24 April Wednesday

കർഷകപ്രക്ഷോഭത്തെ നേരിടാന്‍ എൻഐഎ; സംഘടനയുടെ നേതാവിനെ ചോദ്യംചെയ്യാൻ‌ സമൻസ്‌ അയച്ചു

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021

ന്യൂഡൽഹി > കാർഷികനിയമങ്ങൾക്ക്‌ എതിരായ പ്രക്ഷോഭം പൊളിക്കാൻ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യെ ഇറക്കി‌ കേന്ദ്രസർക്കാർ. കർഷക സംഘടനാ നേതാവിനെ ചോദ്യംചെയ്യാൻ‌  എൻഐഎ സമൻസ്‌ അയച്ചു. ഞായറാഴ്‌ച ഡൽഹി എൻഐഎ ആസ്ഥാനത്ത്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോക്‌ ഫലായ്‌ ഇൻസാഫ്‌ വെൽഫെയർ സൊസൈറ്റി(എൽബിഐഡബ്ല്യുഎസ്‌) പ്രസിഡന്റ്‌ ബൽദേവ്‌ സിങ്‌ സിർസയ്‌ക്കാണ്‌ സമൻസ്‌ ലഭിച്ചത്‌. പ്രക്ഷോഭവുമായി സഹകരിക്കുന്ന  ഒട്ടേറെപ്പേരെ ചോദ്യംചെയ്‌തു.  പിന്നാലെയാണ്‌  സമൻസ്‌ അയച്ചത്‌. കേന്ദ്രസർക്കാരുമായുള്ള ചർച്ചകളിൽ എൽബിഐഡബ്ല്യുഎസിന്റെ പ്രതിനിധി പതിവായി പങ്കെടുക്കുന്നുണ്ട്‌.

ജസ്‌റ്റിസ്‌ ഫോർ സിഖ്‌സ്‌(എസ്‌എഫ്‌ജെ) എന്ന നിരോധിത സംഘടനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ്‌ സിർസയെ ചോദ്യംചെയ്യുന്നതെന്നാണ്‌‌  സമൻസിൽ പറയുന്നത്‌. ചോദ്യംചെയ്യലിന്‌ ഹാജരാകില്ലെന്നും കർഷകസമരം അട്ടിമറിക്കാനാണ്‌ എൻഐഎ നീക്കമെന്നും‌ ‌ സിർസ പ്രതികരിച്ചു.

കർഷകർക്ക്‌ വാഹനങ്ങൾ വിട്ടുകൊടുക്കുന്നവരെയും സാമ്പത്തികസഹായം നൽകുന്നവരെയും സമരരക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുന്നവരെയും എൻഐഎ ചോദ്യംചെയ്യുകയാണെന്ന്‌ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു. ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥരെ ഉപയോഗിച്ചും  സമരം തളർത്താൻ ശ്രമിക്കുന്നു. കർഷകർ സമാധാനപരമായ‌ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top