24 April Wednesday

കര്‍ഷകപ്രക്ഷോഭം; ഒഴിഞ്ഞുമാറി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻUpdated: Monday Jan 11, 2021

ന്യൂഡൽഹി > കാർഷികനിയമങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുകയെന്ന രാഷ്ട്രീയ ഉത്തരവാദിത്തത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന്‌ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി. കാർഷികമേഖലയിലേക്ക്‌ കടന്നുകയറാനുള്ള കോർപറേറ്റ്‌ നീക്കം ചെറുക്കാൻ ബിജെപി സർക്കാർ ഭയപ്പെടുകയാണ്‌. നിയമങ്ങളെ ന്യായീകരിക്കാനോ പിന്തുണ ആർജ്ജിക്കാനോ സർക്കാരിന്‌ കഴിയുന്നില്ല. സുപ്രീംകോടതിയെ രാഷ്ട്രീയ കവചമായി ദുരുപയോഗിക്കാനാണ്‌ സർക്കാർ ശ്രമം. രാഷ്ട്രീയനേതൃത്വമാണ്‌ പ്രശ്‌നം പരിഹരിക്കേണ്ടത്‌. സുപ്രീംകോടതിയല്ല.

ഡൽഹി വളഞ്ഞിട്ടുള്ള കർഷകരുടെ സമരം വരുംദിവസങ്ങളിൽ ശക്തിപ്പെടും. കൂടുതൽ കർഷകർ അണിനിരക്കും. പ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാരിന്റെ പൂർണമായ പരാജയമാണ്‌ പ്രകടമാകുന്നത്‌. പാസാക്കിയത്‌ തെറ്റായ നിയമങ്ങളാണെന്ന്‌ സർക്കാരിനെയും പാർലമെന്റിനെയും ബോധ്യപ്പെടുത്താനാണ്‌ കർഷകർ ഡൽഹിയിൽ എത്തിയിട്ടുള്ളത്‌. കൂടുതൽ കർഷകരും നിയമത്തിന്‌ അനുകൂലമെന്നാണ്‌ കേന്ദ്ര കൃഷിമന്ത്രിയുടെ അവകാശവാദം. എന്നാൽ, ചുരുക്കം കർഷകരെപ്പോലും നിയമത്തിന്‌ അനുകൂലമായി അണിനിരത്താൻ സർക്കാരിനാകുന്നില്ല.

നിയമങ്ങളെ പിന്തുണയ്‌ക്കുന്നതിന്‌ ഹരിയാനയിലെ കർണാലിൽ സംഘടിപ്പിക്കാനിരുന്ന റാലി കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്‌ ഉപേക്ഷിക്കേണ്ടി വന്നു. മുഖ്യമന്ത്രിക്ക്‌ വേദിയിലേക്ക്‌ എത്താൻ പോലുമായില്ല. മുഖ്യമന്ത്രി ഖട്ടറിന്‌ ഹെലികോപ്‌ടറിൽ തിരിച്ചുപറക്കേണ്ടി വന്നു. വേദി കൈയടക്കിയ കർഷകർക്ക്‌ നേരെ പൊലീസ്‌ ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തു. യുപി, മധ്യപ്രദേശ്‌ തുടങ്ങിയ ബിജെപി ഭരണസംസ്ഥാനങ്ങളും പ്രക്ഷോഭത്തിലുള്ള കർഷകരെ അടിച്ചമർത്തുകയാണ്‌. യുപിയിൽ നേതാക്കളെ വീട്ടുതടങ്കലിലാക്കി. സർക്കാരുകളുടെ അടിച്ചമർത്തലുകളെ അതിജീവിച്ച്‌ പ്രക്ഷോഭം ശക്തമായി തുടരും.- കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top