20 April Saturday

കര്‍ഷകപ്രക്ഷോഭം : 27ന് ഒരു വയസ്സ് ; ഭാരത് ബന്ദിന് വ്യാപക പിന്തുണ

സ്വന്തം ലേഖകൻUpdated: Wednesday Sep 22, 2021



ന്യൂഡൽഹി
കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ക്കും തെരുവില്‍ അവയ്ക്കെതിരായ കര്‍ഷകപ്രക്ഷോഭത്തിനും 27ന് ഒരു വയസാകും. നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട്‌ ഒരു വർഷം തികയുന്ന 27ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് രാജ്യവ്യാപക പിന്തുണ. കർഷകത്തൊഴിലാളി സംഘടനകളും ട്രേഡ്‌ യൂണിയനുകളും പ്രതിപക്ഷ രാഷ്ട്രീയപാർടികളും പിന്തുണ പ്രഖ്യാപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകളിലേക്കുള്ള കര്‍ഷകഒഴുക്ക് ബിജെപിക്ക് തലവേദനയായി. പ്രതികൂല കാലാവസ്ഥയും സർക്കാരിന്റെ അടിച്ചമർത്തലും അതിജീവിച്ച്‌ മുന്നേറുന്ന പ്രക്ഷോഭത്തില്‍ അറുനൂറിൽപ്പരം കർഷകർക്കാണ്‌ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്‌.

കൃഷിയുടെ സമസ്തമേഖലയിലും കോർപറേറ്റ്‌ ആധിപത്യം ഉറപ്പാക്കുന്ന മൂന്ന്‌ നിയമം പാർലമെന്ററി സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് മോദി സർക്കാർ പാസാക്കിയത്‌. കഴിഞ്ഞവർഷം ജൂണിൽ മൂന്ന്‌ ഓർഡിനൻസ്‌ ഇറക്കിയപ്പോൾത്തന്നെ പഞ്ചാബില്‍ പ്രക്ഷോഭം തുടങ്ങി. 2020 സെപ്‌തംബർ 17ന്‌ ലോക്‌സഭ ബില്ലുകൾ പാസാക്കിയതോടെ കർഷകർ തെരുവിലിറങ്ങി. 20ന്‌ രാജ്യസഭ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കി. 24 മുതൽ മൂന്നു ദിവസം പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞു. ഒക്ടോബർ ഒന്നുമുതൽ പഞ്ചാബിൽ അനിശ്ചിതകാല ട്രെയിൻ ഉപരോധം തുടങ്ങി. ചരക്ക്‌ ട്രെയിനുകൾ നിർത്തി കേന്ദ്രം പ്രതികാരംവീട്ടി. 

ഒക്ടോബര്‍ 25ന്‌ സംയുക്ത കിസാൻമോർച്ച ഡൽഹി ചലോ മാർച്ച്‌ പ്രഖ്യാപിച്ചു. പഞ്ചാബ് കർഷകരെ അതിർത്തിയിൽ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹരിയാന കർഷകരും മാർച്ചിൽ അണിചേർന്നു. പതിനായിരക്കണക്കിനു കർഷകരും നൂറുകണക്കിനു ട്രോളി– -ട്രാക്ടറുകളും ഡൽഹിയിലേക്ക്‌ നീങ്ങി. ഡൽഹി അതിർത്തിയായ സിന്‍ഘുവിൽ 26 മുതൽ ആയിരക്കണക്കിനു കർഷകർ താവളമടിച്ചു. ടിക്രി, ഗാസിപുർ അതിർത്തികളിലും സമരകേന്ദ്രങ്ങൾ തുടങ്ങി. രാജ്യമെമ്പാടുമുള്ള കർഷകർ സമരത്തിൽ പങ്കുചേർന്നു. ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറല്ല. നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി നിയമങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട്‌ നൽകിയെങ്കിലും അത്‌ പുറത്തുവിട്ടിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top