01 October Saturday

വൈദ്യുതി സ്വകാര്യവൽക്കരണം ; യുപിയിൽ 
പാളിയ നീക്കം ; രാജ്യവ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022


ന്യൂഡൽഹി
ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശിൽ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പാളിയതിൽനിന്ന്‌ പാഠം ഉൾക്കൊള്ളാതെയാണ്‌ വൈദ്യുതി ഭേദഗതി ബില്ലുമായുള്ള കേന്ദ്രത്തിന്റെ രംഗപ്രവേശം. യുപിയിൽ പൊതുമേഖലയിലെ അഞ്ച്‌ വൈദ്യുതി വിതരണ കമ്പനിയിൽ പൂർവാഞ്ചൽ വിദ്യുത്‌ വിതരൺ നിഗം ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനാണ്‌ സംസ്ഥാന സർക്കാർ ശ്രമിച്ചത്‌. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്‌പുരും ഉൾപ്പെടുന്ന കിഴക്കൻ യുപിയിലെ വൈദ്യുതി വിതരണമായിരുന്നു കമ്പനി നിർവഹിച്ചിരുന്നത്‌.

വൈദ്യുതിവിതരണം കൂടുതൽ ആധുനീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ്‌ സ്വകാര്യവൽക്കരണമെന്നാണ്‌ യോഗി സർക്കാർ വാദിച്ചിരുന്നത്‌. എന്നാൽ, വൈദ്യുതി ജീവനക്കാർ പണിമുടക്കിയതോടെ നീക്കത്തിൽനിന്ന്‌ സർക്കാരിന്‌ പിൻവാങ്ങേണ്ടി വന്നു. 

പൊതുമേഖലയിലുള്ള കാൺപുർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയാണ്‌ കാൺപുർ നഗരത്തിൽ വൈദ്യുതിവിതരണം നടത്തിയിരുന്നത്‌. ലാഭത്തിലുള്ള ഈ കമ്പനി 2009ൽ സ്വകാര്യവൽക്കരിക്കാൻ നീക്കമുണ്ടായി. ബില്ലിങ്ങിന്റെയും കണക്ഷന്റെയും ഉത്തരവാദിത്വം ടൊറന്റ്‌ പവർ എന്ന സ്വകാര്യ കമ്പനിക്ക്‌ കൈമാറാനായിരുന്നു ശ്രമം. ഇവിടെയും ജീവനക്കാരുടെ ചെറുത്തുനിൽപ്പിൽ നീക്കം പാളി. നിലവിൽ യുപിയിൽ ആഗ്രയിൽ മാത്രമാണ്‌ വൈദ്യുതി വിതരണം സ്വകാര്യമേഖലയിലുള്ളത്‌. ടൊറന്റ്‌ കമ്പനിക്കാണ്‌ ആഗ്രയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല. കേന്ദ്രം ഇപ്പോൾ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്ലിനെതിരായും ശക്തമായ എതിർപ്പാണ്‌ യുപിയിലെ വൈദ്യുതി ജീവനക്കാർ ഉയർത്തുന്നത്‌.

രാജ്യവ്യാപക പ്രതിഷേധം
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ–-കർഷക വിരുദ്ധ–-തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ കർഷകരും കർഷകത്തൊഴിലാളികളും രാജ്യവ്യാപകമായി പ്രതിഷേധിച്ചു. സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനുകളാണ്‌ ‘ക്വിറ്റ്‌ ഇന്ത്യ’ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്‌. വിനാശകരമായ വൈദ്യുതി ബിൽ പിൻവലിക്കണമെന്ന്‌ സംഘടനകൾ ആവശ്യപ്പെട്ടു. സമരകേന്ദ്രങ്ങളിൽ ബില്ലിന്റെ പകർപ്പ്‌ കത്തിച്ചു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധ യോഗം സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്‌ഘാടനം ചെയ്‌തു. കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, സിഐടിയു ഡൽഹി സംസ്ഥാന പ്രസിഡന്റ് വീരന്ദർ ഗൗർ എന്നിവർ സംസാരിച്ചു.

ഡൽഹി ജന്തർ മന്തറിൽ  വൈദ്യുതി ഭേദഗതി ബില്ലിന്റെ പകർപ്പ് കത്തിച്ച് 
പ്രതിഷേധിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും 
സിഐടിയു ജനറൽ സെക്രട്ടറി തപൻ സെന്നും

ഡൽഹി ജന്തർ മന്തറിൽ വൈദ്യുതി ഭേദഗതി ബില്ലിന്റെ പകർപ്പ് കത്തിച്ച് 
പ്രതിഷേധിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും 
സിഐടിയു ജനറൽ സെക്രട്ടറി തപൻ സെന്നും

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top