29 March Friday
നിയമസാധുത ചോദ്യം ചെയ്‌തുള്ള ഹർജികൾ 
 മാർച്ച്‌ മൂന്നാം വാരം സുപ്രീംകോടതി പരിഗണിക്കും

ഇലക്ടറൽ ബോണ്ട്‌ : ഹർജികൾ മൂന്നായി 
തരംതിരിച്ച്‌ പരിഗണിക്കും : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


ന്യൂഡൽഹി
ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നായി തരംതിരിച്ച്‌ സുപ്രീംകോടതി. ഒരോവിഭാഗം ഹർജിയും വ്യത്യസ്‌ത ബെഞ്ചുകൾ പരിഗണിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അറിയിച്ചു. മൂന്ന്‌ വിഭാഗമായി, പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്യുന്ന ഹർജികൾ മാർച്ച്‌ മൂന്നാംവാരവും രാഷ്ട്രീയപാർടികളെ വിവരാവകാശനിയമത്തിന്‌ കീഴിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെടുന്നവ ഏപ്രിൽ ആദ്യവാരത്തിലും വിദേശസംഭാവന നിയന്ത്രണചട്ടം ധനനിയമങ്ങളിലൂടെ  ഭേദഗതി ചെയ്‌തതിന്‌ എതിരായവ ഏപ്രിൽ മധ്യത്തോടെയും പരിഗണിക്കും.

കേസിൽ കേന്ദ്രസർക്കാർ നേരത്തേ എതിർസത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിൽ പറയാത്തവകൂടി ഉൾപ്പെടുത്തി ഫെബ്രുവരി അവസാനത്തിനുള്ളിൽ അനുബന്ധസത്യവാങ്‌മൂലം സമർപ്പിക്കാൻ സുപ്രീംകോടതി സർക്കാരിന്‌ അവസരം നൽകി.
ഇലക്ടറൽ ബോണ്ട്‌ ജനാധിപത്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ചൂണ്ടിക്കാണിച്ച്‌ സിപിഐ എം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്‌ (എഡിആർ) തുടങ്ങിയ കക്ഷികൾ സമർപ്പിച്ച ഹർജികളാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌.

ഹർജികൾ ഭരണഘടനാബെഞ്ചിന്‌ വിടണമെന്ന്‌ എഡിആറിനു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത്‌ഭൂഷൺ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിനുമുമ്പ്‌ പ്രാഥമിക വാദംകേൾക്കൽ ആവശ്യമാണെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top