28 March Thursday
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത്‌

വരച്ചവരയില്‍ കേന്ദ്രം ; കർഷകപ്രക്ഷോഭം ഉജ്വലവിജയത്തിലേക്ക്‌

പ്രത്യേക ലേഖകൻUpdated: Wednesday Dec 8, 2021


ന്യൂഡൽഹി
കാർഷികനിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി മാപ്പിരന്നതോടെ ചരിത്രവിജയം നേടിയ കര്‍ഷക പ്രക്ഷോഭം സമ്പൂർണ വിജയത്തിലേക്ക്‌ നീങ്ങുന്നു. കർഷകപ്രക്ഷോഭം ഒത്തുതീർക്കാന്‍ ആഭ്യന്തരമന്ത്രാലയം സംയുക്ത കിസാൻ മോർച്ചയ്‌ക്ക്‌ കർഷകരുടെ ഇതര ആവശ്യങ്ങളും അംഗീകരിച്ചുള്ള അഞ്ചിന കരട്‌ നിർദേശമടങ്ങിയ  കത്ത്‌ നൽകി. സിൻഘുവിൽ ചേർന്ന കിസാൻമോർച്ച യോഗം കത്ത്‌ വിശദമായി ചർച്ചചെയ്‌തശേഷം ചില കാര്യങ്ങളിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടി. ഇതിനു ലഭിക്കുന്ന മറുപടി ബുധനാഴ്‌ച യോഗം ചേർന്ന്‌ പരിശോധിച്ചശേഷം പ്രക്ഷോഭം അവസാനിപ്പിക്കുന്നതിൽ തീരുമാനമെടുക്കും.കേന്ദ്രസർക്കാരിൽനിന്ന്‌ ക്രിയാത്മക നിലപാട്‌ പ്രതീക്ഷിക്കുന്നതായി കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

സംസ്ഥാനങ്ങളിൽ കർഷകർക്ക്‌ എതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന്‌   കേന്ദ്രം ഉറപ്പ്‌ നൽകി.  സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട 708 പേരുടെ കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം ഉറപ്പാക്കും.  മിനിമം താങ്ങുവില പ്രശ്‌നം തീർക്കാനുള്ള കമ്മിറ്റിയിൽ   കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും കർഷകരുടെയും കാർഷികവിദഗ്‌ധരുടെയും കിസാൻ മോർച്ചയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തും. വൈദ്യുതിനിയമ ഭേദഗതി ബില്ലിന്റെ വിഷയത്തിൽ എല്ലാ വിഭാഗവുമായും കൂടുതൽ ചർച്ച നടത്തും. തലസ്ഥാനനഗര മലിനീകരണ നിയമത്തിൽനിന്ന്‌ കർഷകർക്ക്‌ ദ്രോഹപരമായ 14, 15  വകുപ്പുകൾ ഒഴിവാക്കാമെന്നും ആഭ്യന്തരമന്ത്രാലയം കത്തിൽ വ്യക്തമാക്കി. എന്നാൽ യുപിയിൽ കർഷകരെ ജീപ്പ്‌ കയറ്റിക്കൊന്ന ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പുറത്തക്കണമെന്ന ആവശ്യത്തിൽ പക്ഷെ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല.

ആഭ്യന്തരമന്ത്രി അമിത്‌ ഷാ കഴിഞ്ഞദിവസം ബികെയു നേതാവ്‌ യുദ്ധ്‌വീർ സിങ്‌ വഴി കിസാൻ മോർച്ച നേതൃത്വത്തെ സമീപിച്ചാണ്‌ ചർച്ചയ്‌ക്ക്‌ സന്നദ്ധത അറിയിച്ചത്‌. തുടർന്ന്‌, കിസാൻമോർച്ച അഞ്ചംഗ ഉപസമിതി രൂപീകരിക്കുകയും സർക്കാരുകളുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു.  ഇതിനു പിന്നാലെയാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം വന്നത്‌.

  ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പ്രധാനമന്ത്രിയും അമിത്‌ ഷായും തുടക്കമിട്ടെങ്കിലും കർഷകർ അകലം പാലിച്ച്‌ നിൽക്കുന്നത്‌ ബിജെപിയെ അങ്കലാപ്പിലാക്കി. ഇതാണ്‌ വീണ്ടും ഒത്തുതീർപ്പ്‌ നിർദേശത്തിന്‌ കേന്ദ്രത്തെ നിർബന്ധിതമാക്കിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top