25 April Thursday

പിഎഫ്‌ പെൻഷൻ : മാർച്ച്‌ 23 മുതൽ തുടർച്ചയായി വാദംകേൾക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


ന്യൂഡൽഹി
ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പിഎഫ്‌ പെൻഷന്‌ വഴിയൊരുക്കിയ കേരളാ ഹൈക്കോടതിയുടെ വിധിക്ക്‌ എതിരായ ഹർജികളിൽ മാർച്ച്‌ 23 മുതൽ തുടർച്ചയായി വാദംകേൾക്കുമെന്ന്‌ സുപ്രീംകോടതി. ഹൈക്കോടതി വിധിക്ക്‌ എതിരെ എംപ്ലോയി‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷനും (ഇപിഎഫ്‌ഒ) കേന്ദ്രതൊഴിൽ മന്ത്രാലയവും സമർപ്പിച്ച പ്രത്യേകാനുമതി ഹർജികളിൽ ജസ്‌റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ചാണ്‌ വാദംകേൾക്കുക. എല്ലാ കക്ഷികൾക്കും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നോട്ടീസ്‌ നൽകും. ഒരുകാരണവശാലും കേസ്‌ മാറ്റിവയ്‌ക്കില്ല. വാദം ഉന്നയിക്കാൻ എല്ലാവർക്കും അവസരം നൽകും. സുപ്രീംകോടതി അന്തിമ വിധിവരുംവരെ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതികൾ  പരിഗണിക്കേണ്ടതില്ലെന്നും നിർദേശിച്ചു.

തൊഴിലാളികളെ 
അനിശ്‌ചിതത്വത്തിലാക്കില്ല
ലക്ഷക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമായതിനാൽ എത്രയുംപെട്ടെന്ന്‌ കേസ്‌ തീർപ്പാക്കാനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ സുപ്രീംകോടതി അറിയിച്ചു. തൊഴിലാളികളെ അനിശ്‌ചിതത്വത്തിൽ നിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്‌റ്റിസുമാരായ ഇന്ദിരാബാനർജി, കെ എം ജോസഫ്‌ എന്നിവർ കൂടി അംഗങ്ങായ ബെഞ്ച്‌ അറിയിച്ചു.

കഴിഞ്ഞ തവണ കേസ്‌ പരിഗണിച്ചപ്പോൾ കേരളാ ഹൈക്കോടതി വിധിക്ക്‌ എതിരെ ഇപിഎഫ്‌ഒ നൽകിയ പുനഃപരിശോധനാഹർജി തള്ളിയ മുൻഉത്തരവ്‌ സുപ്രീംകോടതി പിൻവലിച്ചിരുന്നു. ഇപിഎഫ്‌ഒയും തൊഴിൽമന്ത്രാലയവും നൽകിയ ഹർജികൾക്ക്‌ പുറമേ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിരവധി തൊഴിലാളികൾ കേസിൽ കക്ഷിചേർന്നിട്ടുണ്ട്‌.

ഇപിഎഫ്‌ഒയ്‌ക്ക്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ അര്യാമസുന്ദരം, തൊഴിൽമന്ത്രാലയത്തിന്‌ വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, തൊഴിലാളികൾക്ക്‌ വേണ്ടി അഡ്വ. നിഷേ രാജൻശങ്കർ തുടങ്ങിയവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top