29 March Friday

കർഷക പ്രക്ഷോഭം‌; വിദ്യാർഥിനി അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Monday Feb 15, 2021

ന്യൂഡൽഹി > കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സ്വീഡിഷ്‌ പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ത്യൂൺബെർഗ്‌ ട്വീറ്റ്‌ ചെയ്‌ത ‘ടൂൾകിറ്റ്‌’ രേഖയുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്‌റ്റ്‌. ബംഗളൂരു മൗണ്ട്‌ കാർമൽ കോളേജിലെ ബിബിഎ വിദ്യാർഥിനിയും പരിസ്ഥിതിപ്രവർത്തകയുമായ ദിഷ രവിയെ‌ (21)  ഡൽഹി പൊലീസ്‌ സൈബർസെൽ ശനിയാഴ്‌ചയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സൊലദേവനഹള്ളിയിലെ വീട്ടിൽനിന്ന്‌ കസ്‌റ്റഡിയിലെടുത്ത ദിഷയെ രാത്രിതന്നെ ഡൽഹിയിലെത്തിച്ചു. ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പട്യാല ഹൗസ്‌ കോടതിയിൽ ഹാജരാക്കിയ ദിഷയെ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌  അഞ്ച്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു.

കർഷകപ്രക്ഷോഭത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന രേഖയെന്ന പേരിലാണ്‌ ഗ്രേറ്റ ത്യുൺബെർഗ്‌ അവരുടെ ട്വിറ്റർ അക്കൗണ്ടിൽ ‘ടൂൾകിറ്റ്‌’ പോസ്‌റ്റ്‌ ചെയ്‌തത്‌. ഇത്‌ രാജ്യത്തിനെതിരെ ഖലിസ്ഥാൻ ഭീകരരുടെ കലാപാഹ്വാനമാണെന്ന്‌ ഡൽഹിപൊലീസ്‌ ആരോപിച്ചു. ഫെബ്രുവരി മൂന്നിന്‌ ദിഷ രവി മൊബൈൽഫോണിൽ‌ ഈ രേഖ എഡിറ്റ്‌ ചെയ്‌തിട്ടുണ്ട്‌. വിശദമായി ചോദ്യംചെയ്‌താലേ ഗൂഢാലോചനയിലെ കൂടുതൽ കണ്ണികളെ പുറത്തുകൊണ്ടുവരാൻ പറ്റൂവെന്നും പൊലീസ്‌ വാദിച്ചു. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ദിഷ ഒരുഗൂഢാലോചനയിലും പങ്കില്ലെന്നും രേഖയിൽ രണ്ടുവരി മാത്രമാണ്‌ എഡിറ്റ്‌ ചെയ്‌ത്‌ ചേർത്തതെന്നും അറിയിച്ചു. ആസൂത്രിതമായി സ്‌പർധയും വിദ്വേഷവും പടർത്താൻ ശ്രമിച്ചെന്ന പേരിൽ  10 ‌ദിവസംമുമ്പ്‌ ഗ്രേറ്റക്കെതിരെ ഡൽഹി പൊലീസ്‌ കേസെടുത്തിരുന്നു.

ഗ്രേറ്റയും മറ്റുചിലരും ഷെയർ ചെയ്‌ത ‘ടൂൾകിറ്റ്‌’ രേഖയുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ, ഇ–-മെയിലുകൾ, യുആർഎല്ലുകൾ തുടങ്ങിയ വിവരങ്ങൾ കൈമാറാൻ പൊലീസ്‌ ഗൂഗിളിനും ട്വിറ്ററിനും നിർദേശം നൽകിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആദ്യ അറസ്‌റ്റെന്ന് ‌പൊലീസ്‌ അവകാശപ്പെട്ടു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top