26 April Friday

ഇലക്ടറൽ ബോണ്ട്‌ 
വീണ്ടും നാളെമുതൽ; വിതരണം സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ

പ്രത്യേക ലേഖകൻUpdated: Saturday Dec 3, 2022

ന്യൂഡൽഹി
രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന നൽകാനുള്ള ഇലക്ടറൽ ബോണ്ടുകളുടെ 24–-ാം  ഘട്ടം തിങ്കളാഴ്‌ചമുതൽ 12 വരെ  വിതരണം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലായി എസ്‌ബിഐയുടെ 29 ശാഖ വഴിയാണ്‌ നൽകുക.

വ്യക്തികളും സ്ഥാപനങ്ങളും വാങ്ങിനൽകുന്ന ബോണ്ടുകൾ രാഷ്‌ട്രീയ പാർടികൾ 15 ദിവസത്തിനകം അവരവരുടെ അക്കൗണ്ടുകൾവഴി പണമായി മാറ്റിയെടുക്കണം. 1000, 10,000, ലക്ഷം, 10 ലക്ഷം, കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകളാണ്‌ എസ്‌ബിഐ ശാഖകൾ വഴി വിൽക്കുക.
അഴിമതിക്ക്‌ നിയമപരിരക്ഷ നൽകാനുള്ള  സംവിധാനമാണ്‌ ഇലക്ടറൽ ബോണ്ടെന്നു കാണിച്ച്‌ സിപിഐ എം നൽകിയ ഹർജിയിൽ സുപ്രീംകോടതി ഈയാഴ്‌ച വാദം കേൾക്കാനിരിക്കുകയാണ്‌. ബോണ്ടുകൾ സ്വീകരിക്കില്ലെന്നും സിപിഐ എം  വ്യക്തമാക്കി. ഇതുവരെ 12,000ൽപ്പരം കോടി രൂപയുടെ ബോണ്ടുകൾ വിറ്റുപോയതിൽ 75 ശതമാനവും ബിജെപിക്കാണ്‌ ലഭിച്ചത്‌.

സംഭാവന ആരിൽനിന്ന്‌ ലഭിച്ചെന്ന്‌ വെളിപ്പെടുത്തണ്ട എന്നതാണ്‌ സംവിധാനത്തെ രാഷ്‌ട്രീയ അഴിമതിയുടെ പര്യായമാക്കുന്നത്‌. നേരിട്ട്‌ 20,000 രൂപയിൽ കൂടുതൽ സംഭാവന നൽകുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്തണം.ധനനിയമം, ജനപ്രാതിനിധ്യനിയമം, വിദേശ സംഭാവന നിയന്ത്രണനിയമം, റിസർവ്‌ ബാങ്ക്‌ നിയമം, ആദായനികുതി നിയമം എന്നിവ 2017ൽ ഭേദഗതി ചെയ്‌താണ്‌ മോദി സർക്കാർ ഇലക്ടറൽ ബോണ്ടുകൾക്ക്‌ കളമൊരുക്കിയത്‌. വിദേശസംഭാവന നിയന്ത്രണനിയമ ഭേദഗതിവഴി വിദേശ കമ്പനികൾക്കും രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന നൽകാൻ വ്യവസ്ഥയുണ്ടാക്കി.

   അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്‌ (എഡിആർ) റിപ്പോർട്ടു പ്രകാരം 2018 മാർച്ച്‌ മുതൽ 2022 ഒക്ടോബർവരെ ആകെ 174 കോടി രൂപയാണ്‌ ഗുജറാത്തിലെ  രാഷ്ട്രീയ പാർടികൾക്ക്‌ ഇലക്ടറൽ ബോണ്ടുകൾവഴി ലഭിച്ചത്‌. ഇതിൽ 163 കോടി രൂപയും ലഭിച്ചത്‌ ബിജെപിക്കാണ്‌. 10.5 കോടി രൂപ കോൺഗ്രസിന്‌ കിട്ടി. എഎപിക്ക്‌ കിട്ടിയത്‌ 32 ലക്ഷം രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top