19 March Tuesday

പിഎഫ്‌ പെൻഷൻ കേസ്‌ : അധിക ബാധ്യതയെന്ന വാദം 
ചോദ്യംചെയ്ത് സുപ്രീംകോടതി

എം അഖിൽUpdated: Thursday Aug 11, 2022

കേരള ഹൈക്കോടതി ഉത്തരവുവന്ന് നാല്‌ വർഷം 
കഴിഞ്ഞിട്ടും വാർഷികറിപ്പോർട്ടുകളിലോ രേഖകളിലോ 
സാമ്പത്തികബാധ്യതയുടെ കാര്യം കേന്ദ്രം മിണ്ടിയിട്ടില്ല
 

ന്യൂഡൽഹി
ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിച്ചാൽ ഭീമമായ സാമ്പത്തികബാധ്യതയുണ്ടാകുമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതി. കോടതിയെ സമീപിച്ചപ്പോൾ മാത്രമാണോ സാമ്പത്തികബാധ്യതയുടെ കാര്യം സർക്കാരിന്റെയും അധികൃതരുടെയും  ശ്രദ്ധയിൽപ്പെട്ടതെന്ന്‌ ജസ്‌റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ സർക്കാരിനോട്‌ ചോദിച്ചു.

ഉയർന്ന പെൻഷൻ അനുവദിച്ചാൽ ഭാവിയിൽ 1.28 ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകുമെന്നാണ്‌ സർക്കാരും ഇപിഎഫ്‌ഒയും അവകാശപ്പെടുന്നത്‌. എന്നാൽ, ഇത്രയും ഭീമമായ സാമ്പത്തികബാധ്യത ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ഇപിഎഫ്‌ഒയുടെ വാർഷികറിപ്പോർട്ടുകളിൽ കണ്ടില്ലെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.  കേരള ഹൈക്കോടതി ഉയർന്ന പെൻഷന്‌ വഴിയൊരുക്കുന്ന ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ 2018 ഒക്ടോബറിലാണ്‌. ഉത്തരവുവന്ന്‌ നാല്‌ വർഷം കഴിഞ്ഞിട്ടും വാർഷികറിപ്പോർട്ടുകളിലോ രേഖകളിലോ സാമ്പത്തികബാധ്യതയുടെ കാര്യം മിണ്ടിയിട്ടില്ല. സാമ്പത്തികബാധ്യത മുന്നിൽക്കണ്ട്‌ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടാകുമെന്ന്‌ കണ്ടാൽ അതിനെ മറികടക്കാനുള്ള പ്രൊഫഷണൽ സമീപനമാണ്‌ ഉണ്ടാകേണ്ടത്‌. അത്തരം ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ ഹാജരാക്കാൻ ജസ്‌റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ തൊഴിൽമന്ത്രാലയത്തോടും ഇപിഎഫ്‌ഓയോടും ആവശ്യപ്പെട്ടു.

ഉയർന്ന പെൻഷൻ അനുവദിച്ചാൽ ഫണ്ടിന്റെ അടിത്തറ തകരുമെന്നതുകൊണ്ടാണ്‌ ആർസി ഗുപ്‌താ കേസിലെ സുപ്രീംകോടതി വിധിയെയും വിവിധ ഹൈക്കോടതി ഉത്തരവിനെയും ചോദ്യംചെയ്‌ത്‌ സർക്കാരും ഇപിഎഫ്‌ഓയും അപ്പീൽ നൽകിയതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത്‌ ബാനർജി അവകാശപ്പെട്ടു. സാമ്പത്തികബാധ്യത മുന്നിൽക്കണ്ടാണ്‌ 2014ൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭേദഗതികൾ കൊണ്ടുവന്നതെന്ന ഇപിഎഫ്‌ഒ വാദത്തിൽ കോടതി തൃപ്‌തരായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top