25 April Thursday
വിശ്വസനീയമല്ല

ഇപിഎഫ്‌ഒ റിപ്പോർട്ട് ; വിശ്വാസ്യത ചോദ്യംചെയ്‌ത്‌ ജീവനക്കാർ ; വിവരച്ചോർച്ച നിഷേധിക്കാതെ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


ന്യൂഡൽഹി
ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിച്ചാൽ വലിയ സാമ്പത്തികബാധ്യത ഉണ്ടാകുമെന്ന അവകാശവാദം സ്ഥാപിക്കാൻ ഇപിഎഫ്‌ഒ സമർപ്പിച്ച റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യംചെയ്‌ത്‌ ജീവനക്കാർ.

15,28,519 കോടിയോളം രൂപ ബാധ്യത ഉണ്ടാകുമെന്ന അവകാശവാദം സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കാൻ സുപ്രീംകോടതി നേരത്തേ ഇപിഎഫ്‌ഒയോട്‌ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടുകളും രേഖകളും വെള്ളിയാഴ്‌ച രാവിലെ ഫയൽ ചെയ്‌തിട്ടുണ്ടെന്ന്‌ ഇപിഎഫ്‌ഒ കോടതിയെ അറിയിച്ചു. എന്നാൽ, ഈ റിപ്പോർട്ടുകളുടെ വിശ്വാസ്യതയിൽ വലിയ സന്ദേഹങ്ങളുണ്ടെന്ന്‌ ജീവനക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ മൂന്നംഗ പ്രത്യേകബെഞ്ചിനെ അറിയിച്ചു.

നിയമപ്രകാരം ഇപിഎഫ്‌ഒ ഫണ്ട്‌ സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റ്‌ ചെയ്‌തിരിക്കണം. അത്തരം റിപ്പോർട്ടുകൾക്കുമാത്രമേ നിയമസാധുതയും വിശ്വാസ്യതയുമുള്ളൂ. ഇപ്പോൾ, ഇപിഎഫ്‌ഒ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ ഏതെങ്കിലും ബിസിനസ്‌ വിദഗ്‌ധരെക്കൊണ്ട്‌ തട്ടിക്കൂട്ടുന്നവയാണ്‌. ഇത്തരം റിപ്പോർട്ടുകളിലെ കണക്ക്‌ കോടതി മുഖവിലയ്‌ക്ക്‌ എടുക്കരുതെന്ന് ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടു.  

വെള്ളിയാഴ്ച കേസിൽ വാദംകേൾക്കൽ തുടർന്നപ്പോൾ ഇപിഎഫ്‌ ആക്ടിൽനിന്ന്‌ ഒഴിവാക്കപ്പെട്ട ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും  ജീവനക്കാർക്കുംവേണ്ടി നിരവധി അഭിഭാഷകർ ഹാജരായി.

ബുധനാഴ്‌ച പൂർത്തിയായേക്കും
പിഎഫ്‌ പെൻഷൻ കേസിൽ ബുധനാഴ്‌ച വാദം അവസാനിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന്‌ ജസ്റ്റിസ്‌ യു യു ലളിത്‌ ആവശ്യപ്പെട്ടു. ബുധനാഴ്ച ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും വാദങ്ങൾ പൂർത്തിയാക്കാൻ അവസരം നൽകും. അതിനുശേഷം ഇപിഎഫ്‌ഒയ്‌ക്കും കേന്ദ്രസർക്കാരിനും മറുപടിക്ക്‌ സാവകാശം നൽകും. തുടർന്ന് എല്ലാ കക്ഷികൾക്കും അധികവാദങ്ങൾ എഴുതിനൽകാം. വാദംപൂർത്തിയായാൽ കേസ്‌ വിധി പറയാൻ മാറ്റും.

ഇപിഎഫ്‌ഒ വിവരച്ചോർച്ച: നിഷേധിക്കാതെ കേന്ദ്രം
രാജ്യത്തെ ഇപിഎഫ്‌ഒ അംഗങ്ങളുടെ സുപ്രധാന വിവരങ്ങൾ ചോർന്നത് നിഷേധിക്കാതെ കേന്ദ്ര സർക്കാർ. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ (ഇപിഎഫ്ഒ) എംപ്ലോയീസ് പെൻഷൻ സ്‌കീം  ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്ന്‌ ഉക്രയ്‌ൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ വിദഗ്‌ധൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എംപ്ലോയീസ് പെൻഷൻ സ്കീം അംഗങ്ങളുടെ പേര്‌ വിവരങ്ങൾ, യുഎഎൻ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നോമിനി, ആധാർ വിവരങ്ങൾ തുടങ്ങിയവ ചോർന്നിട്ടും വിഷയത്തിൽ ഐടി മന്ത്രാലയവും ഇപിഎഫ്‌ഒയും ഇതുവരെ പ്രതികരിച്ചില്ല.

 സെക്യൂരിറ്റി ഡിസ്‌കവറി ഡോട്ട് കോമിലെ സൈബർ ഇന്റലിജൻസ് ഡയറക്ടറും മാധ്യമപ്രവർത്തകനുമായ ബോബ് ഡിയചെൻകോയാണ്‌ ചോർത്തൽവിവരം പുറത്തുവിട്ടത്‌. വിവരശേഖരം രണ്ട്‌ ഇന്ത്യൻ ഐപി അഡ്രസിൽക്കൂടി പുറത്തായെന്നായിരുന്നു ബോബ് ഡിയചെൻകോയുടെ ട്വീറ്റ്‌. ഒരു ഐപി വിലാസത്തിനുകീഴിൽ 28 കോടി വിവരങ്ങളും മറ്റൊരെണ്ണത്തിനുകീഴിൽ 8.4 കോടി പേരുടെയും വിവരവുമാണ് ഉണ്ടായിരുന്നത്‌. വെളിപ്പെടുത്തൽ പുറത്തുവന്നതോടെ രണ്ട്‌ ഐപി അഡ്രസും അപ്രത്യക്ഷമായി. 2018ൽ 2.7 കോടി ഇപിഎഫ്‌ഒ അംഗങ്ങളുടെ ആധാർ വിവരമടക്കം ഹാക്കർമാർ ചോർത്തിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top