26 April Friday

കർഷക​ദ്രോഹ നിയമങ്ങൾ പിൻവലിക്കല്‍ ബില്‍ മന്ത്രിസഭ കടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


ന്യൂഡൽഹി
കാർഷിക മേഖലയിൽ വൻകിട കോർപറേറ്റുകളുടെ കുത്തക ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മോദി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കർഷകദ്രോഹ നിയമം പിൻവലിച്ചുള്ള ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്‌ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ കർഷകദ്രോഹ നിയമങ്ങള്‍ ഇല്ലാതാകും.

ഡൽഹി അതിർത്തിയില്‍ കർഷകസമരം വെള്ളിയാഴ്‌ച ഒരു വർഷം പിന്നിടാനിരിക്കെയാണ്‌ കേന്ദ്രം കര്‍ഷകപോരാട്ടത്തിനുമുന്നില്‍ മുട്ടുമടക്കിയത്. മിനിമം താങ്ങുവില നിയമപരമാക്കുന്നതടക്കം മറ്റ്‌ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാത്തതിനാൽ കർഷകസമരം തുടരുന്നു. ഒന്നാം വാർഷികത്തില്‍ ഡൽഹി സമരകേന്ദ്രങ്ങളിൽ സംയുക്ത കിസാൻ മോർച്ച വൻ കർഷകറാലി സംഘടിപ്പിക്കും. പകുതി ആവശ്യം നേടിയതിന്റെ ആഘോഷവും ശേഷിക്കുന്ന ആവശ്യങ്ങൾക്കായുള്ള സമരപ്രഖ്യാപനവുമായിരിക്കും റാലിയെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു.

കാർഷികോൽപ്പന്ന വ്യാപാര–- വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) നിയമം 2020, അവശ്യവസ്‌തു ഭേദഗതി നിയമം 2020, കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്‌–- കൃഷി സേവന ധാരണാ നിയമം 2020 എന്നീ നിയമങ്ങളാണ്‌ ഒറ്റ ബില്ലിലൂടെ പിൻവലിക്കാൻ  മന്ത്രിസഭ തീരുമാനിച്ചത്‌. പ്രധാനമന്ത്രി കാര്യാലയവുമായി കൂടിയാലോചിച്ച്‌ കൃഷി മന്ത്രാലയമാണ്‌ പിൻവലിക്കൽ ബിൽ തയ്യാറാക്കിയത്‌.  സമ്മേളനത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ പിൻവലിക്കല്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ്‌ ഠാക്കൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top