌ പാസാക്കിയ നിയമങ്ങൾ മാറ്റിവയ്‌ക്കാമെന്ന മന്ത്രിസഭാ സമിതിയുടെ നിർദേശത്തിന്‌ നിയമസാധുതയില്ല. നിയമങ്ങൾ സ്‌റ്റേ ചെയ്യണമെന്ന്‌ സുപ്രീംകോടതിയോട്‌ സർക്കാരിന്‌ ആവശ്യപ്പെടാം. അല്ലെങ്കിൽ നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്റിൽ ബിൽ കൊണ്ടുവരണം.

പാർലമെന്റിന്റെ അധികാരം കവർന്നെടുക്കാനുള്ള മന്ത്രിസഭാ സമിതിയുടെ ശ്രമം നിലനിൽക്കുന്നതല്ല. നിയമങ്ങൾ നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിട്ടുണ്ട്‌. രണ്ട്‌ വർഷത്തോളം നിയമങ്ങൾ മരവിപ്പിക്കാമെന്ന്‌ പറയുന്ന സർക്കാരിന്‌ ഇവ പിൻവലിക്കാൻ എന്താണ്‌ തടസ്സമെന്ന്‌ കിസാൻസഭ നേതാക്കൾ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top