15 September Monday

ഇഡി വേട്ട : ആം ആദ്‌മി എംപി സഞ്‌ജയ്‌ സിങ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023


ന്യൂഡൽഹി
മദ്യനയ അഴിമതി ആരോപിച്ചുള്ള കേസിൽ ആം ആദ്‌മി നേതാവും രാജ്യസഭാ എംപിയുമായ സഞ്‌ജയ്‌ സിങ്ങിനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അറസ്റ്റ്‌ ചെയ്‌തു. ബുധൻ രാവിലെ ഏഴുമുതൽ സഞ്‌ജയ്‌ സിങ്ങിന്റെ വസതിയിൽ ഇഡി റെയ്‌ഡ്‌ നടത്തി. അദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. വൈകിട്ട്‌ അറസ്റ്റ്‌ രേഖപ്പെടുത്തി. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും.

ആം ആദ്‌മി നേതാവും മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിനിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞവർഷം മേയിൽ ഇഡി അറസ്റ്റ്‌ ചെയ്‌തിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ ഉപ മുഖ്യമന്ത്രി മനീഷ്‌ സിസോദിയ ഫെബ്രുവരിയിലും അറസ്റ്റിലായി. കേസിൽ പ്രതിയും പിന്നീട്‌ മാപ്പുസാക്ഷിയുമായ ദിനേശ്‌ അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ സഞ്‌ജയ്‌ സിങ്ങിനെ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ ഇഡി അറിയിച്ചു.  സഞ്ജയ്‌ സിങ്ങിന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കെന്ന പേരിൽ ദിനേശ്‌ 82 ലക്ഷം രൂപയുടെ ചെക്കുകൾ സിസോദിയക്ക്‌ കൈമാറിയതായും ഇഡി ആരോപിച്ചു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച അഞ്ച്‌ കുറ്റപത്രത്തിലും സഞ്‌ജയ്‌ സിങ്ങിന്റെ പേരുണ്ടായിരുന്നില്ല.  മോദി സർക്കാരും അദാനിയുമായുള്ള ബന്ധം പാർലമെന്റിൽ സഞ്ജയ്‌ തുറന്നുകാട്ടിയതിന്റെ പ്രതികാരമാണ്‌ അറസ്‌റ്റെന്ന്‌ ആം ആദ്‌മി ആരോപിച്ചു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട്‌ ആയിരക്കണക്കിനു റെയ്‌ഡ്‌ നടത്തിയ ഇഡിക്ക്‌ ഇതുവരെ അനധികൃതമായി സമ്പാദിച്ച ഒറ്റരൂപപോലും കണ്ടെത്താനായില്ലെന്ന്‌ കെജ്‌രിവാൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top