26 April Friday

പാർലമെന്റിന്‌ മുന്നിൽ കർഷക പാർലമെന്റ്‌ തുടരുന്നു

സ്വന്തം ലേഖകൻUpdated: Saturday Jul 24, 2021

ന്യൂഡൽഹി> കാർഷിക നിയമങ്ങൾക്കെതിരായി പ്രക്ഷോഭത്തിലുള്ള കർഷകർ രണ്ടാം ദിവസവും പാർലമെന്റിന്‌ മുന്നിൽ മാർച്ചും കർഷക പാർലമെന്റും സംഘടിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ 200 കർഷകരാണ്‌ മാർച്ചിലും പാർലമെന്റിലും പങ്കാളികളായത്‌. വൈകുന്നേരം പാർലമെന്റ്‌ അവസാനിപ്പിച്ച്‌ സിംഘു അതിർത്തിയിലേക്ക്‌ മടങ്ങി. തിങ്കളാഴ്‌ചയും കർഷക പാർലമെന്റ്‌ ചേരും. കർഷകർക്ക്‌ മെച്ചപ്പെട്ട വില കിട്ടുന്നതിൽ ഏറെ നിർണായകമായ മണ്ഡി (വിപണി) സംവിധാനത്തെ അട്ടിമറിക്കുന്ന എപിഎംസി ഭേദഗതി നിയമം കേന്ദ്രം പിൻവലിക്കണമെന്ന്‌ കർഷക പാർലമെന്റിൽ രണ്ടാം ദിവസം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. മണ്ഡി സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും പ്രമേയം നിർദേശിച്ചു.

പാർലമെന്റിന്‌ സമാനമായി ചോദ്യോത്തരവേള പോലുള്ള നടപടിക്രമങ്ങൾ കർഷകർ പാർലമെന്റിലുമുണ്ടായി. ‘കൃഷി മന്ത്രി’ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച്‌ ചോദ്യങ്ങൾക്ക്‌ മറുപടി നൽകിയെങ്കിലും സഭാംഗങ്ങളായ കർഷകർ അതൃപ്‌തി അറിയിക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന്‌ ‘കൃഷി മന്ത്രി’ കർഷക പാർലമെന്റിൽ പ്രതീകാത്‌മകമായി രാജി പ്രഖ്യാപനം നടത്തി.

സംഘപരിവാറും മോഡി സർക്കാരും സമരത്തിലുള്ള കർഷകർക്കെതിരായി നടത്തിവരുന്ന അപവാദ  പ്രചാരണങ്ങളെയെല്ലാം തുറന്നുകാട്ടാൻ പാർലമെന്റിന്‌ മുന്നിൽ രണ്ടു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിന്‌ സാധിച്ചുവെന്ന്‌ സംയുക്ത കിസാൻമോർച്ച അറിയിച്ചു. കർഷകർ അക്രമികളാണെന്നും കാർഷിക നിയമങ്ങളെ കുറിച്ച്‌ അവബോധമില്ലെന്നുമാണ്‌ സംഘപരിവാർ പ്രചാരണം. പാർലമെന്റിന്‌ മുന്നിൽ രണ്ടുദിവസത്തെ പ്രതിഷേധം തീർത്തും സമാധാനപരമായിരുന്നു. കർഷക പാർലമെന്റിലെ ചർച്ചകൾ കാർഷിക നിയമങ്ങളുടെ ദോഷവശങ്ങൾ തുറന്നുകാട്ടുന്നതായി. തുടർന്നുള്ള ദിവസങ്ങളിലും സമാധാനപരമായി കർഷക പാർലമെന്റ്‌ ചേരും.

കർഷകരെ അക്രമികളെന്ന്‌ വിശേഷിപ്പിച്ച കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി വെള്ളിയാഴ്‌ച ഖേദപ്രകടനം നടത്തി. സംയുക്ത കിസാൻ മോർച്ചയും കർഷക നേതാക്കളും ലേഖിയുടെ പരാമർശത്തിനെതിരായി രംഗത്തുവന്നിരുന്നു. കർഷകർ ‘മാവാലി’കളാണെന്ന്‌ വ്യാഴാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ ലേഖി പറഞ്ഞിരുന്നു. അക്രമികളെയും ഗുണ്ടകളെയും മറ്റും വിശേഷിപ്പിക്കുന്ന പദമാണിത്‌. പരാമർശം വിവാദമായതോടെ കർഷകരോട്‌ ക്ഷമ പറയുന്നതായും അത്തരമൊരു പദപ്രയോഗം ഒരു പ്രത്യേക സാഹചര്യത്തിൽ നടത്തിയതാണെന്നും ലേഖി പറഞ്ഞു.

ഹരിയാനയിലെ സിർസയിൽ കർഷകർക്കെതിരായ രാജ്യദ്രോഹ കുറ്റം അടക്കമുള്ള കേസുകൾ പൊലീസ്‌ പിൻവലിച്ചു. ജയിലിൽ അടച്ച അഞ്ച്‌ കർഷക നേതാക്കളെ വിട്ടയക്കുകയും ചെയ്‌തു. ഇതോടെ അഞ്ചുദിവസമായി തുടർന്നുവന്ന നിരാഹാര സമരം കർഷക നേതാവ്‌ സർദാർ ബൽദേവ്‌ സിങ്‌ സിർസ പിൻവലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top