11 August Thursday

മാപ്പില്‍ തീരില്ല: ബിജെപി കനത്തവില നൽകേണ്ടിവരും

സാജൻ എവുജിൻUpdated: Sunday Nov 21, 2021

ന്യൂഡൽഹി> കർഷകപ്രക്ഷോഭം ദേശീയരാഷ്ട്രീയത്തെ മാറ്റിമറിച്ചിരിക്കുന്നു. കർഷകരെ ദ്രോഹിച്ചതിനും എഴുനൂറ്റമ്പതിലധികം പേരുടെ ജീവനെടുത്തതിനും കനത്ത വിലയാവും ബിജെപി  നൽകേണ്ടിവരിക. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകൾ ഇതിന്‌ തുടക്കമിട്ടു. പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയിൽ തീരുന്നതല്ല കർഷകരോഷം. മോദിയുടെ പ്രഖ്യാപനത്തിനുശേഷവും സമരം തുടരുന്നത്‌ ഇതിന്‌ തെളിവാണ്‌.

ആരോടാണ്‌, എന്തിനോടാണ്‌ പൊരുതുന്നതെന്ന്‌ കർഷകർക്ക്‌ കൃത്യമായറിയാം. കോർപറേറ്റുകൾക്ക്‌ അടിപ്പെട്ട്‌ സർക്കാർ പ്രവർത്തിക്കുന്നതിൽ കർഷകർ രോഷാകുലരാണ്‌. ബിജെപിയുടെ കുതന്ത്രങ്ങൾ അവർ തിരിച്ചറിഞ്ഞിരിക്കുന്നു. രക്തരൂക്ഷിത വർഗീയകലാപമുണ്ടായ യുപി മുസഫർനഗറിൽ എല്ലാം മറന്നുള്ള കർഷക–-തൊഴിലാളി ഐക്യം ഇതിന്‌ തെളിവാണ്‌.

ഒക്ടോബർ ഉപതെരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർഥികൾക്ക്‌ രാജസ്ഥാനിൽ മൂന്നും നാലും സ്ഥാനമാണ്‌ ലഭിച്ചത്‌. ഹരിയാനയിലെ ഇല്ലനാബാദിൽ,  ‘സിഎം മുതൽ ഡിഎം വരെ’ (മുഖ്യമന്ത്രി മുതൽ കലക്ടർ വരെ) വോട്ട്‌ പിടിച്ചിട്ടും ബിജെപി ജയിച്ചില്ല. കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ എംഎൽഎസ്ഥാനം രാജിവച്ച അഭയ്‌ ചൗതാല ഇവിടെ വീണ്ടും ജയിച്ചു. ആടിക്കളിച്ച കോൺഗ്രസിന്‌ കെട്ടിവച്ച കാശുപോയി. ഹിമാചൽപ്രദേശിൽ മൂന്ന്‌ നിയമസഭാ മണ്ഡലവും ഒരു ലോക്‌സഭാ സീറ്റും ബിജെപിക്ക്‌ നഷ്ടപ്പെട്ടു. ഇതേ കാറ്റ്‌ പഞ്ചാബിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വീശുകയാണെന്ന്‌ മനസ്സിലാക്കിയാണ്‌ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും പിന്മാറ്റം.
എന്നാൽ, കാർഷികവിപണി ലക്ഷ്യമിട്ട്‌ വൻനിക്ഷേപം നടത്തിയ കോർപറേറ്റുകൾ സർക്കാരിനുമേൽ സമ്മർദം തുടരും. സർവതും സ്വകാര്യവൽക്കരിക്കുമെന്ന്‌ പ്രഖ്യാപിച്ച മോദിസർക്കാരിനെ പിന്തുണച്ചുവന്ന മാധ്യമങ്ങളും കോർപറേറ്റുകളും പുതിയ സംഭവവികാസത്തിൽ അസ്വസ്ഥരാണ്‌. ഇതും  ബിജെപിക്ക്‌ തടസ്സമാകും.

കാർഷിക നിയമങ്ങൾ എങ്ങനെ പിൻവലിക്കും

ന്യൂഡൽഹി

കേന്ദ്രസർക്കാർ പാസാക്കിയ കർഷകദ്രോഹ നിയമങ്ങൾ രണ്ട്‌ തരത്തിലാണ്‌ പിൻവലിക്കാനാവുക. ഒന്ന്‌, ഓർഡിനൻസ്‌ രൂപത്തിൽ. രണ്ട്‌, പ്രത്യേകമായ ബിൽ പാർലമെന്റിൽ പാസാക്കുന്നതിലൂടെ. മൂന്ന്‌ നിയമവും പിൻവലിച്ച്‌ ഓർഡിനൻസിറക്കിയാലും ആറുമാസത്തിനകം പകരം ബിൽ പാർലമെന്റിൽ പാസാക്കണം. പകരം ബിൽ പാർലമെന്റിൽ പാസായില്ലെങ്കിൽ നിയമങ്ങളും പുനരുജ്ജീവിപ്പിക്കാം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്ന്‌ നിയമവും പിൻവലിക്കാമെന്നാണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. അതിനാൽ ഓർഡിനൻസിന്‌ സാധ്യതയില്ല.
പാർലമെന്റ്‌ സമ്മേളനത്തിൽ മൂന്ന്‌ നിയമവും ഒന്നിച്ച്‌ പിൻവലിച്ചുള്ള ഒറ്റ ബിൽ അവതരിപ്പിച്ചാലും മതിയാകും. ഇരുസഭകളും പിൻവലിക്കൽ ബിൽ പാസാക്കി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമങ്ങൾ റദ്ദാക്കപ്പെടും.

നിലവിൽ മൂന്ന്‌ കാർഷിക നിയമങ്ങളും പ്രാബല്യത്തിലില്ല. 2020 ജൂൺ അഞ്ചിന്‌ ഓർഡിനൻസായാണ്‌ മോദി സർക്കാർ കർഷക ദ്രോഹ നിയമങ്ങൾ കൊണ്ടുവന്നത്‌. പിന്നീട്‌ പാർലമെന്റിൽ ഏകപക്ഷീയമായി പാസാക്കിയെടുത്തു.  മൂന്ന്‌ കാർഷിക നിയമങ്ങളും ജനുവരി 12ന്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തതോടെ ആകെ 221 ദിവസം മാത്രമാണ്‌ നിയമങ്ങൾ പ്രാബല്യത്തിലുണ്ടായത്‌.

കാലഹരണപ്പെട്ട 1428 ചട്ടങ്ങൾ ഒഴിവാക്കുന്നതിനായി ഏഴര വർഷത്തിനിടെ ആറ്‌ പിൻവലിക്കൽ ബില്ലുകൾ മോദി സർക്കാർ പാസാക്കിയിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top