29 March Friday

കര്‍ഷകര്‍ക്ക് ഒരു ഗുണവുമില്ല; ‘വിദഗ്‌ധ സമിതി’യുടെ‌ ‌തുടക്കം വിവാദത്തിൽ

സ്വന്തം ലേഖകൻUpdated: Wednesday Jan 13, 2021

ന്യൂഡൽഹി > കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം രമ്യമായി പരിഹരിക്കാനെന്നപേരിൽ സുപ്രീംകോടതി രൂപീകരിച്ച ‘വിദഗ്‌ധ സമിതി’ക്കെതിരെ വ്യാപക വിമർശം. കർഷകരും പ്രതിപക്ഷവും സ്വതന്ത്ര നിലപാട്‌ സ്വീകരിക്കുന്ന മാധ്യമങ്ങളും സമിതിയെ വിമർശിച്ച്‌ രംഗത്തെത്തി.

പ്രധാനമായും കോടതി രൂപീകരിച്ച വിദഗ്‌ധസമിതിയുടെ ഘടനയാണ്‌ വിമർശിക്കപ്പെടുന്നത്‌. സമിതിയിലെ നാല്‌ അംഗങ്ങളും ഏതെങ്കിലും രീതിയിൽ പുതിയ കാർഷികനിയമങ്ങളെ പിന്തുണച്ചവരാണ്‌. ‘വിദഗ്‌ധസമിതി’ എന്നാണ്‌ കോടതി ഉത്തരവിൽ പറയുന്നതെങ്കിലും സമിതിയിലെ രണ്ട്‌ അംഗങ്ങൾ കർഷകസംഘടനാ നേതാക്കളാണ്‌. എന്തടിസ്ഥാനത്തിലാണ്‌ ഇവരെ സമിതിയിൽ അംഗങ്ങളാക്കിയതെന്ന്‌ കോടതി വിധിയിൽ വിശദീകരിച്ചിട്ടില്ല.

സുപ്രീംകോടതിയുടെ തന്നെ മുൻ ചീഫ്‌ ജസ്റ്റിസുമാരിൽ ആരെങ്കിലും നേതൃത്വം നൽകുന്ന സമിതിയാകും രൂപീകരിക്കുകയെന്ന്‌ തിങ്കളാഴ്‌ച ചീഫ്‌ ജസ്റ്റിസ്‌ സൂചന നൽകിയിരുന്നു. മുൻ ചീഫ്‌ ജസ്റ്റിസുമാരായ പി സദാശിവം, ആർ എം ലോധ തുടങ്ങിയവരുടെ പേരും വാദം കേൾക്കലിനിടെ ഉയർന്നു.

ചൊവ്വാഴ്‌ചത്തെ വാദംകേൾക്കലിനിടെ സുപ്രീംകോടതി മുൻ ജഡ്‌ജിമാരായ കുര്യൻജോസഫ്‌, മാർക്കണ്‌ഡേയ കഠ്‌ജു എന്നിവരുടെ പേരും ചില കക്ഷികൾ മുന്നോട്ടുവച്ചു. എന്നാൽ, ഉത്തരവിറങ്ങിയപ്പോൾ ഇവരാരും സമിതിയിൽ ഉണ്ടായില്ല. ഡിസംബറിലെ വാദംകേൾക്കലിനിടെ ‘പി സായ്‌നാഥിനെ പോലെയുള്ളവർ അംഗങ്ങളായ സ്വതന്ത്രസമിതി രൂപീകരിക്കും’- എന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്ഡെ വാഗ്‌ദാനം നൽകിയത്‌.

കർഷകർക്കും പൊതുജനങ്ങൾക്കും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ പോലും ഇല്ലാത്ത സമിതി രൂപീകരിച്ച നടപടി  ഒരുതരത്തിലും ഗുണം ചെയ്യാനിടയില്ലെന്ന്‌ കർഷകസംഘടനാ നേതാക്കളും പ്രതികരിച്ചു.

ചർച്ചകളും കൂടിയാലോചനകളും ഇല്ലാതെ നിയമങ്ങൾ പാസാക്കിയ കേന്ദ്ര സർക്കാരിനെതിരെ തിങ്കളാഴ്‌ച ആഞ്ഞടിച്ച സുപ്രീംകോടതി ഈ വിമർശനങ്ങളിൽ ഒന്നുപോലും ഇടക്കാല വിധിയിൽ ഉൾപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയം. ‘അനുചിതമായ ഒരു സംഭവവും ഉണ്ടാകാത്ത രീതിയിൽ തികച്ചും സമാധാനപരമായ രീതിയിൽ പ്രതിഷേധം തുടരുന്ന കർഷകരുടെ നിലപാട്‌ സ്‌തുത്യർഹമാണ്‌’–- എന്ന്‌ ഇടക്കാല വിധിയിൽ കോടതി നിരീക്ഷിച്ചിട്ടുണ്ട്‌. അതേസമയം, നിരോധിത സംഘടനകൾ പ്രക്ഷോഭത്തിനിടയ്‌ക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണങ്ങൾ ചിലർ ഉന്നയിച്ചിട്ടുണ്ടെന്നും സർക്കാർ അത്‌ സ്ഥിരീകരിച്ചിട്ടുണ്ടെന്നുമുള്ള പരാമർശം വിധിന്യായത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌തു.

മുതിർന്ന പൗരൻമാരും സ്‌ത്രീകളും കുട്ടികളും സമരത്തിൽനിന്നു പിന്മാറണമെന്നും പരമോന്നത കോടതിയെന്ന നിലയിലുള്ള കർത്തവ്യം നിർവഹിക്കുമെന്നും കഴിഞ്ഞദിവസത്തെ വാദംകേൾക്കലിനിടെ ചീഫ്‌ ജസ്റ്റിസ്‌ ഉറപ്പുനൽകിയിരുന്നു.  എന്നാൽ, ആ ഉറപ്പിനെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top