26 April Friday

പുതിയ ഇപിഎഫ്‌ഒ ഉത്തരവ്‌ : 
പെൻഷൻകാർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


ന്യൂഡൽഹി
ഉയർന്ന ഓപ്‌ഷൻ നൽകാതെതന്നെ കൂടിയ പെൻഷൻ വാങ്ങുന്നവരിൽനിന്ന്‌ അധിക തുക ഈടാക്കാനും ജനുവരിമുതൽ കുറഞ്ഞ പെൻഷനിലേക്ക്‌ താഴ്‌ത്താനുമുള്ള ഇപിഎഫ്‌ഒ ഉത്തരവിൽ പിഎഫ്‌ പെൻഷൻകാർക്ക്‌  ആശങ്ക. ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷൻ നൽകുന്നത്‌ ശരിവച്ചുള്ള സുപ്രീംകോടതി വിധി ഏതുവിധേനയും അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണിത്‌. പെൻഷൻ വിഷയം വീണ്ടും കോടതിയിലെത്താൻ വഴിയൊരുക്കുന്നതുകൂടിയാണ്‌ നിർദേശം. കാൽലക്ഷത്തോളം പെൻഷൻകാരെ ഉത്തരവ്‌ ബാധിക്കും.

താൽപ്പര്യപ്പെടുന്നവർക്ക്‌ ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ചുള്ളതായിരുന്നു കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി വിധി. വിവിധ ഹൈക്കോടതികളുടെ വിധി ഭാഗികമായി സുപ്രീം കോടതി ശരിവയ്ക്കുകയാണുണ്ടായത്‌.  ഉയർന്ന പെൻഷൻ ഓപ്‌ഷൻ നൽകാതെ 2014 സെപ്‌തംബർ ഒന്നിനുമുമ്പായി വിരമിച്ചവർക്കും 2014 സെപ്‌തംബർ ഒന്നിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്കും വിധിപ്രകാരം ഉയർന്ന പെൻഷന്‌ സാധ്യത ഇല്ലാതാകും.

ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകി 2014 സെപ്‌തംബർ ഒന്നിനുമുമ്പ്‌ വിരമിച്ചവർക്കും ഓപ്‌ഷൻ നൽകാതെ 2014 സെപ്‌തംബർ ഒന്നിനുശേഷം വിരമിച്ചവർക്കും 2014 സെപ്‌തംബർ ഒന്നിനുമുമ്പ്‌ സർവീസിൽ പ്രവേശിച്ച്‌ ഇപ്പോഴും തുടരുന്നവർക്കും അർഹതയുണ്ട്‌. രണ്ടുമാസത്തോളമായിട്ടും വിധിയുമായി ബന്ധപ്പെട്ട്‌ രണ്ടു വിജ്ഞാപനംമാത്രമാണ്‌ സർക്കാർ പുറപ്പെടുവിച്ചത്‌.

2014 സെപ്‌തംബർ ഒന്നിനുമുമ്പ്‌ ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകി വിരമിച്ചിട്ടും കൂടിയ പെൻഷൻ ലഭിക്കാത്തവർക്ക്‌ വീണ്ടും ഓപ്‌ഷൻ നൽകാൻ അവസരമൊരുക്കിയുള്ളതാണ്‌ ആദ്യ വിജ്ഞാപനം. രണ്ടാമത്തേത്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ, ഓപ്‌ഷൻ നൽകാതെതന്നെ ഉയർന്ന പെൻഷൻ വാങ്ങുന്നവരിൽനിന്ന്‌ അധിക തുക തിരിച്ചുപിടിക്കാനും. അർഹതപ്പെട്ട മറ്റു വിഭാഗക്കാരുടെ കാര്യത്തിൽ കേന്ദ്രം വിജ്ഞാപനം വൈകിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top