19 April Friday
ഉയർന്ന പിഎഫ്‌ പെൻഷൻ: 
വ്യക്തതയില്ലാതെ കേന്ദ്രം

ഇഎസ്‌ഐ പണവും ഓഹരിവിപണിക്ക്‌ ; കേന്ദ്രനീക്കം പിഎഫ്‌ പണം നിക്ഷേപിച്ചതിനു പിന്നാലെ

എം പ്രശാന്ത്‌Updated: Monday Dec 5, 2022


ന്യൂഡൽഹി
ജീവനക്കാരുടെ പ്രൊവിഡന്റ്‌ ഫണ്ടിനു (പിഎഫ്‌) പുറമെ തൊഴിലാളികളുടെ ഇൻഷുറൻസ്‌ (ഇഎസ്‌ഐ) പണം ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഎസ്‌ഐ കോർപറേഷൻ യോഗമാണ്‌ തീരുമാനമെടുത്തത്‌. എക്‌സ്‌ചേഞ്ച്‌ ട്രേഡ്‌ ഫണ്ടുകൾ (ഇടിഎഫ്‌) വഴിയാകും ഇഎസ്‌ഐ പണം വിപണിയിൽ എത്തുക.

തുടക്കത്തിൽ ഇഎസ്‌ഐ ഫണ്ടിന്റെ അഞ്ചു ശതമാനംവരെ ഇടിഎഫുകളിൽ നിക്ഷേപിക്കാനാണ്‌ ധാരണ. ഇതിൽനിന്നുള്ള വരുമാനവും മറ്റും ആറുമാസത്തേക്ക്‌ നിരീക്ഷിച്ചശേഷം ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന ഇഎസ്‌ഐ പണം 15 ശതമാനംവരെയായി വർധിപ്പിക്കും. നിലവിലെ കടപത്ര നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം പോരെന്ന വിലയിരുത്തലിലാണ്‌ ഇഎസ്‌ഐകൂടി ഓഹരി വിപണിയിൽ ഇറക്കാൻ തീരുമാനം എടുത്തത്‌. ഓഹരിവിപണികളായ സെൻസെക്‌സിലും നിഫ്റ്റി 50ലും നിക്ഷേപം നടത്തുന്ന ഇടിഎഫുകളിലാകും പണം മുടക്കുക.

പിഎഫ്‌ പണം നേരത്തേതന്നെ ഇടിഎഫുകൾ വഴി സർക്കാർ ഓഹരി വിപണിയിൽ എത്തിച്ചുതുടങ്ങിയിട്ടുണ്ട്‌. ഇഎസ്‌ഐക്കു സമാനമായി പിഎഫ്‌ പണത്തിന്റെയും അഞ്ചു ശതമാനമാണ്‌ തുടക്കത്തിൽ വിപണിയിൽ മുടക്കിയത്‌. പിന്നീടിത്‌ 15 ശതമാനമായി വർധിപ്പിച്ചു. ആകെ ഫണ്ടിന്റെ 25 ശതമാനംവരെ ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ കേന്ദ്രം താൽപ്പര്യപ്പെടുന്നുണ്ട്‌.

പിഎഫ്‌ ഫണ്ടിൽനിന്ന്‌ ഇതുവരെയായി 1.60 ലക്ഷം കോടി രൂപയാണ്‌ ഇടിഎഫുകൾ വഴി ഓഹരിവിപണിയിലേക്ക്‌ ഒഴുകിയിരിക്കുന്നത്‌. 67,000 കോടി രൂപയുടെ വരുമാനം ഇതുവരെയായി നേടാനായിട്ടുണ്ടെന്ന്‌ ഇപിഎഫ്‌ഒ അവകാശപ്പെടുന്നു.

ഉയർന്ന പിഎഫ്‌ പെൻഷൻ: 
വ്യക്തതയില്ലാതെ കേന്ദ്രം
ശമ്പളത്തിന്‌ ആനുപാതികമായി കൂടിയ പിഎഫ്‌ വിഹിതം അടയ്‌ക്കുന്നവർക്ക്‌ ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധിക്ക്‌ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതമുണ്ടെന്ന്‌ കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ്‌. വിധി പരിശോധിക്കുകയാണെന്നും ദേശീയ മാധ്യമത്തോട്‌ മന്ത്രി പറഞ്ഞു. വിധി വന്ന്‌ ഒരു മാസമായിട്ടും പിഎഫ്‌ ചട്ടങ്ങളിൽ മാറ്റത്തിനുള്ള വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല. വിജ്ഞാപനത്തിന്‌ ഇനിയും സമയമെടുക്കാനാണ്‌ സാധ്യത.
‘എല്ലാ പെൻഷൻ പദ്ധതിയും സുസ്ഥിരമാകണം. ഇതിനുള്ള സാമ്പത്തിക സ്രോതസ്സ്‌ ഉറപ്പാക്കേണ്ടതുണ്ട്‌. ഉയർന്ന വിഹിതം അടയ്‌ക്കുന്നവർക്കൊപ്പം കുറഞ്ഞ വിഹിതമുള്ളവരുടെ താൽപ്പര്യങ്ങളും പരിഗണിക്കണം. ഇതിന്‌ കണക്കുകൂട്ടലുകളുടെയും മറ്റും ആവശ്യമുണ്ട്‌’–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top