29 March Friday

ഹരിയാന, പഞ്ചാബ്‌ എന്നിവിടങ്ങളില്‍നിന്ന്‌ കർഷകർ എത്തി; തീവ്രമാകും കർഷകരോഷം

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021

ന്യൂഡൽഹി > കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി കേന്ദ്ര സർക്കാർ തുടരുന്ന സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം കർഷകർ കൂടുതൽ തീവ്രമാക്കുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന്‌ കർഷകർ എത്തിയതോടെ 50‌ ദിവസത്തിലേറെയായി സമരത്തിലുള്ളവർ കൂടുതൽ ആവേശത്തിലാണ്‌. റിപ്പബ്ലിക്ക്‌ ദിനത്തിലെ കിസാൻ പരേഡിൽ പങ്കെടുക്കുന്നതിനായി ഹരിയാന, പഞ്ചാബ്‌ തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നും കർഷകർ ട്രാക്‌ടർ ട്രോളികളിലും മറ്റുമായി എത്തിതുടങ്ങി.

സർക്കാരുമായുള്ള ഒമ്പതാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം തീവ്രമാക്കാനാണ്‌ കർഷകസംഘടനകളുടെ തീരുമാനം. കൊടുംതണുപ്പിൽ സമരം ദുർബലപ്പെടുമെന്ന കേന്ദ്രസർക്കാർ പ്രതീക്ഷ തകിടംമറിച്ചാണ്‌ സമരകേന്ദ്രങ്ങളിലേക്ക്‌ കർഷകരുടെ  പ്രവാഹം‌. തിങ്കളാഴ്‌ച മഹിളാകിസാൻ ദിവസ്‌ ആചരണം,  20 മുതൽ 26 വരെ വിവിധ സംസ്ഥാനങ്ങളിലെ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ ധർണ, റിപ്പബ്ലിക്ക്‌ ദിനത്തിൽ രാജ്യവ്യാപകമായി കിസാൻ പരേഡ്‌ എന്നിവയാണ്‌  തീരുമാനിച്ച പ്രക്ഷോഭപരിപാടികൾ. തിങ്കളാഴ്‌ച ചേരുന്ന  യോഗത്തിൽ അടുത്തഘട്ടം സമരപരിപാടികളുടെ തീരുമാനമുണ്ടാകും.

റിപ്പബ്ലിക്ക്‌ ദിനത്തിലെ കിസാൻ പരേഡിൽ ഡൽഹി അതിർത്തികളിൽ മാത്രം ലക്ഷക്കണക്കിന്‌ കർഷകർ ട്രാക്‌ടർ–- ട്രോളികളിൽ പങ്കെടുക്കും. ഇതിനായി പഞ്ചാബിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളിൽ ബുധനാഴ്‌ച ഡൽഹിയിലേക്ക്‌ തിരിക്കും. ഹരിയാനയിൽ നിന്നുള്ള കർഷകർ 23 ന്‌ സമരകേന്ദ്രങ്ങളിലേക്ക്‌ നീങ്ങും. ദേശീയപാതകളിൽ ട്രാഫിക്ക്‌ തടസ്സം ഒഴിവാക്കുന്നതിനാണ്‌  നേരത്തെ പുറപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top