25 April Thursday
കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ചു

ചർച്ചയില്ല, ഒളിച്ചോടി

സാജൻ എവുജിൻUpdated: Monday Nov 29, 2021


ന്യൂഡൽഹി
കർഷകരുടെ ഐതിഹാസിക പ്രക്ഷോഭത്തിന്‌ വഴിവച്ച മൂന്നു കാർഷികനിയമവും പിൻവലിക്കുന്ന ബിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാതെ സർക്കാർ പാസാക്കി. ജനാധിപത്യവിരുദ്ധമായി നിയമങ്ങൾ പാസാക്കിയതിൽ വിചാരണ ചെയ്യപ്പെടുന്നതും മിനിമം താങ്ങുവില ആവശ്യം സഭയിൽ ഉയരുന്നത് ഒഴിവാക്കാനുമാണ് ചര്‍ച്ചക്ക് തയാറാകാതെ കേന്ദ്രം ഒളിച്ചോടിയത്. കർഷകസംഘടനകളുമായി ചർച്ച നടത്തണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല.

കഴിഞ്ഞവർഷം സെപ്‌തംബറിൽ പാസാക്കിയ കാർഷികോൽപ്പന്ന വ്യാപാര–- വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) നിയമം 2020, അവശ്യവസ്‌തു നിയമ ഭേദഗതി 2020, കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്‌– കാർഷികസേവന ധാരണാ നിയമം 2020 എന്നിവയാണ്‌ ഒറ്റ ബില്ലിലൂടെ പിൻവലിച്ചത്‌. മൂന്നു പേജ്‌ ബില്ലിന്റെ രണ്ടു പേജിലും നിയമങ്ങൾ കൊണ്ടുവന്നതിനെ ന്യായീകരിക്കുകയാണ്‌. ഒരുവിഭാഗം കർഷകർ പ്രതിഷേധിച്ചപ്പോഴും നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധവൽക്കരിക്കാൻ ശ്രമിച്ചു. എന്നാല്‍ നിയമം നടപ്പാക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു. ഈ സാഹചര്യത്തിലാണ്‌ നിയമങ്ങൾ പിൻവലിക്കുന്നതെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ അവതരിപ്പിച്ച ബില്ലിൽ പറയുന്നു.

ലോക്‌സഭയിൽ നാലു മിനിറ്റിലാണ്‌ ബിൽ പാസാക്കിയെടുത്തത്‌. 12.06ന്‌ മേശപ്പുറത്ത്‌ വച്ച ബില്ലിന്മേൽ ചർച്ച വേണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെ ബിൽ പാസായെന്ന്‌ 12.10ന്‌ ചെയർ പ്രഖ്യാപിച്ചു. രാജ്യസഭയിൽ പകൽ രണ്ടിനാണ്‌ പിൻവലിക്കൽ ബിൽ കൃഷിമന്ത്രി അവതരിപ്പിച്ചത്‌. ബില്ലിനെ  സ്വാഗതം ചെയ്യുന്നെന്നും എന്നാൽ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ്‌ സർക്കാർ ഇപ്പോൾ കാർഷികനിയമങ്ങൾ പിൻവലിക്കുന്നതെന്നും കോൺഗ്രസ്‌ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഏകദേശം 700 കർഷകർക്ക്‌ ജീവൻ ബലിനൽകേണ്ടിവന്നെന്നും ഖാർഗെ പറഞ്ഞതോടെ ഭരണപക്ഷത്തുനിന്ന്‌ ഇടപെടലുണ്ടായി. ബഹളത്തിനിടെ കൃഷിമന്ത്രി അവതരണം പൂർത്തീകരിച്ച്‌ ബിൽ പാസാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top