20 April Saturday

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു

പ്രത്യേക ലേഖകൻUpdated: Monday Jan 30, 2023

മുഹമ്മദ് ഫൈസൽ


ന്യൂഡൽഹി   
അസാധാരണ തിടുക്കത്തോടെ പ്രഖ്യാപിച്ച ലക്ഷദ്വീപ്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ മരവിപ്പിച്ചു. എംപിയായിരുന്ന പി പി  മുഹമ്മദ്‌ ഫൈസലി(എൻസിപി)നെ വധശ്രമക്കേസിൽ 11ന്‌ കവരത്തി കോടതി തടവ്‌ശിക്ഷയ്‌ക്ക്‌ വിധിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. എന്നാൽ സെഷൻസ്‌ കോടതിയുടെ വിധിയും ശിക്ഷയും 25ന്‌ കേരള ഹൈക്കോടതി സസ്‌പെൻഡ്‌ ചെയ്‌തു. ഇതേ തുടർന്നാണ്‌ 18ന്‌ ഇറക്കിയ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം കമീഷൻ മരവിപ്പിച്ചത്‌. ഫെബ്രുവരി 27ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്താനായിരുന്നു തീരുമാനം.

മുഹമ്മദ്‌ ഫൈസലിനെതിരായ ശിക്ഷ തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവിനെതിരെ  ലക്ഷദ്വീപ്‌ അധികൃതർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചില്ല.  ഹർജി ഉടനടി പരിഗണിക്കണമെന്ന് ലക്ഷദ്വീപിന്‌ വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ആവശ്യപ്പെട്ടു. ഫെബ്രുവരി ആറിന്‌ ലിസ്‌റ്റ്‌ ചെയ്യാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പ്രതികരിച്ചു. 

സെഷൻസ്‌  കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി പരിഗണിക്കവെയാണ്‌ തിരക്കിട്ട്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. അംഗത്തിന്റെ സ്ഥാനം നഷ്ടമായാലോ മരിച്ചാലോ ആറ്‌ മാസത്തിനകം ഒഴിവ്‌ നികത്തിയാൽ മതി. എന്നാൽ കമീഷൻ ഏഴാംദിവസം ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ്‌ നടപടി മരവിപ്പിച്ച പശ്‌ചാത്തലത്തിൽ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയ ഉത്തരവും പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ മുഹമ്മദ്‌ ഫൈസലും എൻസിപി നേതാവ്‌ ശരത്‌ പവാറും തിങ്കളാഴ്‌ച ലോക്‌സഭാ സ്‌പീക്കറുമായി ചർച്ച നടത്തി. കോടതിവിധികൾ സൂചിപ്പിച്ച്‌ കത്തും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top